Congestion | പെരിന്തൽമണ്ണയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; പ്രതിഷേധം


പെരിന്തൽമണ്ണ:(KVARTHA) അങ്ങാടിപ്പുറം മുതൽ ജൂബിലി ജംഗ്ഷൻ വരെയുള്ള ദേശീയപാത 966-ൽ രൂക്ഷമായ ഗതാഗതക്കുരുക്ക് നിലനിൽക്കുന്ന സാഹചര്യം രൂക്ഷമായിരിക്കുകയാണ്. മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് ജനജീവനത്തെ ദുരിതത്തിലാക്കിയിരിക്കുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി (The Welfare Party) രംഗത്തെത്തി.
പാർട്ടി പ്രവർത്തകർ 'അങ്ങാടിപ്പുറം വഴി പെരിന്തൽമണ്ണയിലേക്ക് വരുന്നവർ ആവശ്യമുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതണം' എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഓരോടംപാലം-മാനത്തുമംഗലം ബൈപ്പാസ് പദ്ധതി നടപ്പിലാക്കാത്തതിനെതിരെയുള്ള പ്രതിഷേധമാണിത്. 2010-ൽ അനുമതി ലഭിച്ച പദ്ധതി ഇതുവരെ നടപ്പിലാകാത്തത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നുവെന്ന് പാർട്ടി ആരോപിച്ചു.
ഓരോടംപാലം - മാനത്തുമംഗലം ബൈപ്പാസിന് എന്താണ് സർക്കാരേ തടസ്സം' എന്ന തലക്കെട്ടോട്കൂടി വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായിരുന്നു ഈ പ്രതിഷേധം. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ നിർവഹിച്ചു.
ആംബുലൻസുകൾ പോലും ഗതാഗതക്കുരുക്കിൽ പെടുന്നത് നിരവധി ജീവനുകൾക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി വെൽഫെയർ പാർട്ടി കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് അറിയിച്ചു.
2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തീകരിച്ച് സർവേ കല്ലുകൾ നാട്ടുകയും ചെയ്ത ഒരേടം പാലം മാനത്തു മാംഗലം ബൈപ്പാസ് പദ്ധതി ഭരണകൂടത്തിന്റെ അവഗണന മൂലം നടപ്പിലാകാതെ കിടക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകൾ സ്ഥിതിചെയ്യുന്നത് പെരിന്തൽമണ്ണയിലേക്കുള്ള ആംബുലൻസുകൾ അടക്കം ഗതാഗതകുരുക്കിൽപ്പെട്ട് നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
പഠനവും ജോലിക്കുമടക്കം പോകുന്ന യാത്രക്കാർ വാഹനത്തിൽ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യത്യസ്ത സമയങ്ങളിൽ വെൽഫെയർ പാർട്ടി ശക്തമായ സമരവുമായി മുന്നോട്ടു പോയിട്ടുണ്ട്. കൂടുതൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും നൗഷാദ് ചുള്ളിയൻ പറഞ്ഞു.
ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ആരിഫ് ചുണ്ടയിൽ, ഡാനിഷ് മങ്കട, സൈതാലി വലമ്പൂർ, അബൂബക്കർ പി ട്ടി, നിസാമുദ്ദീൻ പി പി, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
ഷെയ്ക്ക് മുത്തൂട്ടി, റമീസ് ഏറനാട്, ഇക്ബാൽ വലമ്പൂർ, സാദിഖ് തിരൂർക്കാട്, അബ്ദുല്ല അരംഗത്ത്, മനാഫ് തോട്ടോളി എന്നിവർ നേതൃത്വം നൽകി.