Controversy | പി ശശി വീണ്ടും ആരോപണകുരുക്കിൽ; അൻവറിൻ്റെ വെളിപ്പെടുത്തലിൽ കണ്ണും നട്ട് സിപിഎം; മുഖ്യമന്ത്രി വീണ്ടും രക്ഷകനാവുമോ?
● പി ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
● താന്‍ അറിഞ്ഞ കാര്യങ്ങളാണ് പാര്‍ട്ടിയോട് പരാതിപ്പെട്ടതെന്ന് അൻവർ.
● സിപിഎം ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വീണ്ടും വിവാദങ്ങളുടെ പുക ഉയരുന്നു. ഒരിക്കൽ പാർട്ടിയിൽ നിന്നും സ്വഭാവ ദൂഷ്യത്തിന് തരംതാഴ്ത്തപ്പെട്ട പി ശശിയെ പിന്നീട് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്വത്തിലേക്കും വീണ്ടും സംസ്ഥാന സമിതിയിലേക്കും ഉയർത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ താൽപര്യപ്രകാരമായിരുന്നു. ശശി വീണ്ടും തെറ്റായ വഴിയിലുടെ സഞ്ചരിക്കുമെന്ന് കണ്ണൂർ പാർട്ടിയിലെ ചില ഉന്നത നേതാക്കൾ പാർട്ടി നേതൃയോഗങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രവചനസ്വഭാവമുള്ള ഈ വിമർശനങ്ങളിൽ തന്നെ ചെന്നു മുട്ടിയിരിക്കുകയാണ് ഇപ്പോൾ പി വി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ. പി ശശിക്കെതിരെ കണ്ണുരിൽ നിന്നുൾപ്പെടെ തെളിവുകൾ സഹിതമുള്ള പരാതി ലഭിച്ചിരുന്നുവെന്നും താനത് കൃത്യസമയത്ത് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ താന്‍ നല്‍കിയ പരാതി പുറത്തുവന്നാല്‍ വലിയ കോളിളക്കമുണ്ടാകുമെന്നു ഭയന്നാണ് പാർട്ടി നേതൃത്വം നടപടി സ്വീകരിക്കാത്തതെന്നാണ് അൻവറിൻ്റെ ആരോപണം. ശശിക്കെതിരെ നൽകിയ പരാതികളിൽ അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ വരെയുണ്ടെന്നാണ് റിപ്പോർട്ട്. പരാതിയിലെ ചില കാര്യങ്ങള്‍ വളരെ ഗൗരവമേറിയതാണ്. പാര്‍ട്ടിക്ക് വളരെ സ്വകാര്യമായി നല്‍കിയ പരാതിയാണിതെന്നും പി വി അന്‍വര്‍ ഈ വിഷയത്തിൽ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
ഈകാര്യം പാര്‍ട്ടിയോട് കൃത്യമായി അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ അവിടെ നടക്കുന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് പരാതി. താന്‍ അറിഞ്ഞ കാര്യങ്ങളാണ് പാര്‍ട്ടിയോട് പരാതിപ്പെട്ടത്. പരാതി കൊടുത്തതിന് ശേഷം ചില നേതാക്കള്‍ തന്നെ ബന്ധപ്പെട്ടു. പി ശശിക്കെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായും അൻവർ വെളിപ്പെടുത്തുന്നു. ആ പരാതി പാര്‍ട്ടിയെയോ ഭരണത്തെയോ ബാധിക്കുന്നതല്ല. പി ശശിയെ മാറ്റി നിര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. താന്‍ കൊടുത്ത പരാതികളിലെ ഏറ്റവും ഗൗരവം കുറഞ്ഞ വിഷയമാണിത്.
അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ തനിക്ക് മാനസിക പ്രയാസങ്ങള്‍ നല്‍കുന്നതാണ്. ഒരിക്കലും ഇങ്ങനെ പറയേണ്ടി വരുമെന്ന് കരുതിയല്ല. അന്വേഷണം സത്യസന്ധമായി പോകുമെന്നാണ് കരുതിയത്. പരാതിയിലെ കാര്യങ്ങള്‍ പുറത്തുപറയുന്നത് വളരെ ആലോചിച്ച ശേഷമായിരിക്കുമെന്നുമെന്നാണ് അൻവറിൻ്റെ വെളിപ്പെടുത്തൽ.
മറ്റുള്ള ആരോപണങ്ങൾ അത്ര ഗൗരവതരമായി കാണാത്ത സിപിഎമ്മിനെയും പിണറായിയെയും വെട്ടിലാക്കുന്നത് പി ശശിക്കെതിരെയുള്ള സ്വഭാവ ദൂഷ്യ ആരോപണങ്ങളാണ്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന സർക്കാരിനും സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ കടുത്ത തിരിച്ചടിയായി മാറിയേക്കാം.
#KeralaPolitics #CPM #Corruption #P_Sasi #PV_Anwar #Allegation