CPM | ഗഗാറിന് സെക്രട്ടറി സ്ഥാനം തെറിച്ചത് വിഭാഗീയത കാരണം? റഫീഖിനെ സംസ്ഥാന നേതൃത്വം ഉയർത്തിയത് വ്യക്തമായ മുന്നറിയിപ്പോടെ; വരാൻ പോകുന്ന ജില്ലാ സമ്മേളനങ്ങളിലും വൻ സംഘടനാ അഴിച്ചു പണിക്കൊരുങ്ങി സിപിഎം
● ഗഗാറിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു.
● റഫീഖ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ്.
● എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച് പ്രവർത്തിക്കുമെന്ന് റഫീഖ്
നവോദിത്ത് ബാബു
മാനന്തവാടി: (KVARTHA) വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നിലവിലെ സെക്രട്ടറി ഗഗാറിൻ തെറിച്ചത് പാർട്ടിയിലെ വിഭാഗീയതയ്ക്ക് നേതൃത്വം നൽകിയതിൻ്റെ ഭാഗമായാണെന്ന് വിവരം. പാർട്ടിയിൽ അതിശക്തമായ വിഭാഗീയ പ്രവർത്തനങ്ങളാണ് ഗഗാറിനെതിരെ നടന്നത്. അദ്ദേഹം നടത്തിയ ചില ഇടപെടലുകളും മാനദണ്ഡങ്ങൾ ലംഘിച്ച് മകന് ജോലി വാങ്ങിക്കൊടുക്കാൻ പാർട്ടി സ്വാധീനം ഉപയോഗിച്ചുമാണെന്ന ആരോപണം ഉയർന്നിരുന്നു.
അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് ഗഗാറിന് നിൽക്കകള്ളിയില്ലാതെ ഒഴിയേണ്ടി വന്നത്. ഇതോടെയാണ് കെ റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയായി സംസ്ഥാന നേതൃത്വം നിയോഗിച്ചത്. രണ്ട് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നടന്നസിപിഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി ത തെരഞ്ഞെടുത്തത്.
സമ്മേളനത്തിൽ പി ഗഗാറിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിനും ഗഗാറിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. നേരത്തെ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാന നേതൃനിരയിലും റഫീഖ് പ്രവർത്തിച്ചിരുന്നു.
സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം നടന്നെന്നാണ് വിവരം. ഭൂരിപക്ഷം അംഗങ്ങളും കെ റഫീഖിനെ പിന്തുണച്ചതായാണ് സമ്മേളനത്തിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ കെ റഫീഖിനെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തുവെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കിയത്.
ഗഗാറിൻ, ഒ ആർ കേളു, പി വി സഹദേവൻ, വി വി ബേബി, എ എൻ പ്രഭാകരൻ, കെ റഫീഖ്, പി കെ സുരേഷ്, വി ഉഷാകുമാരി, കെ സുഗതൻ, വി ഹാരിസ്, കെ എം ഫ്രാൻസിസ്, പി ആർ ജയപ്രകാശ്, സുരേഷ് താളൂർ, ബീന വിജയൻ, പി വാസുദേവൻ, പി കെ രാമചന്ദ്രൻ, എം സെയ്ത്, ജോബിസൺ ജെയിംസ്, എ ജോണി, എം എസ് സുരേഷ് ബാബു, രുഗ്മിണി സുബ്രഹ്മണ്യൻ, പി ടി ബിജു, എം മധു, സി യൂസഫ്, എൻ പി കുഞ്ഞുമോൾ, പി എം നാസർ, ടി കെ പുഷ്പൻ എന്നിവരെ നേരത്തെ സമ്മേളനം വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.
വയനാടിന്റെ വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം വയനാട് ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത് കൂട്ടായ നേതൃത്വമാണ്, വ്യക്തികൾക്ക് പ്രാധാന്യമില്ല. ഉത്തരവാദിത്തം കൂട്ടായി നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലയിലുള്ള ആളുകളെയും പാർട്ടി ചേർത്ത് നിർത്തുന്നുണ്ട്. പ്രായത്തിലോ വ്യക്തിയിലോ പാർട്ടിയിൽ പ്രാധാന്യമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ വലിയ മുന്നേറ്റം പാർട്ടിക്ക് ഉണ്ടാകുമെന്നും കെ റഫീഖ് പറഞ്ഞു.
#CPM #Wayanad #KeralaPolitics #Rafeeq #Gagarin #CPIM