Mullaperiyar Dam | മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കും പോലും; മന്ത്രി വെറുതെ ചിരിപ്പിക്കരുത്!

 
Mullaperiyar Dam
Mullaperiyar Dam

Gemini

ഇതുവരെ രണ്ട് മുഖ്യമന്ത്രിമാർ ചേർന്ന് ഈ വിഷയത്തിൽ ചർച്ചയുണ്ടാകാത്തത് എന്താണെന്നുള്ളത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്

ഡോണൽ മുവാറ്റുപുഴ 

(KVARTHA) വെറും വാഗ്ദാനം മാത്രം ആണെങ്കിലും മന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ ആരും ചിരിച്ചു പോകും. മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പത് പുതിയ ഡാമുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞിരിക്കുന്നത്. ഇത് കേട്ട് സത്യത്തിൽ മുഖ്യമന്ത്രി പോലും ഞെട്ടിക്കാണും എന്ന് തീർച്ച. മന്ത്രി റോഷിയുടെ വാക്കുകൾ ശ്രദ്ധിക്കാം.

MULLAPERIYAR DAM

'മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പത് പുതിയ ഡാമുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്. പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ പ്രളയ പ്രതിരോധ ഡാമുകൾ നിർമ്മിക്കാനും സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ മുൻ നിർത്തിയാണ് പുതിയ അണക്കെട്ട് നിർമ്മിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. തമിഴ് നാടിന് ജലവും കേരളത്തിനു സുരക്ഷയും എന്നതാണ് ഈ വിഷയത്തിലുള്ള കേരളത്തിൻ്റെ നയം', മന്ത്രി വ്യക്തമാക്കി.

എന്തായാലും കേൾക്കാൻ രസമുണ്ട്. മുല്ലപ്പെരിയാർ ഡാം - മലയാള നാടിന് - സ്വൈരം തരാനുള്ള ശക്തി - ആ ഡാമിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു - ഉറക്കം കെടുത്തുന്നു - സമാധാനം അകലന്നു - ഇത് വാസ്തവമാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ല. ആ ആവശ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഈ സർക്കാർ കേരളത്തിൽ എട്ട് വർഷമായി ഭരിക്കുന്നു. ഇപ്പോൾ മാത്രമാണോ സർക്കാരിന് മുല്ലപ്പെരിയാറിനെക്കുറിച്ച് ബോധോധയം ഉണ്ടായത്. ഇനി പുതിയ ഡാം നിർമ്മിക്കുമെന്ന് മന്ത്രി പറയുമ്പോൾ തന്നെ എന്ത് എടുത്തു വെച്ചുകൊണ്ടാണെന്ന് ജനത്തെ ബോധ്യപ്പെടുത്തിയാൽ കൊള്ളാം. 

പെൻഷൻ നൽകാൻ, ജനത്തിന് വിലകുറച്ചു സാധനങ്ങൾ നൽകാൻ കഴിവില്ലാത്തപ്പോളും ദൂർത്ത് നടത്തി കേരള സമ്പദ് വ്യവസ്ഥ താറുമാറാക്കിയെന്ന് ആക്ഷേപമുള്ള പിണറായി സർക്കാർ ഡാം നിർമ്മിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ജനങ്ങൾ വെറും മൂഡന്മാരല്ല. ഈ സർക്കാരിന് പറയാൻ പറ്റുന്ന എന്തെങ്കിലും നടപ്പാക്കാൻ  കഴിഞ്ഞോ എന്നും ചിന്തിക്കേണ്ടതാണ്. വല്ലവനും എന്തേലും ചെയ്താൽ അപ്പോൾ സമരം ഇവരുടെ സ്ഥിരം ശൈലിയാണ്. ഒരുപാട് അടിമകൾക്ക് വിവരം വച്ചു. എന്നിട്ടും മന്ത്രിക്ക് അത് ഉണ്ടായില്ലെന്നതാണ് സത്യം. കേരളത്തിൽ ഒറ്റ കുടിവെള്ള പദ്ധതി പോലും നേരെ നടത്താൻ ഈ മന്ത്രിക്ക് പറ്റിയിട്ടുണ്ടോ എന്നും പ്രതിപക്ഷം ചോദിക്കുന്നു.  

പഞ്ചായത്ത് റോഡിലെ കുഴിയടക്കാൻ ഗതിയില്ലാത്ത  സർക്കാരിനെ കൊണ്ട് ഡാം ഉണ്ടാക്കുമെന്ന് പറയുന്നത് ഒത്തിരി തള്ളായി പോയി എന്നതാണ് സത്യം. കൂട്ടിക്കൽ, കൊക്കയർ എന്നിവിടങ്ങളിൽ പ്രളയം മൂലം പാലങ്ങൾ പൂർണമായി തകർന്നു പോയിട്ട് വർഷം മുന്ന് ആയി. അത് ഇതുവരെ പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവർക്ക് എങ്ങനെ വലിയ കാര്യങ്ങൾ യാഥാർത്ഥ്യമാക്കാൻ പറ്റും. ശരിക്കും പറഞ്ഞാൽ നമ്മുടെ മുൻപത്തെ സിൽവർലൈൻ പോലെ ഇതും വെറുതെ ഊതിപ്പെരിപ്പിക്കാമെന്നത് മിച്ചം. 

മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുന്നത് നല്ലതാണ്. ഒരു ചർച്ചയും മുന്നോട്ട് പോകാതെ നിൽക്കുന്ന അവസരത്തിൽ ഈ ഡാമിനെ കുറിച്ച് ഒരു ചർച്ചയുണ്ടാക്കി പ്രശ്നം വഷളാക്കുന്നതും ഗുരുതരമായ പ്രശ്നം തന്നെയാണ്. ഇതും  ചിന്തിക്കേണ്ട വിഷയമാണ്.  മുല്ലപ്പെരിയാർ പ്രശ്നത്തെ തുടർന്ന് തമിഴ്നാട്ടിൽ താമസിക്കുന്ന മലയാളികൾക്ക് മുൻപുണ്ടായ അക്രമണങ്ങൾ മന്ത്രിയും കണ്ടിട്ടുള്ളതാണ്. ഇവിടുത്തെ സർക്കാർ അറിയാതെ തമിഴ് നാട് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം തുറന്നുവിട്ടതും അതിൻ്റെ ബുദ്ധിമുട്ട് അവിടെ താമസിക്കുന്ന മലയാളികൾ അനുഭവിച്ചതുമെല്ലാം കേരള ജനത കണ്ടതാണ്. അന്ന് റോഷി അഗസ്റ്റിൻ മന്ത്രി ആയിരുന്നില്ല. ഇടുക്കിയിലെ എം.എൽ.എ ആയിരുന്നു. സ്ഥലം അന്ന് എം.എൽ.എയും സന്ദർശിച്ചതായി ഓർക്കുന്നു. 

ആ അറിയാവുന്ന ആൾ തന്നെ ഇതുപോലെ ചിന്തിക്കാതെ ഓരോന്ന് വിളിച്ച് പറയുമ്പോൾ, മന്ത്രിയെക്കുറിച്ച് സാമാന്യ ബോധമുള്ളവർ എന്താണ് ചിന്തിക്കേണ്ടത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ കാശില്ല. വരുമാനത്തിന്റെ 82 ശതമാനം ഈ വകയിലും കടം തിരിച്ചടയ്ക്കാനും വേണം. ബാക്കി 18 ശതമാനം കൊണ്ട് എന്തൊക്കെ ചെയ്യും?. കേരളത്തിലെ സ്വന്തം ഡാമിലെ ജലം പോലും മലയാളിക്ക് ലഭിക്കാത്ത ഏത് കരാറും റദ്ദാക്കുകയാണ് വേണ്ടത്. കേരളത്തിലെ ജനങ്ങളെ 999 കൊല്ലത്തേക്ക് ഡാം പാട്ടം കരാർ പുതുക്കി നൽകി പണ്ട് ഉണ്ടായിരുന്ന ഒരു സർക്കാർ ഭംഗിയായി പറ്റിച്ചു എന്ന് കേട്ടിട്ടുണ്ട്. ആ രേഖകൾ സുപ്രീം കോടതിയിൽ ഇരിക്കുന്ന കാലം വരെ അതുവച്ച് കളിക്കാൻ ചെന്നാൽ തമിഴന്മാർ ഓടിക്കും എന്ന് തീർച്ചയാണ്. 

കൂടാതെ ഇവിടുത്തെ മുഖ്യമന്ത്രിയും തമിഴ് നാട്ടിലെ മുഖ്യമന്ത്രിയും വലിയ സുഹൃത്തുക്കളാണെന്നും പറയുന്നു. എന്നിട്ടും ഇതുവരെ രണ്ട് മുഖ്യമന്ത്രിമാർ ചേർന്ന് ഈ വിഷയത്തിൽ ചർച്ചയുണ്ടാകാത്തത് എന്താണെന്നുള്ളത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എല്ലാക്കാലത്തും ഡാമിനെ ആശ്രയിക്കാതെ മറ്റേതെങ്കിലും സംവിധാനമുണ്ടോയെന്നും പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. നല്ല കാറ്റുള്ള തീരദേശങ്ങൾ ഉണ്ടായിട്ട് കാറ്റാടി യന്ത്രം നിർമ്മിക്കാതെ, ഈ ഡാമിന്റെ പിന്നാലെ പോകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 

മന്ത്രി മുൻപ് വെള്ളകണക്ഷന് ലിറ്ററിന് ഒരു പൈസ കൂട്ടിയതിന് ശേഷം സാധാരക്കാരൻ നല്ലോണം അനുഭവിക്കുന്നുണ്ട്. 150 ഉണ്ടായിരുന്നത് 650 ആയി. ലിറ്ററിന് ഒരു പൈസയെ കൂട്ടിയുള്ളൂ. ഇത് സാധാരണക്കാരൻ്റെ വിഷമമാണ് സൂചിപ്പിച്ചത്. കേരള കോൺഗ്രസ് പാർട്ടികളിൽ നിന്ന് വിവിധ സർക്കാരുകളിൽ നിരവധി പേർ ഭരണത്തിൽ പങ്കാളി ആയിട്ടുണ്ട്. പ്രധാന വകുപ്പുകൾ വളരെ മികവോടെ കൈകാര്യം ചെയ്ത പ്രഗത്ഭരായിരുന്നു അവരെല്ലാം. റോഷി മന്ത്രിയായപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഏറ്റവും മോശം പ്രകടനം നടത്തിയ മന്ത്രി എന്ന് പറയിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia