Suspense End | എന്‍ഡിഎ വിട്ട് ഇന്‍ഡ്യ മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹത്തിന് വിരാമമിട്ട് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും; ഇരുവരും വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു
എന്‍ഡിഎ സഖ്യകക്ഷികളായിരുന്ന ഇരുവരും മോദിയെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ നേരത്തെ പ്രതിപക്ഷത്തോടൊപ്പം നിന്നിരുന്നു
തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വീണ്ടും മറുകണ്ടം ചാടിയത്
ന്യൂഡെല്‍ഹി: (KVARTHA) എന്‍ഡിഎ വിട്ട് ഇന്‍ഡ്യ മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹത്തിന് വിരാമമിട്ട് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും. ബുധനാഴ്ച ഡെല്‍ഹിയിലേക്കുള്ള വിമാനത്തില്‍ അടുത്തുള്ള വരികളില്‍ നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇരിക്കുന്ന ചിത്രം പുറത്തുവന്നതും ഇന്‍ഡ്യ മുന്നണി നേതാക്കളുടെ ട്വീറ്റുകളുമാണ് തിരഞ്ഞെടുപ്പ് ഫലം വന്നതുമുതലുണ്ടായ അഭ്യൂഹം ശക്തമാക്കിയത്.
നിതീഷ് കുമാര്‍ ഇന്‍ഡ്യ സഖ്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാണ് ഡെല്‍ഹിയില്‍ എത്തിയതെന്നരീതിയില്‍ വ്യാപകമായ പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ അടക്കം നടന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ഡെല്‍ഹിയിലെത്തിയ നിതീഷും നായിഡുവും എന്‍ഡിഎക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കുകയും വൈകിട്ട് നടന്ന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.
എന്‍ഡിഎ സഖ്യകക്ഷികളായിരുന്ന ഇരുവരും മോദിയെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ നേരത്തെ പ്രതിപക്ഷത്തോടൊപ്പം നിന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വീണ്ടും മറുകണ്ടം ചാടിയത്. ഇരുവരും വീണ്ടും എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതോടെ ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദവിയെന്ന വിഷയം പ്രതിപക്ഷം വീണ്ടും എടുത്തിട്ടു.
ഡോ. മന്‍മോഹന്‍ സിങ് വാഗ്ദാനം ചെയ്തതുപോലെ ആന്ധ്രപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിക്കാന്‍ ബിജെപിക്ക് സാധിക്കുമോയെന്ന് കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ജയ്‌റാം രമേശ് ചോദിച്ചു. ഈ വിഷയത്തില്‍ ഉടക്കിയാണ് 2018ല്‍ നായിഡു എന്‍ഡിഎ വിട്ടത്. നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും സമ്മര്‍ദത്തിലാക്കുന്നതോടെ മൂന്നാം മോദി സര്‍കാര്‍ പ്രതിരോധത്തിലാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം.
അതിനിടെ മോദിയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നേരത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് മോദി രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.