SWISS-TOWER 24/07/2023

അരക്ഷിതാവസ്ഥയിൽ നേപ്പാൾ: ജൻസി വിപ്ലവത്തിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ സോഷ്യൽ മീഡിയ നിരോധനം മാത്രമോ?

 
Young protestors in Nepal with anti-corruption and anti-government placards.
Young protestors in Nepal with anti-corruption and anti-government placards.

Image Credit: Screenshot of an X Video by GAURAV POKHAREL

● പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ രാജിവെച്ച് പുറത്തുപോയി.
● സോഷ്യൽ മീഡിയ നിരോധനം മാത്രമായിരുന്നില്ല പ്രക്ഷോഭകാരണം.
● ‘നെപ്പോ കിഡ്‌സ്’ അഥവാ സ്വജനപക്ഷപാതത്തിനെതിരെയും പ്രതിഷേധമുയർന്നു.
● പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു.

നവോദിത്ത് ബാബു 

(KVARTHA) ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലുണ്ടായ യുവജന പ്രക്ഷോഭം ഒരു ഭരണകൂടത്തെത്തന്നെ അട്ടിമറിച്ചിരിക്കുകയാണ്. കലാപകാരികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ ചർച്ച ചെയ്യാതെ തോക്ക് ഉപയോഗിച്ച് നേരിടാനിറങ്ങിയ ഭരണകൂടം രക്തരൂക്ഷിതമായ ഒരു അധ്യായമാണ് എഴുതിച്ചേർത്തത്. 

Aster mims 04/11/2022

ഇതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് രാജിവെച്ച് പുറത്തുപോകേണ്ടിയും വന്നു. രാജ്യം മുഴുവൻ അനിശ്ചിതാവസ്ഥയിലായ ഈ സാഹചര്യത്തിൽ യുവജന പ്രക്ഷോഭങ്ങളിൽ ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. 

എന്നാൽ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ പ്രധാനമന്ത്രിയുടെ ഭാര്യ ഉൾപ്പെടെ പ്രതിഷേധക്കാർ വസതിക്ക് തീയിട്ടതിനാൽ കൊല്ലപ്പെട്ടു. ദുർബലമായ ഭരണകൂടത്തിന് ഈ ജനകീയ പ്രക്ഷോഭത്തെ ജനാധിപത്യപരമായ രീതിയിൽ നേരിടാൻ കഴിയാതെ വന്നത് കലാപത്തെ ആളിക്കത്തിച്ചു.

ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രങ്ങളിൽ ഒന്നാണ് നേപ്പാൾ. ഇന്ത്യയിൽ നിന്ന് വേരുറപ്പിച്ച ബുദ്ധമതത്തിനും ഈ രാജ്യത്ത് വലിയ സ്വാധീനമുണ്ട്. അഹിംസ ജീവിതസന്ദേശമായി ഉയർത്തിപ്പിടിച്ച ബുദ്ധന്റെ അനുയായികളേറെയുള്ള ഈ രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ലോകരാഷ്ട്രങ്ങളെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 

കേവലം സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുള്ള പ്രതിഷേധമായി മാത്രം ഈ പ്രക്ഷോഭത്തെ ചുരുക്കിക്കളയാൻ കഴിയില്ല. അങ്ങനെയായിരുന്നെങ്കിൽ സോഷ്യൽ മീഡിയ വിലക്ക് സർക്കാർ എടുത്തുമാറ്റിയപ്പോൾ പ്രക്ഷോഭവും അവസാനിക്കേണ്ടതായിരുന്നു. 

മാവോവാദികൾക്ക് ഏറെ സ്വാധീനമുള്ള രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. പ്രചണ്ഡയുൾപ്പെടെ പല മാവോയിസ്റ്റുകളും അവിടെ പ്രധാനമന്ത്രിമാരായി ഭരിച്ചിട്ടുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

സ്‌കൂൾ, കോളേജ് വേഷങ്ങളിൽത്തന്നെ നേപ്പാളിലെ യുവതീയുവാക്കൾ തെരുവിലിറങ്ങിയപ്പോൾ ലോകം അതിനെ വിളിച്ചത് ‘ജൻസി അപ്പ്രൈസിങ്’ എന്നാണ്. സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്ന നേപ്പാൾ സർക്കാർ തീരുമാനത്തിന് പിന്നാലെ ലോകം കണ്ടത് അസാധാരണമായ ഒരു യുവജന പോരാട്ടമാണ്. 

ഈ തീരുമാനം നേപ്പാൾ സർക്കാർ പെട്ടെന്ന് പിൻവലിച്ചെങ്കിലും പ്രതിഷേധക്കാർ പിന്നോട്ടില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. വെറും വാട്സാപ്പും ഫേസ്ബുക്കും മാത്രമാണ് ഇവരെ തെരുവിലിറക്കിയതെന്ന് വിചാരിച്ചാൽ നമുക്ക് തെറ്റി. ഇതിനെല്ലാമപ്പുറം രാജ്യം നേരിടുന്ന, നേപ്പാളിലെ യുവതീയുവാക്കൾ നേരിടുന്ന നിരവധി പ്രതിസന്ധികളാണ് അവരെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. 

അഴിമതി, തൊഴിലില്ലായ്മ, ധൂർത്ത് എന്നിങ്ങനെ യുവജനങ്ങൾ ഉയർത്തിക്കാണിച്ച പ്രശ്നങ്ങൾ ഒട്ടേറെയായിരുന്നു. വലിയ സമ്മർദ്ദത്തിനൊടുവിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചുകഴിഞ്ഞു. നേപ്പാളിൽ ഇനിയെന്ത് എന്ന ചോദ്യവും ഇതോടെ ബാക്കിയാവുകയാണ്.

‘You Stole Our Dreams’, ‘Youth Against Corruption’ എന്നിങ്ങനെയാണ് നേപ്പാളിൽ നിന്ന് ഉയർന്ന മുദ്രാവാക്യങ്ങൾ. ഇതിൽ നിന്ന് പ്രതിഷേധത്തിന്റെ കാതൽ എന്താണെന്ന് വ്യക്തമാണ്. അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെയാണ് യുവജനങ്ങൾ സംഘടിക്കുന്നത്. ‘സഹിച്ചത് മതി’ എന്നാണ് അവർ പറയുന്നത്. രാജിവെച്ച പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയടക്കം നിരവധി മന്ത്രിമാരാണ് നേപ്പാളിൽ അഴിമതി ആരോപണങ്ങൾ നേരിടുന്നത്. 

ഗിരി ബന്ധു ടീ എസ്റ്റേറ്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദ ഭൂമി കൈയേറ്റ കേസ് മുതൽ ഭൂമി അഴിമതി, വിസ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഇവർ നേരിടുന്നത്. കൈക്കൂലിക്കേസിൽ ഒലി സർക്കാരിലെ മന്ത്രിയായിരുന്ന രാജ്‌കുമാർ ഗുപ്ത ഈ വർഷം ജൂലൈയിലാണ് രാജിവെച്ചത്. 

മറ്റൊരു മന്ത്രിയായ ബൽറാം അധികാരിയും ഈ അഴിമതിയിൽ പങ്കാളിയാണ്. ഇതിനെല്ലാമപ്പുറം വിസ തട്ടിപ്പ്, പൊഖാറ വിമാനത്താവളവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് എന്നിവയെല്ലാം ഒലി സർക്കാരിനെതിരെ യുവജന പ്രക്ഷോഭത്തിൽ കുന്തമുനയായി മാറി.

തൊഴിലില്ലായ്മ മൂലം നേപ്പാളിലെ യുവതീയുവാക്കൾ ദുരിതത്തിലാണ്. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലിയോ അല്ലെങ്കിൽ മാന്യമായ കൂലിയോ അവർക്ക് ലഭിക്കുന്നില്ല. കണക്കുകൾ പ്രകാരം 2024-ൽ നേപ്പാളിലെ തൊഴിലില്ലായ്മ നിരക്ക് 10.7 ശതമാനമാണ്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പത്ത് ശതമാനത്തിന് മുകളിലാണ് ഈ നിരക്ക്. 2020-ൽ ഇത് 13 ശതമാനമായി ഉയർന്നിരുന്നു. ഇന്നും ആ നിരക്ക് 10 ശതമാനത്തിന് താഴേക്ക് പോയിട്ടില്ല എന്നത് സ്ഥിതി ഗുരുതരമായി തുടരുന്നുവെന്നതിന്റെ സൂചനയാണ്.

‘നെപ്പോ കിഡ്‌സ്’, അതായത് മന്ത്രിമാരുടെ മക്കൾക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സാധാരണക്കാരായ ജനങ്ങൾ അന്നന്നത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുമ്പോൾ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും മക്കൾ വിദേശത്തും മറ്റും ആഡംബരത്തോടെ കഴിയുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. പ്രതിഷേധത്തിനിടെ അവർ ഉയർത്തിയ പ്ലക്കാർഡുകളിൽ ഭൂരിഭാഗവും ഈ ‘നെപ്പോ കിഡ്‌സി’നെതിരെയുള്ളവയായിരുന്നു. 

‘ഇത് ആരുടെ പണമാണ്?’ എന്നാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന ചോദ്യം. ‘Our Taxes Your Luxury’, ‘We Pay You Flex’ എന്നും ‘Stop Nepotism’ എന്നും യുവജനത മുദ്രാവാക്യങ്ങൾ മുഴക്കി. ഇത്രകാലം എല്ലാം സഹിച്ചും കടിച്ചുപിടിച്ചും ജീവിച്ച ഒരു ജനതയുടെ പെട്ടെന്നുള്ള പ്രതികരണമാണ് നേപ്പാളിലെ ഈ പ്രക്ഷോഭങ്ങൾക്ക് കാരണം. സമൂഹമാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണം അതിന് ഒരു കാരണമായി എന്ന് മാത്രം.

അഴിമതിയിലും കെടുകാര്യസ്ഥതയിലും, തൊഴിലില്ലായ്മയിലും സ്വജനപക്ഷപാതത്തിലും നട്ടംതിരിഞ്ഞിരുന്ന ഒരു ജനതയുടെ പ്രതികരണമാണ് നേപ്പാളിൽ കണ്ടുവരുന്നത്. സമൂഹമാധ്യമങ്ങളും അടച്ചിട്ടാൽ തങ്ങൾ പൂർണമായും ഇല്ലാതാകുമെന്നും അവകാശങ്ങൾ അടിച്ചമർത്തപ്പെടുമെന്നുമുള്ള ബോധ്യമാണ് അവരെ തെരുവിലിറക്കിയത്. നിരോധനം പിൻവലിച്ചിട്ടും പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ല. അവ ഒരു ജനകീയ പ്രക്ഷോഭമായി മാറിയിട്ടുമുണ്ട്. 

അഴിമതി സർക്കാർ രാജിവെക്കണമെന്നും പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിഷേധിക്കുന്ന ജൻസി തലമുറയുടെ ആവശ്യം. ഇതിനെത്തുടർന്നാണ് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചിരിക്കുന്നത്. ഇതോടെ ബംഗ്ലാദേശിന് പിന്നാലെ ഇന്ത്യയുടെ തൊട്ടയൽപക്കമായ നേപ്പാളിലും ഒരു ‘ജനകീയ അട്ടിമറി’ ഉണ്ടായിരിക്കുകയാണ്. നേപ്പാളിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

നേപ്പാളിലെ ഈ പ്രക്ഷോഭത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.


Article Summary: Nepal’s ‘Jansy Uprising’ overthrows the government due to a culmination of issues beyond a social media ban.

#NepalProtest #JansyUprising #NepalPolitics #SocialMediaBan #NepalNews #KPSharmaOli

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia