Mysterious Death | ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിലെ ദുരൂഹത തുടരുന്നു; സ്‌ഫോടനത്തിനായി ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോംബ് ഉപയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍
ഇസ്രാഈലാണ് കൊലയ്ക്ക് പിന്നിലെന്ന് ആരോപിച്ച് ഹമാസും ഇറാനും രംഗത്തെത്തിയെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇസ്രാഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.
ആഗസ്റ്റ് ഒന്നിന് പുലര്‍ചെ രണ്ട് മണിക്കാണ് ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ഫോടനം നടന്നത്.
ന്യൂയോര്‍ക്: (KVARTHA) ഹമാസ് രാഷ്ട്രീയ കാര്യ സെക്രടറി ഇസ്മാഈല്‍ ഹനിയ ഇറാന്‍ (Iran) തലസ്ഥാനമായ ടെഹ്റാനില്‍ വെച്ച് കൊല്ലപ്പെട്ടതില്‍ (Killed) അടിമുടി ദുരൂഹതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ . നേരത്തെ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് നേരെയുണ്ടായ മിസൈല്‍ അക്രമണമാണ് ഹനിയയുടെയും അംഗരക്ഷകന്റെയും ജീവനെടുത്തതെന്ന പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ നടന്നതെന്ന് വ്യക്തമാക്കുകയാണ് ന്യൂയോര്‍ക് ടൈംസ് ഉള്‍പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍.
അപസര്‍പ്പക കഥയെ വെല്ലുന്ന അടിമുടി ദുരുഹത നിറഞ്ഞ കൊലപാതകമാണ് ഹമാസ് പൊളിറ്റിക്കല്‍ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടേതെന്ന റിപോര്‍ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനാണ് ഹനിയ്യ ടെഹ്റാന്‍ നഗരത്തിലെത്തിയത്. ഇസ്രാഈലാണ് കൊലയ്ക്ക് പിന്നിലെന്ന് ആരോപിച്ച് ഹമാസും ഇറാനും രംഗത്തെത്തിയെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇസ്രാഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.
ആഗസ്റ്റ് ഒന്നിന് പുലര്‍ചെ രണ്ട് മണിക്കാണ് ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ഫോടനം നടന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഗസ്റ്റ് ഹൗസിലെ മെഡികല്‍ സംഘവും മറ്റ് ജീവനക്കാരും ഹനിയയുടെ മുറിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ഹനിയ കൊല്ലപ്പെട്ടെന്ന് മെഡികല്‍ ടീം പറഞ്ഞു. ഇദ്ദേഹത്തിന്റെ അംഗരക്ഷകനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ഒരു ഭിത്തി തകര്‍ന്നു. കൂടാതെ ജനലുകളും ഇളകിത്തെറിച്ചു.
ഗസ്റ്റ് ഹൗസില്‍ ഒളിച്ചു സൂക്ഷിച്ചിരുന്ന ഒരു ബോംബാണ് ഹനിയയുടെ കൊലയ്ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. കൊലപാതകം നടത്തുന്നതിന് രണ്ട് മാസം മുമ്പേ ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചു വെച്ചതായി പശ്ചിമേഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തിട്ടുണ്ട്.
ഗസ്റ്റ് ഹൗസില്‍ ഹനിയയുടെ മുറിയ്ക്ക് തൊട്ടടുത്താണ് ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് അല്‍ നക്ലാഹ് ആ ദിവസം കഴിഞ്ഞിരുന്നത്. സ്ഫോടനത്തില്‍ ഇദ്ദേഹത്തിന്റെ മുറിയില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇതില്‍ നിന്നും ഹനിയയുടെ കൊലപാതകം വിദഗ്ധമായി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണെന്നാണ് ഇറാന്‍ പൊലീസിനെ ഉദ്ധരിച്ച് കൊണ്ടുള്ള മാധ്യമ വിലയിരുത്തലുകള്‍.
ടെഹ് റാനിലെ തന്ത്രപ്രധാന മേഖലയിലാണ് ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലാണ് ഗസ്റ്റ് ഹൗസും പരിസരവും. ടെഹ് റാനിലെത്തുമ്പോഴെല്ലാം ഹനിയ ഈ ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. അതേസമയം ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ബോംബാണ് ഹനിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുകയെന്ന് ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
ഹനിയയുടെ കൊലപാതകത്തിന്റെ കൃത്യതയും സങ്കീര്‍ണതയും വിലയിരുത്തുമ്പോള്‍ 2020ല്‍ ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ് സെന്‍ ഫക്രിസാദെയെ കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ ഉപയോഗിച്ച രീതിയുമായി സാമ്യമുണ്ടെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്യുന്നു. വിദൂരതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ട് ഉപയോഗിച്ചായിരുന്നു ഫക്രിസാദെയുടെ കൊലപാതകം.
ഇസ്രാഈല്‍ തന്നെയാണ് ഹനിയയുടെ കൊലയ്ക്ക് പിന്നിലെന്ന് ഹമാസും ഇറാനും ആരോപിച്ചു. ചില യുഎസ് ഉദ്യോഗസ്ഥരും ഇതേ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ ദൗത്യത്തിന്റെ പ്രത്യേകതകളെപ്പറ്റി ഇസ്രാഈല്‍ രഹസ്യാന്വേഷണ വിഭാഗം യുഎസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നുവെന്ന് പശ്ചിമേഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തു. എന്നാല്‍ കൊലപാതകത്തെപ്പറ്റി തങ്ങള്‍ക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന് യുഎസ് സെക്രടറി ഓഫ് സ്റ്റേറ്റ് ആയ ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രാഈലിന് പുറത്ത് നടത്തുന്ന ഇത്തരം കൊലപാതകങ്ങളുടെ ഉത്തരവാദിത്തം രാജ്യത്തെ ചാര സംഘടനയായ മൊസാദിനാണ്.
ഹമാസ് നേതാക്കളെ തിരഞ്ഞു പിടിച്ചു വകവരുത്തുമെന്ന് മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍ണിയ ഇക്കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞതും ഇവിടെ ഓര്‍ക്കേണ്ടതാണെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തു. അതേസമയം ഹനിയയുടെ വധത്തില്‍ ഇസ്രാഈലിനോട് പകരം ചോദിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി പറഞ്ഞു.
ഇറാന്റെ മണ്ണിലാണ് ഹനിയയുടെ രക്തം ചീന്തിയതെന്നും പകരം ചോദിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഖൊമേനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതു പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യങ്ങളുടെ അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഹമാസ് പൊളിറ്റികല്‍ സെക്രടറിയായ ഹനിയയുടെ കൊലപാതകം ഇസ്രാഈലിനെതിരെയുള്ള പോരാട്ടങ്ങളുടെ മൂര്‍ച കുറച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.