By-Election | ഷൗക്കത്തിനെ റാഞ്ചാൻ എൽഡിഎഫ്? വി എസ് ജോയി സിറിയൻ കത്തോലിക്കനല്ല! നിലമ്പൂരിൽ ബിജെപി കണക്കുകൂട്ടലുകൾ തെറ്റുമോ?


● എൽ.ഡി.എഫ്, യു.ഡി.എഫ് ചർച്ചകളിൽ.
● ബി.ജെ.പി വോട്ട് വർദ്ധിപ്പിക്കാൻ ശ്രമം.
● യു.ഡി.എഫ് വി.എസ്.ജോയിയെ പരിഗണിക്കുന്നു.
● ആര്യാടൻ ഷൗക്കത്ത് തഴയപ്പെടുന്നു?
സോണി കല്ലറയ്ക്കൽ
(KVARTHA) പി.വി.അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിൽ നിലമ്പൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. മുന്നണികൾ എല്ലാം തന്നെ സജീവ സ്ഥാനാർത്ഥി ചർച്ചയുമായി രംഗത്ത് ഉണ്ട്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടക്കാൻ പോകുന്ന ഈ ഉപതെരഞ്ഞെടുപ്പ് എല്ലാ മുന്നണികൾക്കും പ്രസ്റ്റീജ് വിഷയം തന്നെയാണ്. തുടർഭരണത്തിന് വീണ്ടും ഒരു സാധ്യതയുണ്ടോ എന്നത് എൽ.ഡി.എഫിനെ സംബന്ധിച്ചും പത്ത് വർഷം പ്രതിപക്ഷത്ത് ഇരിക്കേണ്ട ഗതികേടിൽ നിന്നും ഇനിയും മുക്തമാകുമോ എന്നത് യു.ഡി.എഫിനെ സംബന്ധിച്ചും പുതിയ സംസ്ഥാന പ്രസിഡൻ്റായി ബി.ജെ.പി യിൽ രാജീവ് ചന്ദ്രശേഖർ എത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്നതിനാൽ ബി.ജെ.പി യെ സംബന്ധിച്ചും അല്ലെങ്കിൽ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ മുന്നണിയെ സംബന്ധിച്ചും ഈ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്.
വോട്ടിംഗ് ശതമാനത്തിൽ വർദ്ദനവ് ഉണ്ടാക്കാൻ പറ്റുമോ എന്നതാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ഉറ്റുനോക്കുന്നത്. മുനമ്പം പ്രശ്നം ആളിക്കത്തിച്ചത് ഉപകാരമായി എന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനുണ്ട്. മാക്സിമം ക്രിസ്ത്യൻ വോട്ടുകൾ ബി.ജെ.പി പാളയത്തിൽ എത്തിക്കുന്നതിലാവും ഈ തെരഞ്ഞെടുപ്പിൽ അവരുടെ ചിന്ത. ബി.ജെ.പി സ്ഥാനാർത്ഥിയായി പൂഞ്ഞാർ മുൻ എം.എൽ.എ പി.സി.ജോർജിൻ്റെ മകൻ ഷോൺ ജോർജും വരുമെന്നും കേൾക്കുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി മലപ്പുറം ഡി.സി.സി പ്രസിഡൻ്റ് വി.എസ്.ജോയിയെ നിർത്താനാണ് ആലോചന. വി.എസ്.ജോയി നിലമ്പൂരിൽ സ്ഥാനാർത്ഥിയാകുമ്പോൾ ക്രൈസ്തവ വിഭാഗത്തെ പിണക്കാതിരിക്കാൻ പറ്റുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ വിഭാഗത്തെ അനുനയിപ്പിച്ച് തങ്ങൾക്കൊപ്പം നിർത്താൻ പറ്റുമെന്നാണ് അവരുടെ ചിന്ത. അതിനാൽ തന്നെ വി.എസ്.ജോയി നിലമ്പൂരിൽ യൂ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
ഇത് യു.ഡി.എഫിന് ഗുണം ചെയ്യുമോ എന്നതാണ് പരിശോധിക്കേണ്ടത്. സിറിയൻ കത്തോലിക്കനായ വി.എസ്.ജോയി എന്നൊക്കെപ്പറഞ്ഞാണ് ജോയിയ്ക്ക് വേണ്ടി യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പ് കുട്ടുന്നത്. ഇത് ശരിയാണോ..?
വി.എസ്.ജോയി ഒരിക്കലും സിറിയൻ കത്തോലിക്കാ വിഭാഗത്തിൽപ്പെടൂന്നയാൾ അല്ല. അദേഹം പെന്തക്കോസ്ത് വിഭാഗത്തിൽപ്പെടുന്നയാൾ ആണ്. പെന്തക്കോസ്തുകാർ പൊതുവേ കുറവുള്ള ഇടമാണ് നിലമ്പൂർ. അവിടെ സിറിയൻ കത്തോലിക്കാ വിഭാഗമാണ് കൂടുതൽ. ഇവർ ഒരിക്കലും പെന്തക്കോസ്ത് വിഭാഗത്തെ അംഗീകരിക്കുന്നവരും അല്ല. വി.എസ്.ജോയിയെ സംബന്ധിച്ച് പറഞ്ഞാൽ അദേഹത്തിന് മത്സരിക്കാൻ ഏറ്റവും അനുയോജ്യമായത് പെന്തക്കോസ്തുകാർ കൂടുതലുള്ള തിരുവല്ല, റാന്നി പോലുള്ള മണ്ഡലങ്ങളാണ്.
