Oommen Chandy | പൊലീസിന്റെ യൂണിഫോം നിക്കറിൽ നിന്ന് പാന്റ്സ് ആക്കി മാറ്റിയ ഉമ്മൻ ചാണ്ടി; സമാനതകളില്ലാത്ത വ്യക്തിത്വം 

 

 
oommen chandy changed police uniform from to pants
oommen chandy changed police uniform from to pants

Image Credit: Facebook / Oommen Chandy

ജനക്കൂട്ടത്തിന്റെ ഇടയിലല്ലാതെ  ഈ മനുഷ്യനെ കാണുക എന്നത് വിരളമാണ്. ജനം ഇല്ലെങ്കിൽ അദ്ദേഹത്തിനും അത് ബുദ്ധിമുട്ട് തന്നെയായിരുന്നു. 

ഡോണൽ മുവാറ്റുപുഴ 

(KVARTHA) കഴിഞ്ഞ ദിവസമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) ഒന്നാം ചരമവാർഷികം . നാടാകെ അദ്ദേഹത്തെ ഓർത്ത് അനുസ്മരണ സമ്മേളങ്ങളും പ്രാർത്ഥനകളും കോൺഗ്രസിൻ്റെയും (Congress) അതിലെ നേതാക്കളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഇത്രയും ജനങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു നേതാവ് കേരളത്തിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലും സംശയമാണ്. അത്രയ്ക്കായിരുന്നു ഉമ്മൻ ചാണ്ടി കേരളീയരുടെ (Kerala) ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയത്. ഇന്നും ഈ ജനകീയനായ മുഖ്യമന്ത്രി (Chief Minister) മരിച്ചു പോയെന്ന് തന്നെ വിശ്വസിക്കാൻ മലയാളികൾക്ക് പ്രയാസമാണ്. 

ഇനി കേരളത്തിൽ കഴിഞ്ഞ കാലത്തിലെ ആരെപ്പോലെ ഒരാൾ മുഖ്യമന്ത്രിയായി കാണണമെന്ന് ചോദിച്ചാൽ അത് ഉമ്മൻ ചാണ്ടിയെപ്പോലെയൊരാൾ മുഖ്യമന്ത്രിയായി കാണണം എന്നാകും ഇവിടുത്തെ ബഹുഭൂരിപക്ഷം ആളുകളുടെയും ആഗ്രഹം. രാഷ്ട്രപതി സ്ഥാനത്ത് എ.പി.ജെ അബ്ദുൽ കലാമിനെപ്പറ്റി (A P J Abdul Kalam)  പറയുന്നത് പോലെ തന്നെയാണ് മലയാളികളുടെ ഇടയിൽ ഉമ്മൻ ചാണ്ടിയ്ക്കുള്ള സ്ഥാനവും. രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുവെങ്കിലും അതിൻ്റെയൊന്നും പത്രാസോ പദവിയോ നോക്കാതെ ജനങ്ങളുമായി ഇടപഴകി ജീവിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. 

അതുകൊണ്ട് തന്നെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾ ഉമ്മൻ ചാണ്ടി എന്ന നേതാവിനെ കൂടുതൽ ഇഷ്ടപ്പെടുന്നത്. ജീവിച്ചിരുന്നപ്പോൾ കോൺഗ്രസിൽ ആളെകൂട്ടാൻ കഴിയുന്ന ഏക നേതാവ് കൂടിയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ഓർക്കണം. ഇന്ന് അതുപോലെ ഒരു കോൺഗ്രസ് നേതാവിനെ കണ്ടെത്താൻ തന്നെ പ്രയാസമാണ്. വലിയ  കൗതുകത്തോടെയും അതിലേറെ അത്ഭുതത്തോടെയുമാണ് ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ എല്ലാവരും വീക്ഷിച്ചിരുന്നത്. ജനക്കൂട്ടത്തിന്റെ  ഇടയിലല്ലാതെ  ഈ മനുഷ്യനെ കാണുക എന്നത് വിരളമാണ്. ജനം ഇല്ലെങ്കിൽ അദ്ദേഹത്തിനും അത് ബുദ്ധിമുട്ട് തന്നെയായിരുന്നു. 

കേരളത്തിലെ എല്ലാ കോൺഗ്രസ്  നേതാക്കളെയും പേര് പറഞ്ഞ് വിളിക്കുവാൻ തക്ക പരിചയം ഉള്ള നേതാവും ഒരു പക്ഷേ, കൂഞ്ഞുഞ്ഞ് എന്ന് വിളിക്കുന്ന ഉമ്മൻ ചാണ്ടി മാത്രമായിരുന്നിരിക്കും. പാവപ്പെട്ട ജനവിഭാഗത്തിന്റെ വേദന മനസ്സിലാക്കി നേരിട്ട് സഹായം ചെയ്തിരുന്ന ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല എന്നത് വസ്തുതയായി നിലനിൽക്കുന്നു. ഒട്ടേറെ ഭരണ പരിഷ്കാരങ്ങൾ സംസ്ഥാനത്ത് നടത്തിയിട്ടുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടി സമാനതകളില്ലാത്ത വിസ്മയമായിരുന്നു. ഇതിലൊക്കെ ഉപരി ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യത്തിൻ്റെ കൂടി ഉടമയായിരുന്നു അദ്ദേഹം. 

പോലീസിന്റെ യൂണിഫോം നിക്കറിൽ നിന്ന് പാന്റ്സ് ആക്കി മാറ്റിയത് ഉമ്മൻ ചാണ്ടിയാണെന്നുള്ള കാര്യം പലരും മറന്നിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. 1981ൽ  ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് പോലീസിന്റെ യൂണിഫോം നിക്കറിൽ നിന്ന് പാന്റ്സ് ആക്കി മാറ്റിയതെന്ന് എത്ര പേർക്ക് അറിയാം. പിൽക്കാലങ്ങളിൽ പോലീസിനെതിരെ യുഡിഎഫ് സമര മുഖങ്ങളിൽ മുഴങ്ങിയിരുന്ന മുദ്രാവാക്യമായിരുന്നു 'ഞങ്ങളുടെ നേതാവ് ഉമ്മൻ ചാണ്ടി തുന്നി തന്നൊരു പാന്റിട്ട് ഞങ്ങളുടെ നേരെ പോരിന് വന്നാൽ അക്കളി തീക്കളി പോലീസെ' എന്നത്.  

പൊലീസുകാർക്ക് സമൂഹത്തിൽ ഒരു മാന്യത വന്ന ഒരു വേഷ സംവിധാനം കൂടിയായിരുന്നു ഇത്. ഈ നിലയിൽ ഇന്ന് പോലീസുകാരെ കാണുമ്പോൾ ആ കാലമറിയുന്ന പലരും ഉമ്മൻ ചാണ്ടിയെ ഓർക്കുന്നത് സ്വഭാവികം. വലിയ മനുഷ്യ സ്നേഹിയും  ജനസേവനം പ്രാണവായുവാക്കി ജീവിച്ചിരുന്ന പൊതുപ്രവർത്തകനായ  അദ്ദേഹത്തിന്റെ ഓർമ്മകൾ എല്ലാക്കാലത്തും നിലനിൽക്കും എന്നതിൽ തർക്കമില്ല . ഇത് ഒരു കാര്യം മാത്രം. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ഇറങ്ങുന്നവർക്ക് അദ്ദേഹം ഒരു അത്ഭുത മനുഷ്യൻ ആയി മാറുമെന്നത് തീർച്ചയാണ്. അദ്ദേഹമായി ഉണ്ടാക്കിയ ഇതുപോലെയുള്ള ആയിരം സംഭാവനകൾ ഒരു പക്ഷേ, കണ്ടെത്താൻ ആയേക്കാം. 

വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന പ്രമാണവുമായി ഉമ്മൻ ചാണ്ടി ജീവിച്ചതിനാൽ പല സംഭാവനകളും വലിയ രീതിയിൽ ഹൈലൈറ്റ് ചെയ്യപ്പെട്ടില്ല എന്നതാണ് വാസ്തവം. ആരോപണങ്ങൾ മാനസികമായി തകർത്തപ്പോഴും സത്യം ജയിക്കും എന്ന വിശ്വാസത്തിൽ അടിയുറച്ച് ഒടുവിൽ അഗ്നിശുദ്ധി വരുത്തിയാണ് ഉമ്മൻചാണ്ടി നിത്യതയിലേക്ക് പോയത്. അടിയുറച്ച ദൈവവിശ്വാസിയും മതേതരത്തിന്റെ കാവലാളുമായി ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങൽ കേരളത്തിലെ ജനങ്ങൾക്ക് ജാതി  മത രാഷ്ട്രീയഭേദമെന്യെ വേദനയുളവാക്കുന്നതാണ് എന്നതിന് തെളിവായിരുന്നു അന്ത്യയാത്രയിൽ അദേഹത്തിന് അകമ്പടിയായി ഒഴുകിയെത്തിയ ജനം. 

എതിരാളികൾക്ക് പോലും ഉമ്മൻ ചാണ്ടി എന്ന വ്യക്തിത്വം സ്വീകാര്യമായിരുന്നു എന്നതാണ് വാസ്തവം. അതാണല്ലോ, അദ്ദേഹത്തിൻ്റെ ഈ ഒന്നാം ചരമ വാർഷികത്തിൽ ഇടതുപക്ഷത്തിൻ്റെ കരുത്തനായ നേതാവായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരി പുതുപ്പള്ളിയിൽ എത്തി കല്ലറ സന്ദർശിച്ചത്. ശരിക്കും, ജനങ്ങളുടെ പൊതുസ്വത്ത് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയിലെ വ്യക്തിത്വം. അദ്ദേഹത്തിന് പകരം വെയ്ക്കാൻ മറ്റൊരാൾ ആ സ്ഥാനത്ത് ഇനിയുണ്ടായെന്നും വരില്ല. അതാണ് ജനഹൃദയങ്ങളിലുള്ള ഉമ്മൻ ചാണ്ടിയുടെ സ്ഥാനവും സ്വാധീനവും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia