Governor | ഇങ്ങനെയാകണം ഗവർണർ; നട്ടെല്ലുള്ള ആരിഫ് മുഹമ്മദ് ഖാൻ തുടരുമ്പോൾ ജനം ഏറെ സന്തോഷിക്കുന്നു

 

 
people very happy when arif muhammad khan continues as gover
people very happy when arif muhammad khan continues as gover


മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചും സർക്കാരിനെ ഔദ്യോഗിക കാര്യങ്ങളിൽ പോലും മുൾ മുനയിൽ നിർത്തിയും ഗവർണർ സമ്മർദത്തിലാക്കി

ഡോണൽ മുവാറ്റുപുഴ

(KVARTHA) ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തുടർന്നും അഞ്ച് വർഷം കൂടി പദവി നീട്ടികൊടുക്കാൻ കേന്ദ്ര ഗവൺമെൻ്റ് നീക്കം നടത്തുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ. ഇത് ഏറെ സന്തോഷിപ്പിക്കുന്നത് ഇവിടുത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനത്തെയാണ്. ഒരു ഗവർണർ  എങ്ങനെയാവണം എന്നത് കേരളത്തിലെ ജനതയ്ക്ക് കാട്ടിക്കൊടുത്ത ഒരു ഗവർണർ കൂടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വീണ്ടും ഇവിടെ ഗവർണർ  എന്നുള്ള നിലയിൽ തുടർഭരണം ലഭിക്കുമ്പോൾ അതിൽ ഏറെ സന്തോഷിക്കുന്നതും ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾ തന്നെയാണ്. 

ഇവിടെ സംസ്ഥാന സർക്കാരിൻ്റെ ദുഷ് ചെയ്തികൾക്കെതിരെ ഇവിടുത്തെ പ്രതിപക്ഷം പോലും നാവടക്കി നിന്നപ്പോൾ ഒരു പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനത്തു നിന്ന് പ്രതികരിക്കാൻ തയാറായതും ആരിഫ് മുഹമ്മദ് ഖാൻ ആണ്. ഗവർണറിൽ ഒരു പ്രതിപക്ഷ നേതാവിനെയാണ് ജനം കണ്ടത്. സംസ്ഥാന സർക്കാരുമായി രാഷ്ട്രീയ പരമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ഗവർണർക്ക് സംസ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയ പക്ഷപാദിത്വത്തോടെയുള്ള പല നടപടികൾക്കും തടയിടാനും കഴിഞ്ഞു എന്നതാണ് സത്യം. തൻ്റെ ശൈലി എന്നും ഇങ്ങനെയാണെന്നും ഒരിക്കലും അതിന് മാറ്റം ഉണ്ടാകില്ലെന്നും പറയുന്ന കേരളാ മുഖ്യൻ പിണറായി വിജയന് ഗവർണറുടെ മുന്നിൽ പലപ്പോഴും മുട്ടുമടക്കേണ്ടി വരുന്ന കാഴ്ചയാണ് ജനം കണ്ടത്. 

മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചും സർക്കാരിനെ ഔദ്യോഗിക കാര്യങ്ങളിൽ പോലും മുൾ മുനയിൽ നിർത്തിയും ഗവർണർ സമ്മർദത്തിലാക്കിയപ്പോൾ ഗവർണർ ഒരു പ്രതിപക്ഷ നേതാവിൻ്റെ റോൾ ഏറ്റെടുക്കുന്നതുപോലെയാണ് കേരളീയ ജനതയ്ക്ക് തോന്നിയത്. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചു വെച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവർണർ തൻ്റെ പ്രതിഷേധം ഇവിടുത്തെ സർക്കാരിനോട് പരസ്യപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിയ്ക്ക് നേരെ തിരിഞ്ഞ് ഒന്ന് സംസാരിക്കുവാൻ പോലും ഭയപ്പെട്ടിരുന്ന ഇവിടുത്തെ പ്രതിപക്ഷ നേതാക്കന്മാരും അദ്ദേഹത്തിൻ്റെ പാർട്ടിയിലെ നേതാക്കന്മാരും ഒക്കെ ഇത് അത്ഭുതത്തോടെയാണ് കണ്ടത്. 

സർക്കാർ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ വസതിയിൽ കയറി ഇറങ്ങി നടക്കേണ്ട കാഴ്ച ഏവരെയും രസിപ്പിച്ചു എന്ന് തന്നെ പറയാം. ശരിക്കും കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്ന് മുട്ടുമടക്കിയിട്ടുണ്ടെങ്കിൽ അത് ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നിൽ മാത്രമാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടി വരും. ആരെയും കൂസാതെ നടക്കുന്ന മുഖ്യമന്ത്രി ഒരു പരിധിവരെ പിടിച്ചുകെട്ടുന്ന നയമാണ് ഗവർണർ തുടർന്നത്. ഒപ്പം തന്നെ ഗവർണറുടെ പത്രാസ് ഒന്നും ഇല്ലാതെ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നു. സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ ഒറ്റയ്ക്ക് പൊതു നിരത്തിൽ ഇറങ്ങി പ്രതിക്ഷേധിച്ചു. 

കോഴിക്കോട്ടെ മിഠായി തെരുവിലൂടെ സ്വതന്ത്രമായി ഇറങ്ങി സഞ്ചരിച്ചു. സാധാരണക്കാരൻ്റെ കടയിൽ കയറി ചായ കുടിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് അവിടുത്തെ ജനത്തെ ചേർത്തു നിർത്തി. കൃത്യമായി പറഞ്ഞാൽ ഗവർണറും ജനങ്ങളും തമ്മിലുള്ള അകലം ഇവിടെ കുറയുന്നതാണ് കണ്ടത്. ഇപ്പോൾ ഇവിടുത്തെ സർക്കാരിന് അദ്ദേഹം കണ്ണിലെ കരട് ആണെങ്കിലും സർക്കാരിൻ്റെ പാർട്ടിയിലെ വലിയൊരു വിഭാഗം ജനങ്ങൾ  ഗവർണറെ സ്നേഹിക്കുന്നുണ്ടെന്നതാണ് സത്യം. ജാതി മത രാഷ്ട്രീയത്തിന് അതീതമായി ഗവർണർ ഇവിടുത്തെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയായിരുന്നു. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നിലും ഗവർണറുടെ ഇവിടുത്തെ നയങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. 

ഇവിടുത്തെ ബി.ജെ.പി നേതാക്കളിൽ സുരേഷ് ഗോപിയെപ്പോലെ തന്നെ ആരിഫ് മുഹമ്മദ് ഖാനെയും ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ടെന്നതാണ് വാസ്തവം. അതിൻ്റെ കൂടി പ്രതിഫലനമാകാം ലോക്സഭാ തെരഞ്ഞെടുപ്പിൽ താമര വിരിയാൻ കാരണമായത്. അതുകൊണ്ട് തന്നെയാവാം ഗവർണറെ ഒരിക്കൽ കൂടി ഇവിടെ നിർത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഒരു ഗവർണറുടെ കാലാവധി അഞ്ച് വർഷമാണ്. സമീപ കാലത്ത് ഒരു ഗവർണർക്കും ഒരു സംസ്ഥാനത്തും രണ്ട് ടേം ഉണ്ടായിട്ടില്ല. 

ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ വീണ്ടും തുടരുമ്പോൾ ആ ബഹുമതി അദ്ദേഹത്തിന്  മാത്രം സ്വന്തമാകും. എന്ത് പറഞ്ഞാലും നട്ടെല്ലുള്ള ഗവർണർ തന്നെയാണ് ആരീഫ് മുഹമ്മദ് ഖാൻ. ഇനിയും ഒരു അഞ്ച് വർഷക്കാലം ഇവിടുത്തെ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനുമായിരിക്കാൻ ഗവർണർക്ക് കഴിയട്ടെ. ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ്റെ രണ്ടാം വരവിൽ ഏറെ സന്തോഷിക്കുന്നതും ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾ തന്നെ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia