Nikesh Kumar | മാധ്യമപ്രവർത്തകനിലെ രാഷ്ട്രീയക്കാരൻ വീണ്ടും കളത്തിലിറങ്ങുമ്പോൾ

 
Nikesh Kumar
Nikesh Kumar


സിപിഎം ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് കൂടെ ചേരുന്നത്

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) മാധ്യമപ്രവർത്തകർ രാഷ്ട്രീയക്കാരാവുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ലോകം കണ്ട ഏറ്റവും വലിയനേതാക്കളിലൊരാളായ മഹാത്മ ഗാന്ധി ഇന്ത്യയെ ഇളക്കിമറിച്ച മുഖപ്രസംഗങ്ങളും വാർത്തകളും എഴുതിയ പത്രാധിപരുമായിരുന്നു. കണ്ണൂരുകാരനായ പാമ്പൻ മാധവൻ പത്രപ്രവർത്തകനും അതേസമയം കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. തൂലിക പടവാളാക്കുകയും അതേസമയം സാമൂഹ്യമാറ്റത്തിനായി രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനം നടത്തുകയും ചെയ്തവർ കേരളത്തിൻ്റെ ചരിത്രത്തിൽ എത്രയോ പേരുണ്ട്. 

NIKESH KUMAR

എഴുത്ത്, രാഷ്ട്രീയം, മാധ്യമ പ്രവർത്തനം എന്നിവയ്ക്ക് നാഭീനാള ബന്ധമുണ്ട്. ഇപ്പോൾ റിപ്പോർട്ടർ ചാനൽ മുൻ മേധാവിയും എഡിറ്റോറിയൽ ഹെഡുമായ എം വി നികേഷ് കുമാർ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്ന വാർത്തകളാണ് കേൾക്കുന്നത്. മുൻ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ എം വി രാഘവൻ്റെ മകനാണെന്ന ബന്ധം രാഷ്ട്രീയവുമായി നികേഷിനുണ്ട്. പല തവണ ഛിന്നഭിന്നമായി പോയ പിതാവ് രൂപീകരിച്ച സിഎംപി യുടെ ഒരു ചെറിയ വിഭാഗത്തിൻ്റെ പ്രതിനിധി കൂടിയാണ് അദ്ദേഹം. ഫലത്തിൽ സിപിഎമ്മുമായി ലയിച്ച പോലെയാണ് അരവിന്ദാക്ഷൻ വിഭാഗം പ്രവർത്തിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്നും എം വി നികേഷ് കുമാർ കെ എം ഷാജിയോട് മത്സരിച്ചു തോൽക്കുന്നത്. പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തത്തിൽ മത്സരിച്ചിട്ടും സ്വന്തം ജന്മനാടായ കണ്ണൂരിലെ അഴീക്കോട് നികേഷ് കുമാർ രണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോറ്റത് രാഷ്ട്രീയ ഭാവിക്ക് തന്നെ മങ്ങൽ ഏൽപ്പിച്ചു. അഴീക്കോട്  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലിനജലമുള്ള കിണറിൽ ഇറങ്ങി നികേഷ് കുമാർ ജനകീയ പ്രശ്നങ്ങൾ ഉയർത്തി കാട്ടിയത് ഇന്നും സോഷ്യൽ മീഡിയയിൽ ട്രോളുകളായി നില നിൽക്കുന്നുണ്ട്. 

വീണ്ടും മാധ്യമ രംഗത്ത് പിൻവലിഞ്ഞ നികേഷ് കുമാർ റിപ്പോർട്ടർ ടി വിയിൽ ഇടതുപക്ഷത്തിനായി കൈമെയ് മറന്ന് പൊരുതുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അന്ധമായ രാഷ്ട്രീയത്തിൻ്റെ പടിയിൽ അമർന്നു പോയ നികേഷ് കുമാറെന്ന മാധ്യമ പ്രവർത്തകൻ സഹപ്രവർത്തകരാൽ പോലും പരിഹസിക്കപ്പെട്ടു സ്വയം റദ്ദു ചെയ്യുന്ന കാഴ്ചയാണ് കേരളീയ സമൂഹം കണ്ടത്. ഇപ്പോൾ വീണ്ടും രാഷ്ട്രീയത്തിലിറങ്ങുന്ന നികേഷ്, സിപിഎം ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് കൂടെ ചേരുന്നത് 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പടപ്പുറപ്പാടിലാണ് നികേഷ് കുമാറെന്നാണ് സൂചന. രാഷ്ട്രീയത്തിൽ നേരത്തെ ഇറങ്ങിയ രണ്ടു സഹോദരങ്ങൾ സി.എം.പിയിലെ ചില കഷ്ണങ്ങൾ പാർട്ടിയാക്കി നിലനിൽക്കുന്നുണ്ടെങ്കിലും ഒരു കാലത്ത് തൻ്റെ പിതാവ് എം വി രാഘവൻ നേതൃത്വം നൽകിയ സിപിഎമ്മിലൂടെ രാഷ്ട്രീയ മേൽവിലാസമുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് നികേഷ് കുമാർ.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia