Modi's Oath | മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മാലിദ്വീപ് പ്രസിഡന്റും! ചടങ്ങിനെത്തുക 7 വിദേശ നേതാക്കൾ; 8000 അതിഥികൾ സാക്ഷിയാകും

 
Modis Oath


നരേന്ദ്ര മോദിക്കൊപ്പം 27 മുതൽ 30 വരെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും

 

ന്യൂഡെൽഹി: (KVARTHA) മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി നരേന്ദ്ര മോദി. രാഷ്ട്രപതിഭവൻ അങ്കണത്തിൽ ഞായറാഴ്ച വൈകീട്ട് 7.15നാണ് സത്യപ്രതിജ്ഞ ചടങ്ങ്. വെള്ളിയാഴ്ച ചേർന്ന എൻഡിഎ യോഗത്തിൽ മോദിയെ പാർലമെൻ്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ രാഷ്ട്ര നേതാക്കളടക്കം 8000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 27 മുതൽ 30 വരെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. 

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, സെയ്‌ഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത്, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു എന്നിവർ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ചൈന, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് ആർക്കും ക്ഷണമില്ല. 

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന വിദേശ നേതാക്കൾക്കായി രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് ഒരുക്കുമെന്ന് കേന്ദ്ര സർക്കാരിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതുകൂടാതെ ചടങ്ങിനായി 8000-ത്തിലധികം അതിഥികൾക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരാണ് അതിഥികളായി എത്തുക. ഇതിനിടെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയിലേക്ക് 

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സർക്കാരിൻ്റെ ക്ഷണം മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു സ്വീകരിച്ചു. മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവർ ക്ഷണക്കത്ത് പ്രസിഡൻ്റ് മുയിസുവിന് നൽകിയതായി മാലിദ്വീപ് പ്രസിഡൻ്റിൻ്റെ ഓഫീസ് പ്രസ്താവനയിറക്കി. ഇന്ത്യയുമായുള്ള നയതന്ത്ര- ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടി നരേന്ദ്രമോദിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന്, ക്ഷണം സ്വീകരിച്ച ശേഷം മാലദ്വീപ് പ്രസിഡന്റ് വ്യക്തമാക്കി. 

മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡൻ്റായതിന് ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തിൽ അകൽച്ച വർധിച്ചിട്ടുണ്ട്. പ്രസിഡൻ്റായ ഉടൻ തന്നെ മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശന വേളയിൽ മൂന്ന് മാലിദ്വീപ് മന്ത്രിമാർ അധിക്ഷേപകരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഇവരെ പിന്നീട് മാലിദ്വീപ് സർക്കാർ നീക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് മുയിസു ഇന്ത്യയിലെത്തുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia