ഷെർഷാദ് മമ്മൂട്ടിക്കെതിരെ പരാതി നൽകിയ ആൾ: കത്ത് വിവാദത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം വി ജയരാജൻ


● ഷെർഷാദിൻ്റെ ഭാര്യ നൽകിയ പരാതിയാണ് ആദ്യം പരിശോധിക്കേണ്ടത്.
● ഒരു സി.പി.എം. നേതാവിനോ മകനോ വിഷയത്തിൽ പങ്കില്ലെന്ന് ജയരാജൻ.
● നേരത്തെ പി. ജയരാജനും തോമസ് ഐസക്കും ഷെർഷാദിനെ വിമർശിച്ചിരുന്നു.
കണ്ണൂർ: (KVARTHA) സി.പി.എമ്മിൽ വിവാദമായ കത്ത് ചോർന്ന സംഭവത്തിൽ മാഹി പെരിങ്ങാടി സ്വദേശി മുഹമ്മദ് ഷെർഷാദിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സി.പി.എം. നേതൃത്വം.
യു.കെ. വ്യവസായി രാജേഷ് കൃഷ്ണയെ പരോക്ഷമായി ന്യായീകരിച്ചും ഷെർഷാദിനെ രൂക്ഷമായി വിമർശിച്ചും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയം പാർട്ടിയുടെതല്ല, മറിച്ച് രണ്ടുപേർ തമ്മിലുള്ള മാനനഷ്ടക്കേസാണെന്ന് അദ്ദേഹം പറഞ്ഞു. രാജേഷിനെതിരെ ഷെർഷാദ് പരാതി നൽകുന്നു, ഷെർഷാദിനെതിരെ ഭാര്യ പരാതി നൽകുന്നു. നടൻ മമ്മൂട്ടിക്കെതിരെ പോലും പരാതി നൽകിയയാളാണ് ഷെർഷാദ്.
ഇവർക്കൊക്കെ മാനമുണ്ടോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. രാജേഷ് കൃഷ്ണ 10 കോടിയുടെ മാനനഷ്ടക്കേസാണ് ഡൽഹി ഹൈകോടതിയിൽ നൽകിയിരിക്കുന്നത്. രണ്ടാളുകൾ തമ്മിലുള്ള തർക്കം പാർട്ടി വിഷയമല്ല. ഷെർഷാദിന് മാനമുണ്ടെങ്കിൽ, കോടതി നിർദേശിച്ച ജീവനാംശം ഭാര്യയ്ക്കും മക്കൾക്കും നൽകുകയാണ് വേണ്ടത്.
ഷെർഷാദിന്റെ ആരോപണങ്ങളിൽ ഒരു സി.പി.എം. നേതാവിനോ മകനോ പങ്കില്ല. മാധ്യമങ്ങൾ കൂരിരുട്ടിൽ പൂച്ചയെ തപ്പുകയാണ്. പച്ചക്കള്ളങ്ങൾക്ക് അല്പായുസ്സേയുള്ളൂ. ലോക കേരളസഭയിൽ രാജേഷ് കൃഷ്ണ വന്നതിൽ തെറ്റില്ല, കാരണം ഒരുപാട് പേർ അവിടെ വന്നിട്ടുണ്ട്. അതിൽ പലരും ഇന്ന് കുത്തുപാളയെടുത്ത നിലയിലാണ്.
ഷെർഷാദിന്റെ ഭാര്യ നൽകിയ പരാതിയാണ് ആദ്യം പരിശോധിക്കേണ്ടതെന്നും എം.വി. ജയരാജൻ പറഞ്ഞു. സി.പി.എം. നേതാവ് പി. ജയരാജനും മുൻ മന്ത്രി തോമസ് ഐസക്കും ഷെർഷാദിനെതിരെ വിമർശനവുമായി നേരത്തെ രംഗത്തുവന്നിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.
Article Summary: CPI(M) leader MV Jayarajan criticizes Sherzad in letter controversy.
#MVJayarajan #CPM #KeralaPolitics #Controversy #Sherzad #Mammootty