Political Shift | അൻവറിൻ്റെ പുത്തൻ മേക്ക് ഓവർ; തൃണമൂൽ വേഷം സിപിഎമ്മിനെയും കോൺഗ്രസിനെയും കുഴക്കുന്നു 

 
P.V. Anwar shifts to TMC, creating a political stir
P.V. Anwar shifts to TMC, creating a political stir

Photo Credit: Facebook/ PV Anvar

● നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിലാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. 
● 2015ൽ കേരളത്തിൽ പാർട്ടി രൂപീകരണത്തിനായി മഹുവ മൊയിത്ര ഉൾപ്പെടെയുള്ള നേതാക്കൾ കൊച്ചിയിലെത്തിയിരുന്നു. 
● 14 വർഷം നീണ്ട ഇടതുപക്ഷ ബന്ധമവസാനിപ്പിച്ചതോടെയാണ് പി വി അൻവറിന്റെ ടിഎംസി പ്രവേശം. 

കണ്ണൂർ: (KVARTHA) തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനമെടുത്ത് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ് പി വി അൻവർ. യുഡിഎഫിലേക്ക് പ്രവേശനം അത്ര എളുപ്പമല്ലെങ്കിലും അൻവറിനെ തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യമാണുള്ളത്. അൻവർ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹം അന്തരീക്ഷത്തിൽ നിലനിന്നിരുന്നുവെങ്കിലും കയ്യാലപ്പുറത്തെ തേങ്ങപ്പോലെ നിന്നിരുന്ന അൻവർ കോൺഗ്രസിനെ ബംഗാളിൽ സൈഡ് ലൈൻ ചെയ്ത തൃണമൂലിലേക്ക് മറുകണ്ടം ചാടുമെന്ന് കെപിസിസി നേതൃത്വം സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല

നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിലാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. ടിഎംസിയുമായി അടുത്തതിന് പിന്നാലെ പാർട്ടി മാറിയാൽ അയോഗ്യനാക്കപ്പെട്ടേക്കുമെന്നതാണ് രാജി പ്രഖ്യാപിക്കാൻ അൻവറിനെ നിർബന്ധിതനാക്കിയതെന്നാണ് വിവരം. കേരളത്തിൽ 10 വർഷം മുമ്പ് നടത്തിയ പാർട്ടി രൂപീകരണം പരാജയപ്പെട്ടതിന്റെ അനുഭവമുള്ളതിനാൽ അൻവറിനെ കോ-ഓഡിനേറ്ററായി നിയമിച്ചുകൊണ്ട് ജാ​ഗ്രതയോടെയുള്ള നീക്കമാണ് ടിഎംസി നടത്തുന്നത്. 

2015ൽ കേരളത്തിൽ പാർട്ടി രൂപീകരണത്തിനായി മഹുവ മൊയിത്ര ഉൾപ്പെടെയുള്ള നേതാക്കൾ കൊച്ചിയിലെത്തിയിരുന്നു. മുൻ എംഎൽഎ ജോസ് കുറ്റ്യാനിയെ ആയിരുന്നു അന്ന് ടിഎംസി സംസ്ഥാന അധ്യക്ഷനായി ചുമതലപ്പെടുത്തിയത്. പിന്നീട് അദ്ദേഹം രോ​ഗബാധിതനായതോടെ സാമ്പത്തിക ആരോപണങ്ങൾ ഉയരുകയും കമ്മിറ്റിയെ കേന്ദ്ര നേതൃത്വം മരവിപ്പിക്കുകയുമായിരുന്നു.

14 വർഷം നീണ്ട ഇടതുപക്ഷ ബന്ധമവസാനിപ്പിച്ചതോടെയാണ് പി വി അൻവറിന്റെ ടിഎംസി പ്രവേശം. 2016ൽ കോൺ​ഗ്രസിന്റെ തട്ടകമായ നിലമ്പൂർ മണ്ഡലത്തെ കൈക്കലാക്കിയതോടെയാണ് ഇടതുപക്ഷത്തിന് പി വി അൻവർ പ്രിയപ്പെട്ടവനായത്. അതേ ഇടതുപക്ഷത്തെ തന്നെ അതിരൂക്ഷമായി വിമർശിച്ച പി വി അൻവറിന്, 'വലതുപക്ഷത്തിന്റെ കൈയിലെ കോടാലി' എന്ന വിശേഷണമായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നൽകിയത്. 

കോൺ​ഗ്രസിൽ നിന്ന് രാഷ്ട്രീയ ജീവിതം തുടങ്ങിയ അൻവർ‌ തിരികെ കോൺ​ഗ്രസിലേക്ക് തന്നെ പോകുന്നുവെന്ന വാർത്തകൾ സജീവമായിരുന്നു. അൻവറിനു മുന്നിൽ വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. എന്നാൽ കോൺ​ഗ്രസിലേക്കുള്ള തിരിച്ചുവരവിൽ ജില്ലയിലെ പ്രധാന നേതാക്കൾ കൂടി കയ്യൊഴിഞ്ഞതോടെയാണ് അൻവർ ടിഎംസി എന്ന പാത തെരഞ്ഞെടുത്തത്. 

എന്നാൽ അൻവറിൻ്റെ ടിഎംസി യിലേക്കുള്ള കടന്നുവരവ് സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. ബംഗാളിൽ സിപിഎമ്മിനെ മുച്ചൂടും നശിപ്പിച്ച പാർട്ടിയാണ് മമതയുടെ തൃണമൂൽ. പാർട്ടി ഓഫിസുകൾ തകർത്തു, നേതാക്കളെ വേട്ടയാടി. ഇത്തരം ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്ന മമതയുടെ പാർട്ടിയുടെ കോർഡിനേറ്ററായി അൻവർ വരുമ്പോൾ പഴയ മൃദുസമീപനമായിരിക്കില്ല സിപിഎമ്മിൻ്റെത് എന്നാണ് സൂചന.

#PVAnwar #TMC #KeralaPolitics #PoliticalShift #Congress #CPM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia