Criticism | 'അതിൽ പെൺമക്കളില്ല', സിനിമ സംഘടനയായ 'അമ്മ'യെ വലിച്ചെറിയണമെന്ന് പി കെ ശ്രീമതി
* 'കൂടുതൽചൂഷണം നേരിടേണ്ടി വരുന്ന ജൂനിയർ ആർട്ടിസ്റ്റുമാർ പൂർണമായും മൊഴി കൊടുത്തില്ല. ഇത് അത്ഭുതപ്പെടുത്തുന്നതാണ്'
കണ്ണൂർ: (KVARTHA) ചലചിത്ര രംഗത്തെ സംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് പി കെ ശ്രീമതി ടീച്ചർ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഹേമ കമ്മീഷൻ റിപോർട്ടിനെ തടസപ്പെടുത്താൻ പോയവർ പോലും സ്വാഗതം ചെയ്യുകയാണ്. റിപോർട്ട് സിനിമ മേഖലയുടെ ശുദ്ധീകരണത്തിന് വഴിവെക്കണം. സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ശ്രീമതി ടീച്ചർ ചോദിച്ചു.
അമ്മയിൽ പെൺമക്കളില്ല. സ്ത്രീകൾക്ക് വേണ്ടെന്നാണ് അവരുടെ നിലപാട്. പ്രാതിനിധ്യം നൽകാത്ത അമ്മയെ വലിച്ചെറിയുകയാണ് വേണ്ടത്. കൂടുതൽചൂഷണം നേരിടേണ്ടി വരുന്ന ജൂനിയർ ആർട്ടിസ്റ്റുമാർ പൂർണമായും മൊഴി കൊടുത്തില്ല. ഇത് അത്ഭുതപ്പെടുത്തുന്നതാണ്. മേഖലയിൽ പുരുഷൻമാർക്ക് ബഹുമാനവും സ്ത്രീകൾ അവഗണനയും നേരിടുന്നു.
സ്ത്രീകളോടുള്ള അടിമ മനോഭാവം വച്ചുപുലർത്തുകയാണ്. വിദ്യാസമ്പന്നമായ കേരളത്തിൽ പോലും സ്ത്രീകൾ അസമത്വം നേരിടുകയാണ്. ഇത് വേതനത്തിന്റെ കാര്യത്തിൽ പോലും ഉണ്ടാവുകയാണെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ പി കെ ശ്രീമതി.