Criticism | 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സൂത്രപ്പണിയോ?

 
Ram Nath Kovind presenting the 'One Nation, One Election' report to President Droupadi Murmu.
Ram Nath Kovind presenting the 'One Nation, One Election' report to President Droupadi Murmu.

Photo Credit: X / Ram Nath Kovind

● ഫെഡറൽ സംവിധാനത്തെ ദുർബലമാക്കുമെന്ന് വിമർശകർ 
● ഈ ആശയം നടപ്പാക്കാൻ 18 നിയമഭേദഗതികൾ വേണം.
● ബിജെപിക്ക് പാർലമെന്റിൽ മൂന്നിലൊരു ഭൂരിപക്ഷം ഇല്ല.

അർണവ് അനിത 

(KVARTHA) നരേന്ദ്രമോദിയുടെ മൂന്നാം സര്‍ക്കാര്‍ 100 ദിവസം പിന്നിട്ടിട്ടും കഴിഞ്ഞ രണ്ട് സര്‍ക്കാരുകളുടെ കാലത്തുണ്ടായ ഗുമ്മില്ല. അതിന് കാരണം മറ്റൊന്നുമല്ല, ഒറ്റയ്ക്ക് ഭരിച്ച്, വിളയാടാനുള്ള ഭൂരിപക്ഷം ജനം നല്‍കിയില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് 400 സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍, ആദ്യ 100 ദിവസത്തെ കര്‍മപരിപാടികള്‍ നടപ്പാക്കുന്നതിന് യോഗം ചേര്‍ന്നതാണ്. ഫലം വന്ന ശേഷം അധികാരം നിലനിര്‍ത്താന്‍ പറ്റില്ലെന്ന് ഉറപ്പായതോടെ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കും മുമ്പ് എന്‍ഡിഎ മീറ്റിംഗ് വിളിച്ച് പിന്തുണ ഉറപ്പിക്കുകയാണ് നരേന്ദ്രമോദി ചെയ്തത്. 

മൂന്നാമൂഴം 100 ദിവസം പിന്നിടുന്നതിനിടെ ഹിന്ദുത്വ അജണ്ടയിലുള്ള പല പദ്ധതികളും നിയമങ്ങളും നിയമഭേദഗതികളും നടപ്പാക്കാന്‍ കൊണ്ടുവന്നെങ്കിലും പ്രതിപക്ഷത്തിന്റെയും ഘടകക്ഷികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എല്ലാം ചുരുട്ടിക്കെട്ടി മടക്കേണ്ടി വന്നു. ഇതിന്റെയൊക്കെ നാണക്കേട് മറയ്ക്കുന്നതിനും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം എന്നിവയില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിനുള്ള സൂത്രപ്പണിയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ആശയത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതെന്നാണ് ആക്ഷേപം.

ഇതൊരിക്കലും നടപ്പാക്കാന്‍ പറ്റാത്ത ആശയമാണെന്ന് മോദിക്കും സംഘപരിവാറിനും നന്നായി അറിയാം. 18 നിയമഭേദഗതികളാണ് ഇതിനായി വരുത്തേണ്ടത്. നിലവിലെ കക്ഷിനില അനുസരിച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും അതിന് സാധിക്കില്ല. കാരണം പര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ഇത് സാധ്യമാകൂ.  ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കണം. പകുതി നിയമസഭകളുടെ അംഗീകാരം കൂടാതെ ഒറ്റത്തെരഞ്ഞെടുപ്പ് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാനുമാകില്ല. ഇതെല്ലാമറിഞ്ഞു കൊണ്ട് ചര്‍ച്ച മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് നരേന്ദ്രമോദിയും സംഘവും നടത്തുന്നത്.

പഞ്ചായത്ത് മുതല്‍  ലോക്സഭ വരെയുള്ള തെരഞ്ഞെടുപ്പുകള്‍ ഒരു നിശ്ചിത സമയക്രമത്തില്‍ നടത്തുക എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. തെരഞ്ഞെടുപ്പ് ചെലവുകള്‍ ചുരുക്കാനും വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് വഴി കഴിയുമെന്നാണ് മോഡിയുടെയും ബിജെപിയുടെയും വാദം. ഏട്ട് പതിറ്റാണ്ടോട് അടുക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പണക്കൊഴുപ്പ് മത്സരമാക്കി മാറ്റുന്നതില്‍ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ബഹുദൂരം പിന്നിലാക്കിയതിന്റെ ബഹുമതി മോഡിക്കും ബിജെപിക്കും മാത്രം അവകാശപ്പെട്ടതാണെന്ന് കാണാനാവും. 

തെരഞ്ഞെടുപ്പ് നടത്തിപ്പിന് ഇലക്ഷന്‍ കമ്മിഷന്‍ വഴി ചെലവിടുന്ന പണത്തില്‍, ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പുവഴി അല്പം കുറവ് വരുത്താന്‍ കഴിയുമോ എന്ന് കാത്തിരുന്നു കാണേണ്ട വിഷയമാണ്. പല രാഷ്ട്രീയ പാര്‍ട്ടികളും പണമൊഴുക്കുന്നത് നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. അതിന്റെയൊക്കെ മുനയൊടിച്ച ശേഷമാണ്, നരേന്ദ്രമോദിയും കൂട്ടരും ഉട്ടോപ്യന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ വൈവിധ്യത്തെ അപ്പാടെ അട്ടിമറിക്കുന്നതും ഫെഡറല്‍ സങ്കല്പങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ളതുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.  

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മോഡിയുടെയും ബിജെപിയുടെയും എല്ലാ കണക്കുകൂട്ടലുകള്‍ക്കും കനത്ത തിരിച്ചടിയായി മാറിയ പശ്ചാത്തലത്തില്‍ തുടര്‍ന്ന് തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പുവഴി കഴിഞ്ഞേക്കുമെന്ന ചിന്തയാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള നടപടിക്ക് പിന്നിലുള്ളത്. ആര്‍എസ്എസും ബിജെപിയിലെ ഒരു വിഭാഗവും മോദിയുമായി അത്ര രസത്തിലല്ലെന്ന് പറയുന്നു, അതുകൊണ്ടാണ് ജമ്മുകശ്മീരില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക പിന്‍വലിക്കേണ്ടിവന്നതെന്നാണ് റിപ്പോർട്ട്. പാര്‍ട്ടിയിലും സര്‍ക്കാരിനും പഴയ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കമായും രാഷ്ട്രീയനിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നു.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്  പ്രായോഗികമല്ലെന്ന് ബിജെപിക്കും സംഘപരിവാറിനും നന്നായി അറിയാം. അതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പോലും അവര്‍ ഒരുമിച്ച് നടത്താത്തത്. എന്തിന് സ്വന്തം എംപി കങ്കണ റണാവത്ത് സംവിധാനം ചെയ്ത എമര്‍ജന്‍സി എന്ന സിനിമയുടെ റിലീസ് പോലും ബിജെപി മുടക്കുന്നത് തെരഞ്ഞെടുപ്പിനെ ഭയന്നാണെന്ന് ആരോപണമുണ്ട്. സിഖ് വിഭാഗം തങ്ങള്‍ക്ക് എതിരായാല്‍ ഹരിയാനയില്‍ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ഭയക്കുന്നു.  ഒറ്റത്തെരഞ്ഞെടുപ്പിനോട് അത്രയ്ക്ക് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍  ജമ്മു കശ്മീരിനും ഹരിയാനക്കും ഒപ്പം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകള്‍ കൂടി നടത്തണമായിരുന്നു. 

അത് വലിയ തിരിച്ചടിയാകുമെന്ന് മറ്റാരേക്കാളും ബിജെപിക്ക് നന്നായി അറിയാം. ഈ സംസ്ഥാനങ്ങളില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുതരത്തിലും തടസമാകേണ്ട കാരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതില്‍ പല സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവില്ലെന്ന ഉറപ്പുള്ളത് കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അതിന് മുതിരാതിരുന്നതെന്ന് വ്യക്തം.  ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് പിന്നിലെ ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നതെന്നാണ് വിമർശനം.

തെരഞ്ഞെടുപ്പുകളെ പണക്കൊഴുപ്പിന്റെ ദുഃസ്വാധീനത്തില്‍നിന്ന് മോചിപ്പിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണമായും രാഷ്ട്രത്തിന്റെ പൊതുചെലവില്‍ കൊണ്ടുവരാനാണ് അടിയന്തിര നടപടി സ്വീകരിക്കേണ്ടത്. ബിജെപിയെ അധികാരത്തിലേറ്റിയതും അതില്‍ നിലനിര്‍ത്തുന്നതും അതിസമ്പന്നരുടെയും കോര്‍പറേറ്റുകളുടെയും പണക്കൊഴുപ്പിലാണെന്നും  ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് അവര്‍ പരിഷ്‌ക്കാരത്തിന് മുറവിളി കൂട്ടുന്നതെന്നും വിമർശിക്കുന്നവരുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഏതാണ്ട് ഒന്നടങ്കം ഒരുതെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തോട് ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുള്ളതിനാല്‍ വിഷയത്തില്‍ രാഷ്ട്രീയ സമവായം അസാധ്യവുമാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രാരംഭ ദശകങ്ങളില്‍ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു നിലനിന്നിരുന്നത്. രാഷ്ട്രത്തില്‍ പൊതുവിലും സംസ്ഥാനങ്ങളില്‍ വിശേഷിച്ചും വളര്‍ന്നുവന്ന രാഷ്ട്രീയ മാറ്റങ്ങളാണ് ഇന്നത്തെ രീതിയിലേക്ക് തെരഞ്ഞെടുപ്പുകള്‍ മാറാന്‍ ഇടയാക്കിയത്. രാജ്യത്തുണ്ടായതും പില്‍ക്കാലത്ത് ശക്തിയാര്‍ജിച്ചതുമായ രാഷ്ട്രീയ സംസ്‌കാരത്തെ പഴയതോ പുതിയതോ ആയ സമ്പ്രദായത്തില്‍, നിയമനിര്‍മ്മാണത്തിലൂടെ ഏകീകരിക്കാമെന്ന ആശയവും ചിന്തയും അതിന്റെ വക്താക്കളുടെ രാഷ്ട്രീയ അപക്വതയാണ് തുറന്നുകാട്ടുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളെ അംഗീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകളെ പണക്കൊഴുപ്പിന്റെയും പേശിബലത്തിന്റെയും പിടിയില്‍നിന്ന് വിമോചിപ്പിക്കുന്ന പരിഷ്‌കാരങ്ങളാണ് ഇന്ന് രാജ്യത്തിന് ആവശ്യം. തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി ആ ധനസമാഹരണത്തിന്റെ ഭരണഘടനാ വിരുദ്ധത വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളെ പണക്കൊഴുപ്പിന്റെ പിടിയില്‍നിന്നും മോചിപ്പിക്കുകയൂം ആനുപാതിക ജനപ്രാതിനിത്യം ഉറപ്പുവരുത്തുന്നതുമായ പരിഷ്‌കാരങ്ങളാണ് രാജ്യത്തിനാവശ്യം. 

അത് അടിയന്തരമായി നടപ്പാക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുടെ പേരില്‍ ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം വിറ്റഴിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വൈവിധ്യത്തെയും ഊര്‍ജസ്വലതയെയും അവഗണിച്ച് രാജ്യത്തെ തീവ്രഹിന്ദുത്വ ഏകാധിപത്യത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

#OneNationOneElection #IndiaElections #Modi #BJP #ElectionReforms

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia