HC Verdict | നിതീഷ് കുമാർ സർക്കാരിന് വൻ തിരിച്ചടി; ബിഹാറിൽ വിദ്യാഭ്യാസത്തിലും ജോലിയിലും 65 ശതമാനം സംവരണം ഹൈകോടതി റദ്ദാക്കി


പട്‌ന: (KVARTHA) ബിഹാറിലെ സർക്കാർ ജോലികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനത്തിനുള്ള സംവരണ പരിധി 50ൽ നിന്ന് 65 ശതമാനമായി ഉയർത്തിയ ബിഹാർ സംവരണ നിയമം പട്‌ന ഹൈകോടതി റദ്ദാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള മുമ്പത്തെ മഹാസഖ്യ സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇബിസി, ഒബിസി, ദളിത്, ആദിവാസി സംവരണം 65 ശതമാനമായി ഉയർത്തിയിരുന്നു.
ഇതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (മേൽജാതിക്കാർ) 10 ശതമാനം സംവരണം ഉൾപ്പെടെ ബിഹാറിലെ വിദ്യാഭ്യാസത്തിലും ജോലിയിലുമുള്ള സംവരണ 75 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ പല സംഘടനകളും ബിഹാർ സംവരണ നിയമത്തെ ഹൈകോടതിയിൽ ചോദ്യം ചെയ്ത് ഹർജി നൽകി. 50 ശതമാനത്തിൽ കൂടുതൽ സംവരണം നൽകേണ്ടതില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിഹാർ സംവരണ നിയമം ചോദ്യം ചെയ്യപ്പെട്ടത്.
ബിഹാറിലെ പുതിയ സംവരണ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 16 എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ്റെയും ജസ്റ്റിസ് ഹരീഷ് കുമാറിൻ്റെയും ബെഞ്ചാണ് ഇപ്പോൾ റദ്ദാക്കി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഹൈകോടതി വിധിയെ സംസ്ഥാന സർകാർ ഹൈക്കോടതിയുടെ വിശാല ബെഞ്ചിലോ സുപ്രീം കോടതിയിലോ ചോദ്യം ചെയ്ത് അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്.
ബിഹാർ സംവരണ നിയമത്തിനായി നിതീഷ് കുമാർ മഹാസഖ്യത്തിലിരിക്കുമ്പോഴും എൻഡിഎയിൽ തിരിച്ചെത്തിയപ്പോഴും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജാതി രാഷ്ട്രീയം നിർണായകമായ ബിഹാറിൽ ഹൈകോടതി വിധി മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.