Criticism | 400 കുടുംബങ്ങളിലെ പെൺകുട്ടികൾ 'ലൗ ജിഹാദി'ന് ഇരയായിട്ടുണ്ടെങ്കിൽ പി സി ജോർജ് ആ കുടുംബാംഗങ്ങളെ ചേർത്ത് ഡൽഹിയിൽ ഒരു മാർച്ച് നടത്തണം; കഴിയുമോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇരയായെന്ന് പറയുന്ന പെൺകുട്ടികളുടെ വിവരങ്ങൾ പുറത്തുവിടണം
● പി.സി ജോർജിന്റെ മകന്റെ വിവാഹം തന്നെ ഹിന്ദുമതത്തിൽ നിന്ന് മതം മാറ്റി
● മുസ്ലിം വിരുദ്ധ പരാമർശങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളത്
സോണി കല്ലറയ്ക്കൽ
(KVARTHA) പി.സി ജോർജ് മുസ്ലിങ്ങൾക്കെതിരെയുള്ള വർഗീയ പരാമർശം നിരന്തരം തുടർന്നുകൊണ്ടിരിക്കുകയാണ്. കോടതിയെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലേയ്ക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ഇപ്പോൾ അദ്ദേഹം നടത്തിയ വലിയ പരാമർശം മീനച്ചിൽ താലൂക്കിലെ 400 കുടുംബങ്ങളിലെ പെൺകുട്ടികൾ കഴിഞ്ഞ കാലങ്ങളിൽ ലൗ ജിഹാദിന് ഇരയായിട്ടുണ്ടെന്നുള്ളതാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ 24 വയസ്സിന് മുൻപ് വിവാഹം കഴിച്ച് അയയ്ക്കണമെന്നും പി.സി ജോർജ് ക്രിസ്ത്യാനികൾക്ക് ഉപദേശവും കൊടുക്കുന്നു.
പി.സി ജോർജ് ഇത്തരത്തിൽ ഉപദേശം അല്ല കൊടുക്കേണ്ടത്. പി.സി ജോർജിൻ്റെ പാർട്ടിയായ ബി.ജെ.പിയാണ് കേന്ദ്രം ഭരിക്കുന്നത്. അതിനാൽ ലൗ ജിഹാദിന് പിന്നിൽ പി.സി ജോർജ് സംശയിക്കുന്നവർ ആരാണോ അവർക്കെതിരെ 400 കുടുംബാംഗങ്ങളെയും ചേർത്ത് കേന്ദ്രത്തിന് നേരെ ഒരു മാർച്ച് സംഘടിപ്പിക്കുകയാണ് വേണ്ടത്. ലൗ ജിഹാദിന് വിധേയരായ കുടുംബങ്ങളിലെ ആളുകളെ പി.സി ജോർജിന് കിറു കൃത്യമായി അറിയാവുന്നതിനാൽ തന്നെ മാർച്ചിൽ ആളെ പങ്കെടുപ്പിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകില്ല. അല്ലെങ്കിൽ പി സി ജോർജ് സ്വന്തം സമുദായത്തെ ആക്ഷേപിക്കുന്നതിന് തുല്യമാകും.
പി സി ജോർജ് ആത്മാർത്ഥമായി ആണ് ഇക്കാര്യം പറയുന്നതെങ്കിൽ ഇതുപോലുള്ള സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ ക്രിസ്ത്യൻ സമുദായത്തെ അപമാനിക്കുന്നതാണ് പി.സി ജോർജിൻ്റെ പണി എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ഇത്തരം പ്രസ്താവനകളുമായി മാത്രം ഒതുങ്ങുന്ന പി.സി ജോർജിനെതിരെ ക്രിസ്ത്യൻ സമൂഹം രംഗത്ത് വരികയും ചെയ്യണം. ഇദ്ദേഹം പറയുന്ന പെൺകുട്ടികൾക്ക് ജനിച്ച വീടും അഡ്രസും ഒക്കെ ഉണ്ടല്ലോ. അത് ആദ്യം പുറത്തുവിടുകയാണ് പി.സി ജോർജ് ചെയ്യേണ്ടത്.
ഇപ്പോൾ ക്രിസ്ത്യൻ ആണുങ്ങളിൽ വളരെയധികം പേർ വിവാഹം കഴിക്കാതെ നിൽക്കുന്നുണ്ട്. അത് ക്രിസ്ത്യൻ പെൺകുട്ടികളുടെ മാതാപിതാക്കളുടെ കുഴപ്പമാണ്. അത് മറ്റ് മതസ്ഥരുടെ കുഴപ്പം കൊണ്ട് അല്ലെന്ന് മനസ്സിലാക്കുക. ക്രിസ്ത്യൻ പെൺകുട്ടികളുടെയും വീട്ടുകാരുടെയും ഒടുക്കത്തെ ഡിമാൻ്റ് പറച്ചിൽ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അപ്പോഴാണ് വെറുതെ കാണുന്നവൻ്റെ കൂടെ പെണ്ണ് ഇറങ്ങി പോകുന്നത് എന്ന് പി.സി ജോർജ് പറയുന്നത്. വിരലിൽ എണ്ണാവുന്നവർ പോയിട്ടുണ്ടാകും. ഇല്ലെന്നല്ല. അത് ഒരു മതത്തിൽ മാത്രമല്ല, എല്ലാ മതത്തിലും സംഭവിക്കുന്നുണ്ട്.
പ്രണയത്തിന് കണ്ണും കാതും മൂക്കും ഒന്നും ഇല്ല. ഇതിനെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യവുമില്ല. ഏറ്റവും അധികം മതപരിവർത്തനം നടക്കുന്നത് ഹിന്ദുക്കളിൽ നിന്ന് ക്രിസ്ത്യൻ സമുദായത്തിലേയ്ക്കാണ്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജിൻ്റെയും നടൻ ജഗതി ശ്രീകുമാറിൻ്റെയും മകൾ പാർവതിയുടെയും വിവാഹം. പാർവതിയെ ക്രിസ്ത്യൻ സമുദായത്തിൽ മാമ്മോദീസ കൊടുത്തു മുക്കിയിട്ട് അൽഫോൻസ എന്ന പേരു നൽകിയിട്ടാണ് ഷോൺ അവരെ വിവാഹം ചെയ്തത്. ഇവരെ ഒരിക്കലും സ്വന്ത്രമായി വിടുകയല്ല പി.സി ജോർജ് ചെയ്തത്.
അപ്പോൾ ഇത് ഏത് മതപരിവർത്തനത്തിൻ്റെ പട്ടികയിൽ വരും എന്നും ആലോചിക്കണം. സ്വന്തം കുടുംബത്തിൽ നടക്കുന്നത് കുറ്റമല്ല, മറ്റു കുടുംബങ്ങളിൽ ഇതുപോലെയുള്ളത് നടക്കുമ്പോൾ കുറ്റവുമാകുന്നത് എങ്ങനെയെന്ന് പൊതുസമൂഹം ആലോചിക്കണം. ഒരു ക്രിസ്ത്യൻ സമുദായത്തിലോ അല്ലെങ്കിൽ മുസ്ലിം സമുദായത്തിലോ ആണെങ്കിൽ മറ്റ് മതത്തിൽ നിന്ന് ഒരു ആൺ ഒരു പെൺകുട്ടിയെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ ആ പെൺകുട്ടിയെ വിവാഹം കഴിക്കണമെങ്കിൽ പെൺകുട്ടിയെ വരൻ്റെ മതത്തിൽ ചേർത്താൽ മാത്രമേ നടക്കു. അല്ലാത്തവ ഇരു സമുദായങ്ങളിലും അംഗീകരിക്കപ്പെടുന്നതല്ല. അതാണ് ഷോൺ ജോർജിൻ്റെ കാര്യത്തിലും സംഭവിച്ചത്.
ഇത് മുസ്ലിമിന് മാത്രമല്ല ബാധകം, ക്രിസ്ത്യാനികൾക്കും ബാധകം തന്നെയാണ്. അതിനെ ലൗ ജിഹാദ് എന്നും പറഞ്ഞ് ഒരു സമുദായത്തിൻ്റെ പിടലിക്ക് കെട്ടിവെയ്ക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. മുൻപ് മുസ്ലിങ്ങൾക്കെതിരെ വിവാദപരാമർശം നടത്തി അറസ്റ്റും തുടർന്ന് ജാമ്യവും നേടി വന്നയാളാണ് പി.സി ജോർജ്. ശാരീരിക അസ്വാസ്ഥ്യം എന്ന് പറഞ്ഞ് അറസ്റ്റിന് ശേഷം ഹോസ്പിറ്റലിലും ആയിരുന്നു. ഇപ്പോൾ വൈകാതെ അടുത്ത വിവാദ പരാമർശവുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ ശരീരത്തിന് യാതൊരു കുഴപ്പവും ഇല്ല. ഇത് മനസ്സിലാക്കേണ്ടത് ഇവിടുത്തെ നീതിന്യായ കോടതികളാണ്.
ഒരു രാജ്യത്ത് ഒരാൾക്ക് എന്തുമാകാമെന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ പോകുന്നതിൽ കോടതിയുടെ വലിയ ഇടപെടൽ ആവശ്യം തന്നെയാണ്. മനസ്സിലാക്കേണ്ടത് പി.സി ജോർജിന് പിന്നിൽ ഇക്കാര്യത്തിൽ ആരൊക്കെയോ ഉണ്ടെന്നുള്ളതാണ്. ഒപ്പം തന്നെ മുസ്ലിങ്ങളെ ആക്ഷേപിച്ച് ബി.ജെ.പിയെ ആവോളം പ്രീതിപ്പെടുത്താൻ പി.സി ജോർജ് ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനികളുടെ ആഗോള രക്ഷകൻ്റെ പരിവേഷം കെട്ടി കേന്ദ്രത്തിൽ നിന്നും വലിയ സ്ഥാനമാനങ്ങൾ നേടാനാണ് പി.സി ജോർജ് ലക്ഷ്യമിടുന്നതെന്നും അറിയാം. ഒപ്പം കാസപോലെയുള്ള ക്രിസ്ത്യൻ വർഗ്ഗിയ സംഘടനകളെ കൂടെ നിർത്തുകയും ചെയ്യണം.
ഇനി ഒരു തെരഞ്ഞെടുപ്പിൽ ജയിച്ച് ഏതെങ്കിലും സ്ഥാനത്ത് എത്താൻ കഴിയില്ലെന്ന് പി.സിയ്ക്ക് അറിയാം. ചുളുവിൽ സ്ഥാനം കിട്ടണമെങ്കിൽ ബി.ജെ.പി കനിയണം അതിനുള്ള ശ്രമമാണ് ഇപ്പോൾ പി.സി ജോർജ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് മുസ്ലിങ്ങളെയും മുസ്ലിം സമുദായത്തെയും ആവോളം ചീത്ത പറഞ്ഞാലെ മതിയാകു, അതായത് പി.സി ജോർജിന് ഒരു കാലത്ത് രക്ഷകരായി നിന്ന മുസ്ലിങ്ങളെ. ഇപ്പോൾ പെൻഷൻ മേടിച്ചു കൊണ്ടിരിക്കുന്നതും അവരുടെ കനിവിൽ ആയിരുന്നെന്ന് പി.സി ജോർജ് തിരിച്ചറിയുന്ന കാലത്ത് മാത്രമേ അദ്ദേഹത്തിന് ഇനി ഒരു രാഷ്ട്രീയ ഗതി ഉണ്ടാകു. അല്ലെങ്കിൽ ദൈവം പോലും ഇനി അദ്ദേഹത്തോട് ക്ഷമിച്ചെന്ന് വരില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
PC George calls for a march in Delhi involving 400 families allegedly affected by "Love Jihad," but some critics accuse him of insulting the Christian community.
#PCGeorge #LoveJihad #Controversy #ChristianCommunity #IndiaPolitics #ReligiousDebate
