'കന്യാസ്ത്രീകളുടെ അറസ്റ്റ്: മതേതരത്വത്തിന് വെല്ലുവിളി; സഭയുടെ പ്രതിഷേധം ശക്തമാകും'


● മതപരിവർത്തന നിരോധന നിയമം കിരാത നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
● ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
● കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ വിഷയത്തിൽ ഇടപെടുന്നുണ്ട്.
● വിഷയത്തിൽ സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകും.
കണ്ണൂർ: (KVARTHA) ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്ത്. തലശ്ശേരി ബിഷപ്പ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വളരെ ദുഃഖകരമായ അനുഭവത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം വസ്തുതാപരമായി ശരിയല്ല,’ അദ്ദേഹം പറഞ്ഞു.

മതപരിവർത്തന നിരോധന നിയമം ഒരു കിരാത നിയമമാണെന്നും രാഷ്ട്രീയ വിശദാംശങ്ങളിലേക്ക് കടക്കാനില്ലെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. റെയിൽവേ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയ ചിലരാണ് ആക്രമണം അഴിച്ചുവിട്ടത്. ഏതെങ്കിലും സംഘടനയുടെ പേര് തെളിവില്ലാതെ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ വിഷയത്തിൽ ഇടപെടുന്നുണ്ട്. ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നതും അരമനയിൽ പ്രാർത്ഥിക്കുന്നതും തെറ്റല്ലെന്നും മന്ത്രി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആരോടും ഒരു രാഷ്ട്രീയ പാർട്ടിയോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല.
ശിവൻകുട്ടിയുടെ പാർട്ടിയോടും കാണിച്ചിട്ടില്ല. വിഷയത്തിൽ സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
രാജ്യത്തെ മതേതരത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Thalassery Archbishop condemns nun arrests in Chhattisgarh, citing secularism threat.
#NunArrest #Secularism #MinorityRights #KeralaPolitics #Christianity #IndiaNews