CPM | 'പാർട്ടി നേതാക്കൾ അധികാര കേന്ദ്രമാവരുത്', സിപിഎം വടക്കൻ മേഖല തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ മുന്നറിയിപ്പ്
ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, പി.ജയരാജൻ, എം. വി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു
കണ്ണൂർ: (KVARTHA) 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാൻ കണ്ണൂർ നായനാർ അക്കാദമിയിൽ ചേർന്ന വടക്കൻ മേഖലാ യോഗത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭരണ പാളിച്ചകൾ തിരിച്ചടിയായെന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി നേതാക്കൾ സ്വയം അധികാര കേന്ദ്രമാവുന്ന പ്രവണത തിരിച്ചടിയായെന്നും ജനങ്ങളോട് അധികാര ഭാവമില്ലാതെ പെരുമാറണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോർട്ടിലും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിലും മുന്നറിയിപ്പ് നൽകി.
കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്നതിനിടെയാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം തന്നെയാണെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയത്. പാർട്ടിയോട് അടുത്തു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ വോട്ട് നഷ്ടപെട്ടു. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെക്കാൾ യു.ഡി..എഫിനെയാണ് വിശ്വസിച്ചത്. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഭരണ വിരുദ്ധ വികാരം കേരളത്തിലും ഉയർന്നുവെങ്കിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനാണ് ഇതു ഗുണം ചെയ്തതെന്നും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൻ്റെ ഭാഗമായി തെറ്റുതിരുത്തൽ മാർഗരേഖയും അവതരിപ്പിക്കുമെന്ന് കാരാട്ട് അറിയിച്ചു. ഏപ്രിലിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുമ്പോഴാണ് മാർഗരേഖ അവതരിപ്പിക്കുക. കേന്ദ്രകമ്മിറ്റി കരട് റിപ്പോർട്ട് ഏരിയ, ലോക്കൽ ബ്രാഞ്ച് അവലോകന സമ്മേളനങ്ങൾ ചർച്ച ചെയ്തതിനു ശേഷം വീണ്ടും കേന്ദ്ര കമ്മിറ്റിയിൽ അയക്കും. ഇവിടെ നിന്നും കോഡ്രീകരിച്ചാണ് തെറ്റുതിരുത്തൽ റിപ്പോർട്ട് അന്തിമ രൂപമുണ്ടാക്കി ഘടകങ്ങളിൽ ചർച്ചയ്ക്ക് വയ്ക്കുക. സംസ്ഥാന കമ്മിറ്റിക്കായി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൃത്യമായ നിലപാടാണ് അവലോകന റിപ്പോർട്ടിൽ സ്വീകരിച്ചത്.
മുകൾ തട്ടു മുതൽ താഴെ തട്ടിൽ വരെ പ്രവർത്തിക്കുന്ന സഖാക്കൾ അധികാര കേന്ദ്രമാകരുതെന്ന് ഗോവിന്ദൻ പറഞ്ഞു. തെറ്റു തിരുത്തുമെന്ന് വെറുതെ പറഞ്ഞാൽ പോര, അതു ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം. ബംഗാളിലും ത്രിപുരയിലും നമുക്കുണ്ടായ അനുഭവങ്ങൾ ഓർക്കണം ബി.ജെ.പിയിലേക്ക് വോട്ടുകൾ പോയാൽ പിന്നെ തിരിച്ചു വരില്ല. യു.ഡി.എഫിലേക്കാണ് നമ്മുടെ വോട്ടു പോയതെങ്കിൽ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാം. അതു മനസിലാക്കി വേണം നമ്മുടെ പ്രവർത്തനങ്ങൾ നടത്താൻ. സ്വർണക്കടത്ത്. ക്വട്ടേഷൻ സംഘങ്ങളുമായി ഒരു തരത്തിലും പാർട്ടി നേതാക്കളെ പ്രവർത്തകരോ ബന്ധപ്പെടാൻ പാടില്ല. അത്തരക്കാരുടെ മെമ്പർഷിപ്പ് പുതുക്കേണ്ടയെന്ന കർശന നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻമുന്നറിയിപ്പ് നൽകി.
കണ്ണൂർ ബർണശേരി നായനാർ അക്കാദമി ഹാളിൽ നടന്ന മേഖലാ യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ, എം. വി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു. ജൂലായ് മൂന്നിന് കോഴിക്കോട്, എറണാകുളം മേഖലകളിലും നാലിന് കൊല്ലത്തും അവലോകന യോഗം നടത്തും. കണ്ണൂരിൽ നടന്ന അവലോകനയോഗത്തിൽ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ ഉൾപ്പെടെ 600 പേരാണ് പങ്കെടുത്തത്.