P Jayarajan | തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിസെക്രട്ടറിക്കും വിമര്‍ശനപ്പെരുമഴ; കണ്ണൂരില്‍ വീണ്ടും തരംഗമായി പി ജയരാജന്


/നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം സി.പി.എമ്മിലെ തിരുത്തല്‍ ശക്തിയായി പി ജയരാജന്‍ വീണ്ടും മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന ആവശ്യം അണികള്‍ക്കിടെയില്‍ ശക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ പ്രവര്‍ത്തകര്‍ക്കിടെയിലും അണികള്‍ക്കിടെയിലും രോഷം ശക്തമാകുന്നതിനിടെയാണ് വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടിയില്‍ അരികുവല്‍ക്കരിക്കപ്പെട്ട പി ജയരാജന്‍ വീണ്ടും കടന്നുവരുന്നത്.
ധര്‍മടം മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടെയില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. മൊറാഴയിലെ വോട്ടുചോര്‍ച്ച എം വി ഗോവിന്ദനെതിരെയും വിമര്‍ശനങ്ങളുടെ കുന്തമുന തിരിഞ്ഞിട്ടുണ്ട്. കനത്ത തോല്‍വിക്കു ശേഷം യാഥാര്‍ത്ഥ്യ ബോധത്തോടെ കാരണങ്ങള്‍ വിലയിരുത്താന്‍ കഴിയാത്തതാണ് പാര്‍ട്ടി അണികളെ ക്ഷോഭിപ്പിക്കുന്നത്.
തെറ്റുതിരുത്തുമെന്നു ഒഴുക്കന്‍ മട്ടില്‍ പിണറായിയും എം.വി ഗോവിന്ദനും പറഞ്ഞു പോവുകയായിരുന്നുവെന്നാണ് ആരോപണം. ഇതോടെയാണ് പാര്‍ട്ടി തോല്‍വിയില്‍ നിന്നും പാഠം പഠിക്കണമെന്നും ജനങ്ങളെ മനസിലാക്കി പ്രവര്‍ത്തകര്‍ മുന്‍പോട്ടു പോകണമെന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റ് വിലയിരുത്തലോടെ പി ജയരാജന്‍ രംഗത്തുവന്നത്.
കഴിഞ്ഞ ദിവസം പി.കെ കുഞ്ഞനന്തന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പാനൂരില്‍ നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പി. ജയരാജന്റെ പ്രസംഗം. കമ്യൂണിസ്റ്റുകാര്‍ക്ക് തെരഞ്ഞെടുപ്പ് തോല്‍വി പുത്തരിയില്ലെന്നും 2019- തോല്‍വിക്കു ശേഷം പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞുവെന്ന ചരിത്രം ഓര്‍ക്കണമെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്നു തോല്‍വിയെ കുറിച്ചു ആഴത്തില്‍പഠിച്ചു മുന്‍പോട്ടുപോകണമെന്നും ജയരാജന്‍ ആഹ്വാനം ചെയ്തു. അണികള്‍ ഏറെ ആവേശത്തോടെയാണ് പി ജയരാജന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തത്. അതുകൊണ്ടു തന്നെ വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും 2019-ലെ വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തോല്‍വിയെ തുടര്‍ന്ന് ഒതുക്കി നിര്‍ത്തപ്പെട്ട പി ജയരാജന് പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഈക്കാലത്ത് വലിയ പ്രാധാന്യമാണ് അണികള്‍ക്കിടെയില്‍ ലഭിക്കുന്നുത്. വരും നാളുകളില്‍ സി.പി.എമ്മിന്റെ സംഘടനാസമവാക്യങ്ങളെ തന്നെ ഇതു മാറ്റിമറിച്ചേക്കാം.