ബി.ജെ.പി ഉറപ്പായും നിലമ്പൂരിൽ ഒരു സിറിയൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ളയാളെ ആയിരിക്കും സ്ഥാനാർത്ഥി ആക്കി നിർത്താൻ കൂടുതൽ സാധ്യത. അങ്ങനെ വന്നാൽ അത് ജോയിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്. നിലമ്പൂർ മണ്ഡലത്തെക്കുറിച്ച് പറഞ്ഞാൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലം തന്നെയാണ് നിലമ്പൂർ. മുസ്ലിം സമുദായാംഗങ്ങളുടെ വോട്ട് തന്നെയാണ് ഇവിടെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്.
20 ശതമാനം മാത്രമേ ഇവിടെ ക്രിസ്ത്യൻ വോട്ടുകൾ ഉള്ളു. അവയിൽ തന്നെ 7 ശതമാനം എങ്കിലും വോട്ട് ചെയ്താൽ ആയി. ഇവരിൽ വലിയൊരു ശതമാനം ജോലിക്കും മറ്റുമായി വിദേശരാജ്യങ്ങളിലും ചേക്കേറിയിട്ടുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോൾ ഒരു മുസ്ലിം സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ മത്സരിക്കുന്നതാണ് യു.ഡി.എഫിൻ്റെ വിജയത്തിന് നല്ലതെന്ന് കരുതുന്നു.
യു.ഡി.എഫിൽ സ്ഥാനാർത്ഥിന് ഏറ്റവും അനുയോജ്യനായ ആൾ ആർ എന്തൊക്കെ പറഞ്ഞാലും ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്ത് തന്നെയാണ്. മുൻപ് തനിക്കെതിരെ മത്സരിച്ച ഷൗക്കത്തിനോട് പി.വി.അൻവർക്കുള്ള വ്യക്തി വിരോധം തന്നെയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആര്യാടൻ ഷൗക്കത്ത് തഴയപ്പെടുന്നത്. പി.വി.അൻവർ ഇല്ലാതെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയിക്കാൻ സാധിക്കില്ലെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്. പി.വി.അൻവറുടെ നോമിനി ആയിട്ടാണ് അങ്ങനെയെങ്കിൽ വി.എസ്.ജോയി എത്തുന്നതും. അൻവർ എം.എൽ.എ സ്ഥാനം രാജിവെയ്ക്കുമ്പോൾ തന്നെ ജോയിയെ പിന്തുണയ്ക്കുന്ന നിലപാട് ആണ് സ്വീകരിച്ചത്. ശരിക്കും തഴയപ്പെട്ടത് ആര്യാടൻ ഷൗക്കത്തും.
ആര്യാടൻ ഷൗക്കത്തിന് മലപ്പുറം ഡി.സി.സി പ്രസിഡൻ്റാകാൻ ആഗ്രഹമുണ്ടായിരുന്നു. 70 ശതമാനം മുസ്ലിം സമുദായാംഗങ്ങൾ ഉള്ള ജില്ലയായ മലപ്പുറത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായത് ക്രിസ്ത്യനായ വി.എസ്.ജോയിയും. ഒരിക്കൽ പി.വി.അൻ വറോടെ പരാജയപ്പെട്ടതിൻ്റെ പേരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് സ്ഥാനാർത്ഥിത്വം നിഷേധിക്കുകയായിരുന്നു. ഇങ്ങനെ പാർട്ടിയിൽ വലിയൊരു അവഗണ നേരിടുകയാണ് ആര്യാടൻ ഷൗക്കത്ത്.
ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആര്യാടൻ ഷൗക്കത്തിനെ റാഞ്ചുമോ എന്നതാണ് കണ്ടറിയേണ്ടത്. എൽ.ഡി.എഫ് മുൻപ് പയറ്റിയ അതേ തന്ത്രം ഇക്കുറിയും പയറ്റുമോ എന്നതാണ് രാഷ്ട്രീയ നിരിക്ഷകർ ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാൽ ആര്യാടൻ ഷൗക്കത്ത് മറ്റൊരു പി.വി. അൻ വറാകാൻ ഉള്ള സാധ്യതയും ഏറെയാണ്. വരും ദിവസങ്ങളിൽ അത് സംഭവിക്കുമോ..? കാത്തിരുന്ന് കാണാം.
With the Nilambur assembly by-election looming after P.V. Anvar's resignation, major political fronts are actively discussing potential candidates. The UDF is considering V.S. Joy, while the BJP might field Shawn George. There's speculation about LDF potentially approaching Aryadan Shoukath, who has faced neglect within the UDF.
#NilamburByElection, #KeralaPolitics, #CandidateDiscussion, #UDF, #LDF, #BJP