Criticism | നഷ്ടപ്പെട്ടത് ജോയിയുടെ പ്രിയപ്പെട്ടവർക്കാണ്; വിഴിഞ്ഞം പദ്ധതിയുടെ അവകാശത്തിനായി മത്സരമായിരുന്നു; ഈ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരെയും കാണുന്നില്ല
മിൻ്റാ സോണി
(KVARTHA) ഇദ്ദേഹത്തിന്റെ ആശ്രിതരെ കേരളം (Keralam) സംരക്ഷിക്കണം. അതിന് നമുക്കെല്ലാം ഉത്തരവാദിത്തം ഉണ്ട്. വിഴിഞ്ഞം പദ്ധതിക്ക് (Vizhinjam) അവകാശി തങ്ങളെന്ന് അവകാശപെടാൻ എല്ലാം പാർട്ടികളുടെ (Party) മത്സരമായിരുന്നു. പക്ഷെ ജോയിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരയും കാണുന്നില്ല. ഒരാളുടെ ജീവൻ കളഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ (Amayizhanjan canal) വീണ് കാണാതായ ശുചീകരണത്തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.
പഴവങ്ങാടി തകരപ്പറമ്പിനു പിന്നിലെ കനാലിലാണ് മൃതദേഹം (Dead Body) കണ്ടെത്തിയത്. റെയിൽവേയിൽ നിന്നു വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണിത്. ജോയിക്കായുള്ള തിരച്ചിൽ മൂന്നാംദിനമായ തിങ്കളാഴ്ചയും തുടരാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിനായി നാവികസേനാ സംഘം ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഞായറാഴ്ച ഫയർഫോഴ്സിന്‍റെ സ്കൂബാഡൈവിംഗ് സംഘത്തിന്‍റെ പരിശോധന തത്കാലികമായി അവസാനിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പതിന്നോടെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ടാണ് ജോയിയെ കാണാതായത്.
പുലർച്ചെ രണ്ടുവരെ അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും തിരച്ചില്‍ നടത്തി. തുടര്‍ന്നു ദേശീയ ദുരന്തനിവാരണ സേന എത്തിയെങ്കിലും തിരച്ചില്‍ ദുഷ്കരമായി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഞായറാഴ്ച പരിശോധന നടത്തിയത്. ഈ ജീവിത ബലിയിൽ നിന്നെങ്കിലും, മാലിന്യം വലിച്ചെറിയുന്ന പൊതുജനവും, അനവധി വകുപ്പുകൾ ഉണ്ടെങ്കിലും പൊതുനന്മ നോക്കാതെ സങ്കുചിത രാഷ്ട്രീയം നോക്കുന്ന നിഷ്ക്രിയ രാഷ്ട്രീയക്കാരും ഞെട്ടി ഉണർന്ന് പ്രവർത്തിക്കുമോ? അതാണ് ഇപ്പോൾ പൊതുസമൂഹത്തിൽ നിന്ന് ഉയരുന്ന ചോദ്യം.
ശരിക്കും ആരാണ് ജോയിയെ 'കൊന്നത്' എന്ന് എല്ലാവരും ചിന്തിക്കണം. ഓരോ തവണയും മാലിന്യം വലിച്ചെറിയുന്ന ഓരോരുത്തരും ഈ മരണത്തിന് ഉത്തരവാദികൾ ആണ്. ഇനിയെങ്കിലും പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനു ശക്തമായ ബോധവൽക്കരണം വേണം. അല്ലെങ്കിൽ നിയമനിർമ്മാണം വേണം. അതു സർക്കാരുകൾ ചെയ്തില്ലെങ്കിൽ ജങ്ങളെ ബോധവൽക്കാരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം. മാധ്യമങ്ങൾ ഒന്നടങ്കം ഇതിനു വേണ്ടി ഇറങ്ങിയാൽ നടക്കാതിരിക്കില്ല.
മതിയായ അപകട നിർണ്ണയം നടത്തി വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാതെ തൊഴിലാളികളെ ഇത്തരം ജോലികൾക്കിറക്കുന്ന കരാറുകാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. നഷ്ടപെട്ടതു ജോയിയുടെ പ്രിയപ്പെട്ടവർക്കാണ്. കേരളത്തിൽ ശരിക്കും പറഞ്ഞാൽ ഒരു വേസ്റ്റ് ഡിസ്പോസൽ മാനേജ്‍മെന്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോ? ഹരിതസേന സംഭരിക്കുന്ന മാലിന്യങ്ങൾ എവിടെയാണ് സംസ്കരിക്കുന്നത്. അത് ആരെങ്കിലും പരിശോധിക്കുക ചെയ്തിട്ടുണ്ടോ?. ഇതും ഈ അവസരത്തിൽ ഒരു പഠന വിഷയമാക്കേണ്ടതാണ്.
മനുഷ്യൻ താമസിക്കുന്ന സ്ഥലത്ത് എല്ലാം മാലിന്യങ്ങൾ ഉണ്ടാകും. അത് ശരിയായ രീതിയിൽ സംസ്കരിക്കണം. അതിന് ഉത്തരവാദപെട്ടവർ ശ്രമിക്കണം. എല്ലായിടത്തും മാലിന്യം ഇടാനുളള സ്ഥലങ്ങൾ ഒരുക്കണം. അത് അവിടെ നിന്നും മാറ്റി സംസ്കരിക്കൽ ഭരണ സംവിധാനങ്ങളുടെ ജോലിയാണ്. അതിനൊക്കെയാണ് അവർക്കൊക്കെ നികുതി പണത്തിൽ നിന്നും ചെല്ലും ചിലവും കൊടുത്ത് സേവനത്തിന് വെച്ചിരിക്കുന്നത്.
ഈ തൊഴിലാളിയുടെ ജീവൻ ബലിയാടാക്കിയതിനു ശേഷം മാത്രം കൺതുറന്ന കോർപറേഷനും അതിൻറെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആൾക്കാർക്കും ഇതുവരെയും ഇത്രയും വലിയ മാലിന്യം വഹിച്ചു കൊണ്ട് ഒരു തോട് നഗരമധ്യത്തിലൂടെ ഒഴുകുന്നുണ്ടെന്ന് അറിയില്ലായിരുന്നുവോ? ഇത് ലജ്ജാകരം തന്നെ. തോട് വല്ലപ്പോഴും ശുചിയാക്കിയിരുന്നെങ്കിൽ ഈ ഒരു അപകടം ഒഴിക്കാമായിരുന്നില്ലേ. അല്ലെങ്കിൽ നവകേരള ബസിന്റെ ലിഫ്റ്റ് ഉപയോഗിച്ചു ആളെ ഇറക്കണമായിരുന്നുവെന്നും പരിഹസിക്കുന്ന പൊതുജനം ഉണ്ടെന്ന് ഇവിടുത്തെ ഭരണസംവിധാനങ്ങൾ മനസ്സിലാക്കുക. വേണ്ട സുരക്ഷ മാർഗങ്ങളില്ലാതെ ആരെയും ഇതുപോലെയുള്ള ജോലികൾ ഏൽപ്പിക്കരുത്. ജോയിക്ക് ആദരാഞ്ജലികൾ.