Controversy | മുനമ്പത്തെ ഭൂമി പ്രശ്‌നം വഷളാകാതെ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തം; മുഖ്യമന്ത്രി  വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പ്രതീക്ഷ

 
 Munnambam Land Dispute
 Munnambam Land Dispute

Photo Credit: Facebook/ Jose K Mani

● 1902-ൽ ഗുജറാതിൽ നിന്നെത്തിയ അബ്ദുൽ സത്താർ സേട്ട് ഭൂമി വാങ്ങി.
● സിദ്ദീഖ് സേട്ട് ഭൂമി ഫറൂഖ് കോളജിന് വഖഫ് ചെയ്തു.
● നിസാർ കമ്മീഷൻ ഭൂമി വിൽപ്പന കണ്ടെത്തി.

കൊച്ചി: (KVARTHA) മുനമ്പത്തെ ഭൂമി പ്രശ്‌നം വഷളാകാതെ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തം. ഭൂമി തർക്കവുമായി ബന്ധപ്പെട്ട നിയമനടപടികൾ മൂലം പല കുടുംബങ്ങളെയും കുടിയൊഴിപ്പിക്കുമോയെന്ന ഭയത്തിലാണ്. പ്രശ്‌നം സാമുദായിക സൗഹാർദത്തിന് കോട്ടം തട്ടുന്ന രീതിയിലേക്ക് പോകരുതെന്നും പരിഹാരം നീട്ടിക്കൊണ്ട് പോകരുതെന്നുമാണ് രാഷ്ട്രീയ പാർടികളും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 16ന് ഉന്നതതല യോഗം വിളിച്ചുചേർത്ത സാഹചര്യത്തിൽ പ്രശ്നപരിഹാര നടപടികൾക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

പ്രശ്‌നത്തിന്റെ ചരിത്രം:

1902-ൽ ഗുജറാതിൽ നിന്നെത്തിയ അബ്ദുൽ സത്താർ സേട്ട് 406 ഏക്കര്‍ ഭൂമി കൃഷി ആവശ്യത്തിന് തിരുവിതാംകൂര്‍ മഹാരാജാവിൽ നിന്ന് പാട്ടത്തിന് എടുത്തിരുന്നു. പിന്നീട് സത്താര്‍ സേട്ടിന്റെ പിന്‍ഗാമിയായ സിദ്ദീഖ് സേട്ടിന്റെ പേരില്‍ ആ ഭൂമി മഹാരാജാവ് തീറാധാരം ചെയ്തു നല്‍കി. മുസ്ലികളുടെ  വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, ജീവകാരുണ്യ പ്രവർത്തകനുമായ അദ്ദേഹം ഈ ഭൂമി ഫറൂഖ് കോളജിന് വഖഫ് ചെയ്തു. 

കോളജിന് ഭൂമി ആവശ്യമില്ലാതെ വന്നാൽ സിദ്ദീഖ് സേട്ടിനോ അദ്ദേഹത്തിന്റെ അവകാശികൾക്കോ ഭൂമി തിരിച്ചു നൽകണമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം. കോളജ് ഈ ഭൂമി ഉപയോഗപ്പെടുത്തിയില്ലെന്നാണ് പറയുന്നത്. ഫറൂഖ് കോളേജിന്റെ അഭിഭാഷകരായ രണ്ടുപേർ ഈ ഭൂമിയുടെ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. അവര്‍ക്ക് ഫറൂഖ് കോളജ് പവര്‍ ഓഫ് അറ്റോണി നല്‍കിയെന്നും അതുവെച്ച് നിയമപരമായി മീൻ തൊഴിലാളികള്‍ക്ക് ഭൂമി കൈമാറ്റം ചെയ്തുവെന്നുമാണ് മാധ്യമങ്ങൾ റിപോർട് ചെയ്യുന്നത്. 

നിസാർ കമീഷന്റെ കണ്ടെത്തലുകൾ: 

2007ൽ വഖഫ് സ്വത്തുകളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച നിസാർ കമ്മീഷൻ 407 ഏക്കർ ഭൂമിയിൽ 188 ഏക്കർ വില്പന നടത്തിയതായി കണ്ടെത്തി. ഇതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയെ തുടർന്ന് ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ തുടങ്ങണമെന്ന് ഹൈകോടതി നിർദേശിച്ചു. ഇതോടെ ഭൂമിയിലെ ആളുകൾക്ക് കരം അടക്കാനോ വായ്പ എടുക്കാനോ പറ്റാത്ത സ്ഥിതിയായി.

വഖഫ് ബോർഡ് അവരുടെ ഭൂമിയാണെന്ന് അവകാശപ്പെട്ടതോടെ, ഭൂമി വാങ്ങിയ ആളുകൾ പ്രശ്നത്തിലായി. ഈ ആളുകൾ ഇപ്പോൾ തങ്ങളുടെ വീടുകൾ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ്. തങ്ങൾക്ക് ഈ ഭൂമി നിയമാനുസൃതമായി വാങ്ങിയതാണെന്നും, വഖഫ് ബോർഡിന്റെ ഈ ആവശ്യം തെറ്റാണെന്നും ഇവർ വാദിക്കുന്നു. നിയമപോരാട്ടവും വലിയ പ്രതിഷേധങ്ങളും ഇവർ തുടരുകയാണ്. 614 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

വേണം പരിഹാരം 

മുസ്ലീം സംഘടനകളും വിവിധ രാഷ്ട്രീയ പാർടികളും ആരെയും കുടിയിറക്കാതെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നു. സർകാരും ഈ നിലപാടിലാണ്. ഈ പ്രശ്നം മുസ്ലീം സമുദായവും ക്രൈസ്തവരായ ലത്തീൻ കത്തോലിക്കരും തമ്മിലുള്ള വിഷയമായി വ്യാഖ്യാനിക്കപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്.

മുനമ്പം ഭൂമി പ്രശ്നം ഒരു സങ്കീർണമായ സാമൂഹിക-രാഷ്ട്രീയ വിഷയമാണ്. ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് എല്ലാ പക്ഷങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സർകാർ സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉയർന്നതോടെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുള്ളത്.

മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭൂമി സംബന്ധിച്ച അവകാശങ്ങൾ പുനസ്ഥാപിക്കുക, പ്രശ്‌നത്തിന് നിയമപരമായി ശാശ്വത പരിഹാരം കാണുക എന്നിവ മുൻനിർത്തിയാണ് യോഗം ചേരുക. റവന്യൂ, വഖഫ് വകുപ്പ് മന്ത്രിമാരും വഖഫ് ബോർഡ് ചെയർമാനും വകുപ്പ് സെക്രടറിമാരും പങ്കെടുക്കും. ആരെയും കുടിയൊഴിപ്പിക്കാതിരിക്കാനാണ് സർകാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അപകീര്‍ത്തികരമായ പ്രചാരണത്തിനെതിരേ പരാതി

ഇതിനിടെ മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെടുത്തി പാര്‍ട്ടിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ഡിജിപിക്ക് പരാതി നല്‍കി. 

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകളും വിവാദങ്ങളും പുകയുകയാണ്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ വംശീയ താല്‍പ്പര്യത്തോടെ കൊണ്ടുവരുന്ന വഖഫ് ഭേദഗതിയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിന് സംഘപരിവാര ശക്തികളും അവരെ പിന്തുണയ്ക്കുന്നവരും ഈ വിഷയം ഇന്ധനമാക്കി മാറ്റിയിരിക്കുന്നു. വ്യത്യസ്ഥ മത സമൂഹങ്ങള്‍ തമ്മില്‍ ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും അധിവസിക്കുന്ന സംസ്ഥാനത്ത് പരസ്പരം ശത്രുതയും സംഘര്‍ഷങ്ങളും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ചില തല്‍പ്പരകക്ഷികള്‍ രംഗത്തുവന്നിരിക്കുകയാണ്. 

അവിടെ താമസിക്കുന്ന കുടുംബങ്ങളെ ബാധിക്കാത്ത വിധം രമ്യമായി പ്രശ്‌നം പരിഹരിക്കണമെന്നാണ് എസ്ഡിപിഐ നിലപാട്. അത് വ്യക്തമാക്കി വാര്‍ത്താ കുറിപ്പും സോഷ്യല്‍ മീഡിയാ പോസ്റ്റും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ സുദൃഢവും വ്യക്തവും മനുഷ്യത്വപരവുമായ നിലപാടിനെ വക്രീകരിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിനും വിവിധ സമൂഹങ്ങള്‍ തമ്മില്‍ സംശയവും ശത്രുതയും വളര്‍ത്തുന്നതിനും വേണ്ടി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയുടെ ഫോട്ടോ വെച്ച് വ്യാജ പോസ്റ്റുകള്‍ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

എൻപിപി കേരള എന്ന ഫേസ്ബുക് പേജിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. 6238485413 എന്ന മൊബൈല്‍ നമ്പരിലുള്ള തൃശൂര്‍ സ്വദേശി ജോസഫ് എന്നയാളാണ് പേജിന്റെ അഡ്മിന്‍ എന്നും കമന്റുകളില്‍ കാണുന്നു. 
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ദുഷ്ടലാക്കോടെ തെറ്റിദ്ധാരണ പരത്തി കലാപ കലുഷിതമായ സാഹചര്യം സൃഷ്ടിക്കുന്നതിന് കരുതിക്കൂട്ടി വ്യാജ പോസ്റ്റുകള്‍ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തവും സത്വരവുമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

#MunambamLandDispute #KeralaPolitics #JusticeForResidents #WaqfBoard #GovernmentIntervention

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia