നരേന്ദ്ര മോദി @ 75; വിജയവും വിവാദങ്ങളും നിറഞ്ഞ രാഷ്ട്രീയ ജീവിതം


ADVERTISEMENT
● ഗുജറാത്ത് മുഖ്യമന്ത്രിയായി 2001 മുതൽ 2014 വരെ തുടർച്ചയായി പ്രവർത്തിച്ചു.
● 2002-ലെ ഗുജറാത്ത് കലാപം മോദിയുടെ ഭരണകാലത്ത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി.
● 2016-ലെ നോട്ട് നിരോധനം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ ബാധിച്ചുവെന്ന് ആരോപണം.
● ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി.
● ആർഎസ്എസുമായി ബന്ധപ്പെട്ട റിട്ടയർമെൻ്റ് അഭ്യൂഹങ്ങൾ തള്ളി.
● രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന രണ്ടാമത്തെ പ്രധാനമന്ത്രി.
ഭാമനാവത്ത്
(KVARTHA) പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോഡി 75ലേക്ക്. 2014 മുതൽ ഇന്ത്യൻ പ്രധാനമന്ത്രിയായി തുടരുന്ന അദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പദവിയിലിരുന്നതിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ തൊട്ടു താഴെ രണ്ടാം സ്ഥാനക്കാരൻ ആണ്. തുടർച്ചയായ മൂന്നാമത് തെരഞ്ഞെടുപ്പ് വിജയം വഴിയാണ് മോഡി ഇപ്പോൾ അധികാരത്തിൽ തുടരുന്നത്.

2001 മുതൽ 2014 വരെ തുടർച്ചയായി ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹം ആ പദവിയിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത്. നിലവിൽ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നുള്ള ലോക്സഭാംഗമാണ്.
വടക്കു കിഴക്കൻ ഗുജറാത്തിൽ 1950 സെപ്റ്റംബർ 17 ജനിച്ച മോഡി എട്ടാം വയസ് മുതൽ ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പതിനെട്ടാമത് വയസ്സിൽ യശോദാ ബൻ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. എങ്കിലും മുഴുവൻ സമയ പ്രചാരകൻ എന്ന രൂപത്തിൽ മാറിയതിനാൽ ആ ബന്ധം തുടരുകയുണ്ടായില്ല. നാല് പതിറ്റാണ്ടുകൾക്ക് ശേഷം നിയമപരമായി ആവശ്യം വന്നപ്പോൾ മാത്രമാണ് മോഡി ഈ ബന്ധം സ്ഥിരീകരിച്ചത്.
1971 മുതൽ ആർഎസ്എസിന്റെ സജീവ പ്രചാരക് ആയിരുന്ന മോഡിയോട് 1985 മുതൽ പ്രവർത്തനം ബിജെപിയിലേക്ക് മാറ്റാൻ സംഘടന നിർദ്ദേശിക്കുകയായിരുന്നു. ഗുജറാത്തിൽ പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം നിരവധി ശ്രേണികൾ കടന്നു അഖിലേന്ത്യ ജനറൽ സെക്രട്ടറി പദം വരെ എത്തി. 1989 - 95 കാലഘട്ടത്തിൽ ഗുജറാത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ച മോഡി പാർട്ടിയെ ഭരണത്തിൽ കൊണ്ടുവരാൻ വേണ്ടി ഏറെ പ്രവർത്തിച്ചു.
കേശുഭായി പട്ടേൽ അധികാരം ഒഴിഞ്ഞതിനെ തുടർന്ന് 2001ൽ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2002ൽ ഗുജറാത്തിലെ ഗോദ്രയിൽ നടന്ന വംശീയ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെട്ടത് മോഡിയുടെ ഭരണകാലത്ത് ഏറെ വിവാദം ഉണ്ടാക്കിയ സംഭവമാണ്. ഗുജറാത്ത് കലാപത്തിൽ മോഡിയുടെ പങ്കിനെപ്പറ്റി അനുകൂലമായും പ്രതികൂലമായും നിരവധി പ്രചാരങ്ങൾ ഉണ്ട്.
കലാപം അന്വേഷിക്കാൻ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാകേണ്ടിയും വന്നു മോഡിക്ക്. ഗുജറാത്ത് കലാപത്തിലെ പങ്കിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽ വിസ നിരോധനം നേരിട്ട മോഡിക്ക് 2014 പ്രധാനമന്ത്രി ആയതിനുശേഷം ആണ് വിസ വിലക്കുകൾ റദ്ദാക്കപ്പെട്ടത്. കലാപത്തെ തുടർന്ന് നടന്ന 2002ലെ തിരഞ്ഞെടുപ്പിലും മോഡി ഗുജറാത്തിൽ അധികാരം നിലനിർത്തുകയായിരന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുകയും 1984 നു ശേഷം ഒരു കക്ഷിക്ക് ഒറ്റക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുക എന്ന കാര്യം ആ തിരഞ്ഞെടുപ്പ് വഴി ബിജെപി നേടുകയും ചെയ്തു.
ഭരണത്തിന്റെ ആദ്യഘട്ടത്തിൽ 2016 നവംബർ എട്ടിന് കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം എന്ന പേരിൽ 500, 1000 നോട്ടുകൾ നിരോധിച്ചത് ഏറെ വിവാദം ഉണ്ടാക്കിയ മറ്റൊരു കാര്യമായിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന ആരോപണം ശക്തമാണ്. ചെറുകിട വ്യവസായങ്ങൾ തകർന്നടിയുകയും തൊഴിലില്ലായ്മ വർധിക്കുകയും ചെയ്തു, കോർപ്പറേറ്റുകൾക്ക് അനുകൂലമായ നയങ്ങൾ നടപ്പാക്കുമ്പോൾ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുകയും ചെയ്തു തുടങ്ങിയ ആരോപണങ്ങളും മോദി സർക്കാരിനെതിരെ നിരന്തരം ഉയരുന്നുണ്ട്.
രാജ്യത്തിന്റെ ആസൂത്രണ വ്യവസ്ഥ നിയന്ത്രിച്ചിരുന്ന ആസൂത്രണ കമ്മീഷൻ ഒഴിവാക്കി നീതി ആയോഗ് എന്ന പേരിൽ പുനസ്ഥാപിച്ചത് ഭരണത്തിന്റെ ആദ്യ വർഷം തന്നെ ആയിരുന്നു. പരിസ്ഥിതി മാലിന്യത്തിനെതിരെ സ്വച്ച് ഭാരത് എന്ന പേരിൽ തുടങ്ങിയ പരിപാടി ശ്രദ്ധേയമായി. രാജ്യത്തിന്റെ സ്വയം പര്യാപ്ത ലക്ഷ്യമാക്കി ആത്മനിർഭർ ഭാരത് എന്ന പരിപാടി വഴി സ്വദേശി പ്രോത്സാഹിപ്പിക്കാൻ ഗവൺമെന്റ് പ്രത്യേക പരിപാടികൾ നടപ്പിലാക്കി.
യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിയിൽ സംവരണം നൽകിയ ഭരണഘടന ഭേദഗതി ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. രണ്ടാം മോഡി സർക്കാരാണ് ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ചത്.
നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യയുടെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവത്തിന് കാര്യമായ വെല്ലുവിളികൾ നേരിട്ടുവെന്ന് പല നിരൂപകരും ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനും വിമർശകരുടെ ശബ്ദം ഇല്ലാതാക്കാനും ഭരണകൂടം ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ശക്തമാണ്.
ഭരണകൂടത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഭീഷണി നേരിടുന്നു. കർഷകസമരങ്ങൾ, പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ തുടങ്ങിയ ജനകീയ സമരങ്ങളെ സർക്കാർ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു, കൂടാതെ, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ സിബിഐ, ഇഡി തുടങ്ങിയവയെ രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന വിമർശനങ്ങളും വ്യാപകമാണ്.
രാജ്യത്തെ തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉയർത്തിയ വോട്ട് ചോരി വിവാദം കത്തിപ്പടന്നു നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. രാജ്യത്ത് വിവാദ വിഷയങ്ങൾ കടന്നുവരുമ്പോൾ അതിന് മറകടക്കാൻ പറ്റിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി അതിനെ പ്രതിരോധിക്കുന്ന രീതി കഴിഞ്ഞ കുറേ വർഷത്തോളമായി തുടരുന്ന മോഡി ഇവിടെയും അതേ രീതിയിൽ തന്നെ തുടരുകയാണ് എന്ന് പ്രതിപക്ഷം വിമർശിക്കുന്നു.
അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെ ‘പ്രിയ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച മോഡി, പിന്നീട് ട്രംപുമായി തെറ്റിപ്പിരിയുന്നതിനും റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളുമായി സൗഹൃദം കൂട്ടുന്നതിനും ആണ് കാലം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് പാർട്ടിയിലും സർക്കാരിലും പൂർവാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂർത്തിയാക്കുന്നത്. നിർണായക സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മോദിയല്ലാതെ മറ്റൊരു നേതാവിനെയും പകരം വയ്ക്കാൻ ബിജെപിക്കില്ല.
ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ 17 ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതയാത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ മായ്ക്കാനാകാത്ത ഏടാവുകയാണ്. പതിനേഴാം വയസിൽ വീട് വിട്ട് ആർഎസ്എസിലൂടെ തുടങ്ങിയ പൊതുപ്രവർത്തനം, 1987 ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജന സെക്രട്ടറി, 2001ൽ ഗുജറാത്ത് മുഖ്യമന്ത്രി, ഗുജറാത്ത് കലാപത്തിന് ശേഷമുള്ള വിവാദങ്ങൾ നേരിട്ട് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി. പടിപടിയായി ഉയർന്ന് നരേന്ദ്ര മോദി ഇന്ന് ബിജെപിയിൽ കരുത്തനാണ്. സംഘപരിവാർ സ്വപ്നം കണ്ട പല ലക്ഷ്യങ്ങളും മോദിക്ക് കീഴിൽ പൂർത്തിയാക്കി. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, വഖഫ് നിയമ ഭേദഗതിയും പല സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പാക്കുന്നതും മോദി ഭരണത്തിന് കീഴിലാണ്.
അപ്പോഴും ആർഎസ്എസുമായുള്ള മോദിയുടെ ബന്ധമാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ ചർച്ചയായത്. 75 പിന്നിട്ട നേതാക്കളെ നേരത്തെ മാർഗ്ഗനിർദ്ദേശക മണ്ഡലിലേക്ക് മാറ്റിയ മോദിയോടും ആർഎസ്എസ് റിട്ടയർമെൻ്റിന് നിർദ്ദേശിക്കുമോ എന്നായിരുന്നു അഭ്യൂഹം. എന്നാൽ സർസംഘചാലക് മോഹൻ ഭാഗവത് ഈ അഭ്യൂഹം തള്ളി. ഉപരാഷ്ട്രപതി പദത്തിൽ ഒരു ആർഎസ്എസുകാരനെ എത്തിച്ചും റിട്ടയർമെൻ്റ് ചർച്ചകൾ മറികടന്നും, അമേരിക്കയുമായുള്ള ഭിന്നത പരിഹരിച്ചും ജന്മദിനത്തിൽ മോദി ഭരണസ്ഥിരത കൂടി ഉറപ്പാക്കുകയാണ്.
ജൂലൈയിൽ ഇന്ദിരാഗാന്ധിയുടെ റെക്കോഡ് മറികടന്ന് രാജ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നേട്ടവും മോദിയുടെ പേരിലായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം കരുത്തുകാട്ടിയെങ്കിലും ഹരിയാന, മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റക്ക് നയിച്ച് നേടിയ മിന്നും വിജയങ്ങളിലൂടെ തനിക്ക് എതിരാളികളില്ലെന്ന് മോദിക്ക് തെളിയിക്കാനായി. ഓപ്പറേഷൻ സിന്ദൂർ പ്രതിച്ഛായ ഉയർത്താൻ മോദിയെ സഹായിച്ചു.
എഴുപത്തഞ്ചാം വയസ്സിൽ താൻ എവിടെയും പോകുന്നില്ല എന്ന സന്ദേശം മോദി നല്‍കുകയാണ്. പാർട്ടിയിൽ മോദിക്ക് പകരം വയ്ക്കാൻ തല്ക്കാലം ഒരു നേതാവ് ഇല്ല. 2029ലും മോദി തന്നെ നയിക്കാനുള്ള സാധ്യതയാണ് എഴുപത്തഞ്ച് വയസ് പൂർത്തിയാകുന്ന ഈ വേളയിലും തെളിയുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ!
Article Summary: Narendra Modi's 75th birthday, a journey of political victories and controversies.
#NarendraModi #Modi75 #IndianPolitics #BJP #NarendraModiBirthday #PoliticalJourney