Debate | മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ 1400 കോടിയോ! മമ്മൂട്ടിക്കോ മോഹൻലാലിനോ എങ്കിലും ഈ കേരള ജനതക്ക് വേണ്ടി സംസാരിച്ചുകൂടേ?

 
Debate

Photo Credit: X/ Save Mullaperiyar

ഇത്രയും വലിയ തുക മുടക്കി ഒരു പുതിയ ഡാം നിർമിക്കുന്നതിലും ഭേദം ഡാം പുതുക്കി പണിയുന്നതാണ് നല്ലതെന്ന് വാദിക്കുന്നവരും ഉണ്ട്. ഇത് വീണ്ടും കേരളത്തിലെ ജനങ്ങളുടെ തലയിൽ വാട്ടര്‍ ബോംബ് വയ്ക്കുന്നതിന് തുല്യമല്ലേ എന്ന് ഇക്കൂട്ടർ ചോദിക്കുന്നു

സോണി കല്ലറയ്ക്കൽ 

(KVARTHA) അതിനുള്ള പണം പൊതുജനം തന്നെ നൽകും എന്ന് നമ്മുടെ സർക്കാരിന് ഉറച്ച വിശ്വാസം ഉണ്ട് അല്ലേ?എന്തെങ്കിലും സംഭവിച്ചിട്ട് കുറെ പാക്കേജുകൾ പ്രഖ്യാപിക്കുന്നതിനേക്കാൾ എത്രയോ ലാഭം ആണ് ഡാം പുതുക്കി പണിയുന്നത്. അഴിമതിയില്ലാതെ ഉണ്ടാക്കാൻ നോക്കണം. ഇത് ഈ പറയുന്നത് ഈ വിഷയത്തിൽ പ്രതികരിക്കുന്ന പൊതുസമൂഹമാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നീക്കം നടക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പ്രോജക്ട് റിപ്പോർട്ടിൻ്റെ കരട് തയാറായിയെന്നാണ് റിപ്പോർട്ട്.

സൂക്ഷ്മ പരിശോധനകൾക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ ഡി.പി.ആർ തയ്യാറാവും. ഇതിനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പ് വേഗത്തിലാക്കി. കരട് ഡി.പി.ആറിൽ പുതിയ ഡാം നിർമാണത്തിന് 1400 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിലവിലെ ഡാമിൻ്റെ 1200 അടി താഴ് ഭാഗത്തായി നേരത്തെ കേരളം സർവേ നടത്തിയ സ്ഥലത്തിന് യോജിച്ച രീതിയിലാണ് ഡി.പി.ആർ. അന്തിമ ഡി.പി.ആർ വന്നശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിക്ക് സമർപ്പിക്കും. തമിഴ് നാടിന് ആവശ്യമായ വെള്ളം കൊടുത്തുകൊണ്ട് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുകയെന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത്. 

Debate

സംഗതിയൊക്കെ നല്ലത് തന്നെ. ഈ ഡാമിൻ്റെ കാര്യത്തിൽ ഒരുപാട് ചർച്ചയ്ക്ക് ഒന്നും വഴിവെച്ച് വർഷം കളയാതെ എന്ത് തീരുമാനമായാലും അത് വേഗത്തിൽ നടപ്പാക്കിയാൽ ഇവിടെ ജീവിക്കുന്ന ജനങ്ങളുടെ ചങ്കിടിപ്പ് അത്രയും കുറഞ്ഞു കിട്ടും. വയനാട് ദുരന്തം ഉണ്ടായപ്പോൾ മുതൽ ജനം ഭീതിയോടെ കാണുന്ന വിഷയമാണ് ഈ മുല്ലപ്പെരിയാർ. ഡാം പുതുക്കി പണിയുന്നതിനോ പുനർ നിർമ്മിക്കുന്നതിനോ ആയിട്ടുള്ള ചർച്ചകൾക്ക് തുടക്കമായിട്ട് കാലം കുറെ ആയെങ്കിലും ഇന്നും വള്ളം കരയ്ക്ക് തന്നെയാണ് ഇരിക്കുന്നതെന്ന് ഓർക്കുമ്പോഴാണ് ദുഖം. മഴ ഇവിടെ ശക്തമാകുമ്പോഴെല്ലാം ജനം ഭയപ്പാടോടെ നോക്കുന്നത് ഈ മുല്ലപ്പെരിയാറിനെ തന്നെയാണ്. 

എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ ഒരു പക്ഷേ കേരളം തന്നെ ഉണ്ടായെന്ന് വരില്ല. മുല്ലപ്പെരിയാറിന് വേണ്ടി ഒരു പിരിവിന് ഇറങ്ങിയാൽ പോലും ജനങ്ങൾ ഒന്നടങ്കം സഹകരിക്കുമെന്ന് ഉറപ്പാണ്. കാരണം ഇവിടെ ജീവിക്കുന്ന ജനങ്ങൾക്ക് സ്വസ്ഥമായി കഴിയണമെന്നുണ്ട്. അതിനാൽ തന്നെ അവർ കൈ അയച്ച് സഹായിക്കുമെന്ന് തീർച്ചയാണ്. മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ ഒരാൾ 100 രൂപയെടുത്താൽ പോലും ഈ തുക പിരിഞ്ഞു കിട്ടും. രണ്ടര കോടി സാധാരണക്കാരെ ഒഴിവാക്കിയാലും. ബാക്കി ഒരു കോടി ജനങ്ങൾ 100 വച്ചു എടുത്താൽ മതി. സംഗതി വെരി ഈസി. അതിൽ നിന്നും കയ്യിട്ടുവാരി അഴിമതി കാട്ടുമോ എന്ന് മാത്രമേ ജനങ്ങൾക്ക് ഇന്ന് ആശങ്കയുള്ളു. 

ഇത്രയും വലിയ തുക മുടക്കി ഒരു പുതിയ ഡാം നിർമിക്കുന്നതിലും ഭേദം ഡാം പുതുക്കി പണിയുന്നതാണ് നല്ലതെന്ന് വാദിക്കുന്നവരും ഉണ്ട്. ഇത് വീണ്ടും കേരളത്തിലെ ജനങ്ങളുടെ തലയിൽ വാട്ടര്‍ ബോംബ് വയ്ക്കുന്നതിന് തുല്യമല്ലേ എന്ന് ഇക്കൂട്ടർ ചോദിക്കുന്നു. അവരുടെ നിലപാട് ഇങ്ങനെ: 'ഇതല്ല മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനുള്ള മാർഗം. കേരളത്തിലെ രാഷ്ട്രീയക്കാർക്ക് കമ്മീഷൻ ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം. ഇത് അനുവദിക്കാന്‍ പാടില്ല. കേരളത്തിന്റെയും, തമിഴ്നാടിന്റെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിച്ച് മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാട്ടിലേയ്ക്ക് പരമാവധി കൊണ്ടു പോവുകയും, ഈ വെള്ളം സംഭരിക്കാന്‍ ആവശ്യമായ ജലസംഭരണികൾ തമിഴ്നാട്ടിൽ നിർമ്മിക്കുകയും ചെയ്താല്‍ കേരളത്തിന്റെയും, തമിഴ്നാടിന്റെയും ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരമാകും. 

ഇതിനു വേണ്ടി മുല്ലപ്പെരിയാർ ഡാമില്‍ ഇപ്പോഴുള്ള 104 അടി ഉയരത്തിലുള്ള ടണൽ കൂടാതെ 30 - 50 അടി ഉയരത്തിൽ പുതിയ ടണൽ നിർമ്മിക്കുകയും, മുല്ലപ്പെരിയാറിലെ വെള്ളം 70 അടിയിൽ കൂടാതെ നിലനിർത്തുകയും ചെയ്താൽ തമിഴ്നാടിന് വെള്ളവും, കേരളത്തിന് സുരക്ഷയും എന്ന ശാശ്വതമായ പരിഹാര മാര്‍ഗ്ഗത്തിലേയ്ക്ക് വന്നെത്തുകയും, മുല്ലപ്പെരിയാർ വിഷയം എന്നെന്നേയ്ക്കുമായി അവസാനിക്കുകയും ചെയ്യും. കേരളത്തിലെ അഞ്ച് ജില്ലകളിലെ 50 ലക്ഷം വരുന്ന ജനങ്ങളുടെ തലയ്ക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ ബോംബ് ഭീഷണി ഇല്ലാതാക്കുന്നതിന് വേണ്ടി കേരള സർക്കാരിന്റെയും, തമിഴ്നാട് സർക്കാരിന്റെയും അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെയും കണ്ണു തുറപ്പിച്ച് നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠം യഥാര്‍ത്ഥ നീതി നടപ്പാക്കുകയും ചെയ്യുമെന്ന പ്രത്യാശയിൽ നമുക്ക് പ്രാർത്ഥനയോടെ കാത്തിരിക്കാം. 

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിലെ ഇടതു - വലതു മുന്നണികളുടെ ആവശ്യം പണം കൊള്ളയടിക്കണമെന്ന ദുരുദ്ദേശം തന്നെയാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം ശാശ്വതമായ പരിഹാരമല്ല. തമിഴ്നാടിന് കേരളത്തിന്റെ വെള്ളം വേണമെങ്കിൽ അതു  ശേഖരിയ്ക്കാനുള്ള സംവിധാനം വേണ്ടത് തമിഴ്‌നാട്ടിലാണ്. അല്ലാതെ കേരളത്തിലെ ജനങ്ങളുടെ തലയ്ക്കു മുകളില്‍ ഒരു വാട്ടര്‍ ബോംബ് വീണ്ടും പണിതുയർത്തി വരും തലമുറകൾക്കും അതിന്റെ ഭീഷണി നിലനിർത്തുകയല്ല വേണ്ടതെന്ന സത്യം അധികാരികൾ മനസ്സിലാക്കട്ടെ'.ഇങ്ങനെയാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

മറ്റൊരു കൂട്ടർ പറയുന്നത്, ജനത്തിന് ഭീഷണിയായ മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ മലയാളത്തിൻ്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇറങ്ങണമെന്നാണ്. അവർ ഈ കേരള ജനതയ്ക്ക് വേണ്ടി സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ രീതിയിൽ നിലപാടുള്ളവരുടെ അഭിപ്രായം ഇങ്ങനെയാണ്: മലയാളത്തിന്റെ പ്രിയ താരങ്ങൾ മമ്മുട്ടി മോഹൻലാൽ, ഇവർക്കെങ്കിലും ഈ കേരള ജനതക്ക് വേണ്ടി സംസാരിച്ചുകൂടേ, കേരളം, നമ്മുടെ നാട്  നശിച്ചാൽ സിനിമയുണ്ടോ പിന്നെ? ഞങ്ങൾ സാധാരണക്കാർ ഒരു വിലയുമില്ലാത്ത പ്രജകൾ പറഞ്ഞാലല്ലേ മുഖ്യനും അണികളും മൈൻഡ് ചെയ്യാത്തതൊള്ളൂ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പ്രഥ്വിരാജ്, നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളെ നിങ്ങളാക്കിയ നിങ്ങളുടെ സിനിമകൾ കണ്ടു നിങ്ങൾക്ക് കൈയ്യടി  തരുന്ന നിങ്ങളേ സ്നേഹിക്കുന്ന ഈ കേരള മക്കൾക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടപ്പെട്ടവരോടു സംസാരിച്ചു കൂടേ'.

ഇതും ഒരു ആവശ്യമായി ഉയരുകയാണ്. എന്തായാലും മുല്ലപ്പെരിയാർ ഡാം പുതുക്കി നിർമ്മിച്ചാലും പുനർ നിർമ്മിച്ചാലും ഈ വിഷയത്തിൽ എന്തെങ്കിലും ഒരു പരിഹാരം ഉണ്ടായെ പറ്റു. ഇനി ഒരു ദുരന്തം ഇവിടെ ജീവിക്കുന്ന മനുഷ്യന് താങ്ങാനാവുന്നതല്ല. അത് ഈ നാടിനെയും നശിപ്പിക്കും തീർച്ച.

#mullaperiyar #dam #kerala #tamilnadu #safety #environment #corruption #publicopinion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia