Conditional Bail | ആര്‍ എസ് എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്: 17 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കി ഹൈകോടതി


കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് ഇനി ജയിലില്‍ കഴിയുന്നത്
എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ നേതാക്കളും പ്രവര്‍ത്തകരുമായ 40ലേറെ പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്
കൊച്ചി: (KVARTHA) പാലക്കാട്ടെ ആര്‍ എസ് എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 17 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കി ഹൈകോടതി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികള്‍ മാത്രമാണ് ഇവര്‍ക്കെതിരെയുള്ളത്.
കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് ഇനി ജയിലില്‍ കഴിയുന്നത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ നേതാക്കളും പ്രവര്‍ത്തകരുമായ 40ലേറെ പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അലി, അബ്ദുല്‍ കബീര്‍, സൈനുദ്ദീന്‍, ഉസ്മാന്‍, സിടി സുലൈമാന്‍, സാദിഖ്, ശിഹാസ്, മുജീബ്, മുബാറഖ്, നിശാദ്, റശീദ്, ഫിയാസ്, അക്ബര്‍ അലി, അശ് റഫ്, റിസ്വാന്‍, നജുമുദ്ദീന്‍, എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. വിചാരണ പൂര്‍ത്തിയാകാന്‍ ഏറെനാള്‍ എടുക്കുമെന്ന വാദമടക്കം കണക്കിലെടുത്താണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
പ്രതികളായ സദ്ദാം ഹുസൈന്‍, അശ് റഫ്, നൗശാദ്, കരമന അശ് റഫ് മൗലവി, അന്‍സാരി ഈരാറ്റുപേട്ട, മുഹമ്മദ് അലി, യഹിയ കോയ തങ്ങള്‍, റഊഫ്, സത്താര്‍ എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് തള്ളിയത്. ഇവര്‍ക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, ശ്യാംകുമാര്‍ വിഎം എന്നിവരുടെ ബെഞ്ച് ആണ് ഇവരുടെ ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്.
2022 ഏപ്രില്‍ 16നാണ് ആര്‍ എസ് എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ ശ്രീനിവാസന്‍ (44) കൊല്ലപ്പെട്ടത്. മൂന്ന് ബൈകുകളിലെത്തിയ സംഘം മേലാമുറിയിലെ എസ് കെ എസ് ഓടോസ് എന്ന സ്ഥാപനത്തില്‍ കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
പോപുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിന്നീട് എന്‍ ഐ എ കേസ് ഏറ്റെടുത്തു. രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചതിന് കാരണമായ കേസുകളിലൊന്ന് കൂടിയാണിത്. കേസിലെ ആദ്യ കുറ്റപത്രം എന്‍ഐഎ 2023 മാര്‍ചില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ടാമത്തെ കുറ്റപത്രം അതേവര്‍ഷം നവംബറിലും എന്‍ഐഎ സമര്‍പ്പിച്ചിരുന്നു.
എന്‍ ഐ എ കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എന്‍ ഐ എ ആണ് കുറ്റപത്രം നല്‍കിയത്. അന്വേഷണം എന്‍ ഐ എ യ്ക്ക് കൈമാറിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈകോടതി തളളിയിരുന്നു.