Criticism | കെ മുരളീധരനെ വിമർശിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വടകര വിട്ടോടിയത് മറക്കരുത്


● മുരളീധരനെ വിമർശിച്ച് മുല്ലപ്പള്ളി രംഗത്ത്
● 'പാലക്കാട് പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ല'
● ''രാഷ്ട്രീയത്തിലിറങ്ങിയ അന്ന് മുതൽ മത്സരിക്കുന്നു'
റോക്കി എറണാകുളം
(KVARTHA) സ്വന്തം മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിക്കാൻ കഴിയാതെ പേടിച്ചു പിന്മാറിയപ്പോൾ കോൺഗ്രസിന്റെ മാനം കാക്കാനും, മണ്ഡലം തിരിച്ചു പിടിക്കാനും ലീഡറുടെ മകൻ മുരളിതന്നെ വേണ്ടിവന്നു. അത് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന മുൻ കെ.പി.സി.സി പ്രസിഡൻ്റ് മറക്കരുത്. പറഞ്ഞത് വടകരയുടെ കാര്യമാണ്. അത് എല്ലാവർക്കും അറിവുള്ളതുമാണ്. തല മറന്ന് എണ്ണ തേയ്ക്കരുത്. ഒരു കാര്യം സത്യമാണ് മുല്ലപള്ളി രാമചന്ദ്രനേക്കാൾ ജനകീയനായ നേതാവാണ് മുരളിധരൻ. അത് അദേഹം തെളിയിച്ചിട്ടുണ്ട്.
ഇപ്പോൾ ലഭിക്കുന്ന വാർത്ത എന്തെന്നാൽ 'രാഷ്ട്രീയത്തിലിറങ്ങിയ അന്ന് മുതൽ മത്സരിക്കുന്നു' എന്ന് പറഞ്ഞ് കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെ.പി.സി.സി പ്രസിഡൻ്റും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് എത്തിയതാണ്. കെ മുരളീധരൻ ഇതുവരെ പാലക്കാട് പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ല. അച്ചടക്കമുള്ള കോൺഗ്രസുകാരന് യോജിച്ചതല്ല ഇത്തരം പ്രവർത്തികൾ. മുരളി അച്ചടക്ക ലംഘനം നടത്തിയോ എന്നു പാർട്ടി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരന്റെ മകൻ ആയതുകൊണ്ട് അച്ചടക്ക ലംഘനത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും പാർട്ടിയിൽ അവഗണിക്കപ്പെടുന്നുവെന്ന മുരളിയുടെ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുരളിയോട് തൃശൂരിലേക്ക് പോകാൻ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ. ആവശ്യപ്പെട്ടിരുന്നെങ്കിൽ വടകര സേഫ് ആണെന്ന് പറഞ്ഞാൽ പോരെയെന്നും രാഷ്ട്രീയത്തിൽ ഇറങ്ങിയത് മുതൽ നിയമസഭയിലേക്കും പാർലമെന്റിലേക്ക് മാറിമാറി മത്സരിക്കുന്ന ആളാണ് മുരളീധരൻ എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ്റെ വിമർശനം.
മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന സീനിയർ കോൺഗ്രസ് നേതാവ് എത്ര കാലം എം.പി ആയി, കേന്ദ്രമന്ത്രി ആയി. ഈ അവസരത്തിൽ ആർക്കെങ്കിലും വേണ്ടി ഒന്ന് മാറിക്കൊടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയാറായിരുന്നോ എന്ന് അദ്ദേഹം തന്നെ ഒന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. കെ.പി.സി.സി അധ്യക്ഷനായി താങ്കൾ വിരാജിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് കേരളത്തിൽ കോൺഗ്രസിൻ്റെ പതനം ആരംഭിച്ചതെന്ന് ആക്ഷേപിക്കുന്നവരുണ്ട്. വടകരയിൽ പരാജയ ഭീതി പൂണ്ട് തുടർന്ന് മത്സരിക്കാതെ മാറി നിന്ന കെ. പി.സി.സി പ്രസിഡൻ്റിനെ കോൺഗ്രസ് പ്രവർത്തകർക്ക് നന്നായി അറിയാം. സ്വന്തം മുഖം വികൃതമാണോ എന്ന് മുല്ലപ്പള്ളി കണ്ണാടിയാൽ നോക്കുന്നത് നന്നായിരിക്കും.
കെ.മുരളീധരൻ എന്നാൽ കേരളം കണ്ടതിൽവെച്ചേറ്റവും നല്ല കെ.പി.സി.സി പ്രസിഡൻ്റ് ആയിരുന്നുവെന്ന് ശത്രുക്കൾ പോലും സമ്മതിക്കുന്ന കാര്യമാണ്. ഇന്ന് കേരളത്തിലെവിടെ ആയാലും 10 ആൾ കോൺഗ്രസ് പാർട്ടിക്ക് കൂടണമെങ്കിൽ കെ.മുരളീധരൻ എത്തണമെന്നായിരിക്കുന്നു. പാലക്കാട് കെ മുരളീധരന് യാതൊരുവിധ പ്രസക്തിയുമില്ലെങ്കിൽ വെറുതെ എന്തിന് മുരളീധരനെയോർത്ത് ഇങ്ങനെ വിലപിക്കുന്നു. പിന്നെ മറക്കാൻ പറ്റാത്ത ഒരു കാര്യവും ഉണ്ട്. 20199 ലെ പാർലമെൻ്റ് ഇലക്ഷനിൽ അതുവരെ വടകരയിലെ എം.പി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുമെന്ന് ഭയന്ന് വിറച്ചിട്ട് തിരിഞ്ഞോടിയപ്പോൾ വടകരയെ അനാഥത്വത്തിലും സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിലും ആക്കിയപ്പോൾ കോൺഗ്രസുകാർക്ക് വടകരയിലെ യുഡിഎഫിന് അവരുടെ മാനം കാക്കാൻ പറന്നെത്തുവാൻ ഈ മുരളിയെ ഉണ്ടായിരുന്നുള്ളൂ .
വേറെ ആരെങ്കിലും ഞാൻ ഉണ്ടെന്നു പറഞ്ഞു വന്നോ. അതാണ് ലീഡറുടെ ചോര. ഈ മുല്ലപ്പള്ളി എവിടെ ആയിരുന്നു എന്ന് എല്ലാവരും കണ്ടതാണ്. പിന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ, അവിടെ കോൺഗ്രസിലെ സിറ്റിംഗ് എം.പിയ്ക്കു പോലും ഭയമായിരുന്നുവെന്ന് അദേഹത്തിൻ്റെ ബോഡി ലാംഗ്വേജ് കണ്ടാൽ ആർക്കും മനസ്സിലാകുമായിരുന്നു. സുരേഷ് ഗോപിയോട് എതിരാടാൻ സിറ്റിംഗ് എം.പി പോലും ഭയപ്പെട്ടിരുന്നുവെന്ന് വ്യക്തം. മത്സരിച്ചാൽ ജയിക്കില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ആ വെല്ലുവിളിയാണ് മുരളീധരൻ ഏറ്റെടുത്തത്. തൃശൂരിൽ തോൽക്കുമെന്ന് ഭയപ്പെട്ട കോൺഗ്രസ് നേതാക്കൾക്കെല്ലാം മുരളീധരൻ തോൽക്കേണ്ടതും ആവശ്യമായിരുന്നു. ഇല്ലെങ്കിൽ അദ്ദേഹം പാർട്ടിയിൽ കരുത്തനാകും.
അതുകൊണ്ട് കോൺഗ്രസ് നേതാക്കൾ തന്നെ മുരളീധരനെ തൃശൂരിൽ തോൽപ്പിച്ചു എന്ന് വേണം പറയാൻ. ശരിക്കും കെ മുരളീധരനെ അവിടെ ബലിയാടാക്കുകയായിരുന്നു. അതിൻ്റെ പരിഭവമാണ് മുരളീധരൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആലത്തൂരിൽ പാർലമെൻ്റ് സീറ്റിൽ നിന്ന് രമ്യാ ഹരിദാസ് ഒരിക്കലും ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഭാഗ്യം കൊണ്ട് മാത്രമാണ് അവർ അവിടെ നിന്നും ജയിച്ച് എംപി ആയത്. അങ്ങനെ ഒരാളെ വീണ്ടും ചേലക്കരയിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കാമെങ്കിൽ കെ മുരളീധരനും പാലക്കാട് നിന്ന് മത്സരിക്കാൻ അർഹതയുണ്ടെന്ന് ഓർക്കണം.
നിലവിലെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയേക്കാളും എന്തുകൊണ്ടും അവിടെ യോഗ്യൻ കെ മുരളീധരൻ തന്നെ ആയിരുന്നുവെന്നതാണ് സത്യം. നല്ല പ്രതാപകാലത്തു അധികാരം കയ്യിൽ ഉണ്ടായിട്ടും മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള ആളുകൾ കേരളത്തിന് വേണ്ടി എന്താ ചെയ്തതെന്നും മനസ്സിലാകുന്നില്ല. മല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള ആളുകൾ ഒന്ന് മനസ്സിലാക്കുക. അങ്ങ് എത്ര വലുതായാലും കെ മുരളീധരനോളം വരില്ല. കെ മുരളീധരൻ എന്നാൽ ലീഡറുറെ പുത്രനാണ്. അതിനാൽ തന്നെ ജനമനസ്സുകളിൽ ചില്ലറ സ്ഥാനമല്ല അദ്ദേഹത്തിനുള്ളത്. ഇനി ഇവിടെ കോൺഗ്രസ് രാഷ്ട്രീയപരമായി ശക്തിപ്പെടണമെങ്കിൽ കെ മുരളീധരനെപ്പോലുള്ള ആളുകൾ നേതൃ രംഗത്ത് വരണം. അല്ലെങ്കിൽ ബി.ജെ.പി അവിടെയെത്തുന്ന കാലം വിദൂരത്താവില്ല.
#Mullappally #Muraleedharan #Vatakara #KeralaPolitics #Congress #UDF