Allegation | മുസ്‌ലിം വിരുദ്ധത: പിണറായി സർക്കാർ സംഘ്പരിവാറിന്റെ പാതയിലെന്ന് ജമാഅത്തെ ഇസ്‌ലാമി
ADVERTISEMENT
● 'സംഘ്പരിവാർ ബന്ധമുള്ള പൊലീസ് സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്നതിന് പ്രവർത്തിക്കുന്നു.'
● 'വിയോജിക്കുന്നവരെ സി.പി.എം വർഗീയവാദികളായി ചിത്രീകരിക്കുന്നു.'
കോഴിക്കോട്: (KVARTHA) പിണറായി വിജയൻ സർക്കാർ സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയങ്ങളാണ് പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ ആരോപിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇടത് ഭരണം, മുസ്‍ലിം പ്രതിനിധാനം, ഇസ്‍ലാമോഫോബിയ’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായിയുടേത് വോട്ടിനു വേണ്ടിയുള്ള തീക്കളിയാണ് പിന്തുടരുന്നതെന്നും, ഇത് സംസ്ഥാനത്തെ സമാധാനാത്മക അന്തരീക്ഷത്തെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിയോജിക്കുന്നവരെ സി.പി.എം വർഗീയവാദികളായി ചിത്രീകരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിലെ ബന്ധം മറച്ചുവെക്കാനാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്.
സംഘ്പരിവാർ ബന്ധമുള്ള പൊലീസ് സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്നതിന് പ്രവർത്തിക്കുന്നുവെന്നും മുജീബുർറഹ്‌മാൻ ആരോപിച്ചു. മനുഷ്യ കൂട്ടായ്മകളുടെ മേൽ ചെങ്കൊടി നാട്ടിയവർ ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവുമായി ഏത് സംവാദത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സംമേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടുർ, മാധ്യമപ്രവർത്തകരായ എൻ.പി. ചെക്കുട്ടി, ബാബുരാജ് ഭഗവതി, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ടി.പി. അഷ്റഫലി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും സെക്രട്ടറി ടി.പി. സാലിഹ് നന്ദിയും പറഞ്ഞു.
#PinarayiGovernment #JamaateIslami #KeralaPolitics #MuslimRights #SanghParivar #Islamophobia
