Allegation | പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; മോദിയും ഗൗതം അദാനിയും കഴിഞ്ഞ ദിവസം വേദി പങ്കിട്ടതെന്തിന്?
● പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു.
● കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയായി.
● ജനാധിപത്യരാജ്യമായിരിക്കുമ്പോള്‍ തന്നെ മാനവികത ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഇന്ത്യയുടെ തത്വശാസ്ത്രത്തിന്റെ കാതല്‍.
കാർത്തിക് കൃഷ്ണ
(KVARTHA) വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതിയാരോപണങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണ്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഈ വിഷയം ഉയര്‍ത്തി കടന്നാക്രമിക്കുന്നത് തുടരുന്നു. ഇതിനെല്ലാം പുല്ലുവില കല്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ തിങ്കളാഴ്ച (ഡിസംബര്‍ ഒമ്പത്) നരേന്ദ്രമോദി ഗതം അദാനിയുമായി വേദി പങ്കിട്ടു. ചൊവ്വാഴ്ച ജയ്പൂരില്‍ നടന്ന 'റൈസിംഗ് രാജസ്ഥാന്‍' ഉച്ചകോടിയിലാണ് ഇരുവരും പങ്കെടുത്തത്. ഇതേ ദിവസം പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിക്കുകയും 'മോദി അദാനി ഭായ് ഭായ്' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ അദാനി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ പങ്കെടുത്തു. പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇന്ന് ലോകത്തെ എല്ലാ വിദഗ്ധരും നിക്ഷേപകരും ഇന്ത്യയെക്കുറിച്ച് വളരെ ആവേശഭരിതരായാണ് സംസാരിക്കുന്നതെന്ന് ഉച്ചകോടിയില്‍ സംസാരിച്ച മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍, പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി വളര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയായി. കയറ്റുമതിയും ഏകദേശം ഇരട്ടിയായി,' മോദി പറഞ്ഞു.
ഇന്ത്യയെപ്പോലുള്ള വൈവിധ്യമാര്‍ന്ന രാജ്യത്ത് ജനാധിപത്യം തഴച്ചുവളരുന്നുവെന്നത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യരാജ്യമായിരിക്കുമ്പോള്‍ തന്നെ മാനവികത ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഇന്ത്യയുടെ തത്വശാസ്ത്രത്തിന്റെ കാതല്‍. ഇവിടുത്തെ ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശത്തിലൂടെ ഒരു സുസ്ഥിര സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യുകയാണ്. യുവശക്തിയാണ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അടുത്ത കാലത്തായി, രൂപയുടെ മൂല്യത്തകര്‍ച്ചയും കോര്‍പ്പറേറ്റ് വരുമാനത്തിലെ ഇടിവും ഉള്‍പ്പെടെ നിരവധി സുപ്രധാന സാമ്പത്തിക സൂചകങ്ങള്‍ മാന്ദ്യം രേഖപ്പെടുത്തിയിട്ടുണ്ട്, സമ്പദ്വ്യവസ്ഥയുടെ ഭീതികരമായ അവസ്ഥയാണ് കാട്ടുന്നത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.4 ശതമാനമായി കുറഞ്ഞു, ഇത് ഏഴ് പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇക്കാര്യങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നില്ലെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
രാജസ്ഥാനില്‍ വിവിധ മേഖലകളിലായി 7.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയില്‍ ഉയര്‍ന്ന കൈക്കൂലി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നു, കൂടാതെ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകള്‍ക്കും കൈക്കൂലി നല്‍കിയെന്നാരോപിച്ച് യുഎസില്‍ കുറ്റാരോപിതനായ അദാനിയെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സാഹിയിക്കുകയാണെന്ന് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചു.
2023-ല്‍, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ്, അക്കൗണ്ടിംഗ് തട്ടിപ്പ് എന്നിവയെകുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കമ്പനി 'കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ്' നടത്തിയതെന്ന് അതില്‍ പറയുന്നു. ഈ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് തള്ളിയിരുന്നു. മോദിയും അദാനിയും തമ്മിലുള്ള ബന്ധം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല, അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നാണ് പ്രതിപക്ഷം പറയുന്നത്. 2014ല്‍ മോദി പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത് അദാനിയുടെ സ്വകാര്യജെറ്റിലായിരുന്നെന്ന് ദ ഫിനാന്‍സിയല്‍ ടൈം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമേരിക്കയില്‍ അദാനിക്കെതിരെ ഉള്ള കേസുകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി ദേശീയമാധ്യമങ്ങളില്‍ ചിലത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോദി അധികാരത്തിലെത്തിയ ശേഷമാണ് അദാനി ഗ്രൂപ്പിന്റെ സാമ്രാജ്യം ലോകംമുഴുവനും വളര്‍ന്നത്. മുംബൈയിലെ ധാരാവി പദ്ധതി, രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, ഖനികളുടെ പാട്ടം അങ്ങനെ പലതും അദാനിക്ക് അനുകൂലമാക്കി കൊടുത്തെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമാണ്. പലപ്പോഴും അദാനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ബിജെപിക്കെതിരായ നീക്കം എന്ന രീതിയിലാണ് നേതാക്കള്‍ പ്രതിരോധിക്കുന്നത്. നാളെ ഗൗതം അദാനിയെ രാജ്യസഭാ അംഗമാക്കിയാലും അത്ഭുതപ്പെടാനില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
SHOCKING.
— Riyaz (@Rz_posts) December 9, 2024
When Rajasthan CM was presenting Pagri to PM Modi everyone stood up except Adani .
Adani showing Indians who their real PM is.#RisingRajasthan #RisingRajasthanSummit pic.twitter.com/0ycf1M22wA
ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവും കുത്തക ബിസിനസ്സുകാരും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും ഘനശ്യാം ദാസ് ബിര്‍ളയും തമ്മിലുണ്ടായിരുന്ന സൗഹൃദം ഏറെ ചര്‍ച്ച ചെയ്തതാണ്. 1979ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്ന് പുറത്തായപ്പോള്‍ ധീരുഭായ് അംബാനി പരസ്യമായി പിന്തുണച്ചിരുന്നു. അംബാനി കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രണബ് മുഖര്‍ജി. എന്നാല്‍ മോദിയും അദാനിയും തമ്മിലുള്ള ബന്ധം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
അതുകൊണ്ടാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. രാജ്യത്തെ മറ്റ് വ്യവസായികളുടെ താല്‍പ്പര്യങ്ങളെക്കാളും അദാനിയുടെ ബിസിനസ് സംരംഭങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഊന്നല്‍ നല്‍കുന്നത് എന്നാണ് ആരോപണം. അത് ചിലപ്പോള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്, ഉദാഹരണത്തിന്, ബംഗ്ലാദേശ്, ശ്രീലങ്ക, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍. അവിടങ്ങളിലെ അദാനി ഗ്രൂപ്പിന്റെ പദ്ധതികളെല്ലാം സര്‍ക്കാരുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. മറ്റൊരു ഇന്ത്യന്‍ വ്യവസായിയും രാജ്യത്തിന് ഇത്രയും നാണക്കേടുണ്ടാക്കിയിട്ടില്ല.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിലെ നഥാന്‍ ആന്‍ഡേഴ്‌സണെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് ഗൗതം അദാനി മുമ്പ് വീമ്പിളക്കിയിരുന്നത്. രണ്ട് വര്‍ഷത്തോളമായിട്ടും അതുണ്ടായില്ല. അമേരിക്കയിലെ കേസില്‍ പെട്ട അദാനി ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ ഹാജരാകേണ്ടിവരുമോ? അതോ അദാനിക്കായി അഭിഭാഷകര്‍ ഹാജരാകുമോ? ജനുവരി 20-ന് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുകയും അദ്ദേഹത്തിന്റെ നോമിനികള്‍ നീതിന്യായ വകുപ്പിലും യുഎസ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷനിലും എഫ്ബിഐയിലും മേധാവികളാവകുകയും ചെയ്താല്‍ നിലവിലെ സ്ഥിതി മാറുമോ?
#Adani, #Modi, #Corruption, #RisingRajasthan, #OppositionProtests, #India