Obituary | കുട്ടി അഹ്‌മദ്‌ കുട്ടി, പരിസ്ഥിതിയുടെ പോരാളിയായ ഹരിത രാഷ്ട്രീയക്കാരൻ; മുസ്ലിം ലീഗിന് നഷ്ടമായത് തലയെടുപ്പുള്ള നേതാവിനെ

 
Muslim League Leader K. Kutty Ahmed Kutty Passes Away

Photo: Facebook/ PK Kunhalikutty

നല്ലൊരു വായനക്കാരനായിരുന്ന കുട്ടി അഹ്‌മദ്‌ കുട്ടി, മുസ്ലീം ലീഗിന്റെ ബൗദ്ധിക മുഖമായി കണക്കാക്കപ്പെട്ടിരുന്നു

മലപ്പുറം: (KVARTHA) മുസ്‌ലിംലീഗ് സംസ്ഥാന സെക്രടേറിയറ്റ് അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കുട്ടി അഹ്‌മദ്‌ കുട്ടിയുടെ (71) വിടവാങ്ങലിലൂടെ പാർടിക്ക് നഷ്ടമായത് തലയെടുപ്പുള്ള നേതാവിനെ. ആത്മാർഥത മുഖമുദ്രയാക്കുകയും പൊതു സേവനത്തോട് അടിയുറച്ച പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത്, നിരവധി പരിഷ്കാരങ്ങളും വികസന പദ്ധതികളും നടപ്പിലാക്കിയതിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 

നല്ലൊരു വായനക്കാരനായിരുന്ന കുട്ടി അഹ്‌മദ്‌ കുട്ടി, മുസ്ലീം ലീഗിന്റെ ബൗദ്ധിക മുഖമായി കണക്കാക്കപ്പെട്ടിരുന്നു. ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും രചനകളിലും പ്രകടമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം, സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം  നടത്തുന്നതിൽ നിർണായക പങ്കു വഹിച്ചു.

കുട്ടി അഹ്‌മദ്‌ കുട്ടിയുടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ആശയങ്ങൾ ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ എന്നിവ കേരളത്തെ അടക്കം ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ദീർഘദർശിയായ നിലപാടുകൾ ഇന്ന് പാഠമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ ജീവിതത്തിന് പുറമേ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

മുസ്‌ലിംലീഗ് സംസ്ഥാന സെക്രടറി, വൈസ് പ്രസിഡന്റ്, ലോകൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത് പ്രസിഡന്റായിരുന്നു.

മുസ്‌ലിംലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത് സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്. തിരൂർ എസ്.എസ്.എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു. ഭാര്യ ജഹനാര. മക്കൾ: സുഹാന, സുഹാസ് അഹ്‌മദ്‌, ശഹബാസ് അഹ്‌മദ്‌. മരുമക്കൾ: ശിബു കെ.പി, റജി, മലീഹ. ഖബറടക്കം ഞായറാഴ്ച രാത്രി 8.30 മണിയോടെ വടക്കേപള്ളി ഖബർസ്ഥാനിൽ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia