വിമർശനങ്ങളെ അടിച്ചൊതുക്കുന്നത് സർക്കാരിന്റെ നയമല്ല: കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എം വി ജയരാജൻ


● ഈ സർക്കാരിന്റെ കാലത്ത് 114 ഉദ്യോഗസ്ഥരെ പുറത്താക്കി.
● മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
● കെ ടി ജലീലിന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു.
● രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകും.
● അടൂരിലെ പോലീസ് മർദ്ദനവും അന്വേഷിക്കുമെന്നും ജയരാജൻ.
കണ്ണൂർ: (KVARTHA) പോലീസിനെ ഉപയോഗിച്ച് പൊതുപ്രവർത്തകരെ ക്രൂരമായി അടിച്ചൊതുക്കുന്നത് ഇടതുപക്ഷ സർക്കാരിൻ്റെ നയമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജൻ.

പോലീസ് സേനയിലെ ചിലർ ഇത് മനസ്സിലാക്കാതെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നിയമപരമായ നടപടികളുണ്ടാകും. ഈ നാട്ടിൽ എല്ലാത്തിനും നടപടിക്രമങ്ങളുണ്ട്. ഈ സർക്കാരിൻ്റെ കാലത്ത് അതുകൊണ്ടാണ് 114 ഉദ്യോഗസ്ഥരെ സേനയിൽനിന്ന് പുറത്താക്കിയത്.
അടൂരിൽ പോലീസ് മർദ്ദനത്തിൽ ഡി.വൈ.എഫ്.ഐ. നേതാവ് മരണമടഞ്ഞ സംഭവവും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെതിരെ മർദ്ദനമുണ്ടായാലും നടപടിയുണ്ടാകണം.
പോലീസ് മർദ്ദനത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചിട്ടില്ല. നിയമസഭാ സമ്മേളനം വരുന്നുണ്ടല്ലോ, അദ്ദേഹം പ്രതികരിക്കും. ഈ കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടന്നുവരികയാണ്. അതിൻ്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടാകും.
കെ.ടി. ജലീലിൻ്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. പി.കെ. ഫിറോസ് ഇതിന് നൽകിയ മറുപടികൾ 'കുമ്പളങ്ങ കട്ടവന്റെ തലയിലെ നര' പോലെയാണെന്ന് ജയരാജൻ പരിഹസിച്ചു. ആരോപണങ്ങളെല്ലാം തെളിവുകളോടെയാണ് പുറത്തുവന്നത്. ഇതൊന്നും ഫിറോസിന് നിഷേധിക്കാനായിട്ടില്ല.
നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ പ്രശ്നമില്ല. അത് ശരിയോ തെറ്റോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ആരോപണവിധേയരായ എം.എൽ.എമാർ ഇതിനു മുൻപും നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചവരെല്ലാം കോൺഗ്രസിനകത്തുള്ളവരാണ്. അങ്ങനെ വരുമ്പോൾ ആ പാർട്ടിയിൽ സ്വാഭാവികമായ പൊട്ടിത്തെറിയുണ്ടാകും. കോൺഗ്രസിനകത്ത് രാഹുലിനെ സഹായിക്കാൻ പരസ്പര സഹകരണ സംഘങ്ങളുണ്ടെന്നും എം.വി. ജയരാജൻ ആരോപിച്ചു.
എം.വി. ജയരാജന്റെ ഈ പ്രസ്താവനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ.
Article Summary: M.V. Jayarajan says police is not govt policy.
#KeralaPolitics #MVJayarajan #PoliceAction #CPM #KeralaNews #Politics