Politics | രാഷ്ട്രീയം നോക്കാതെ മോദിയേയും പിണറായിയേയും വിമര്‍ശിക്കാന്‍ മടിക്കാത്ത എം ടി
● 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയപ്പോഴും അതിരൂക്ഷവിമര്‍ശനവുമായി എം.ടി രംഗത്തെത്തി.
● അക്കാദമികളുടെ തലപ്പത്തിരിക്കുന്ന ഒരു എഴുത്തുകാരന്‍ അടുത്തിടെ ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയ ശേഷം അടുത്തദിവസം മലക്കംമറിഞ്ഞിരുന്നു
ആദിത്യൻ ആറന്മുള
(KVARTHA) മടിയില്‍ കനമുള്ളവന് വഴിയില്‍ ഭയക്കേണ്ട- എന്നാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരം പല്ലവി. എന്നാല്‍ പിണറായി സര്‍ക്കാര്‍ വഴിതെറ്റിയപ്പോള്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി രൂക്ഷമായി വിമര്‍ശിക്കാന്‍ എം.ടിയല്ലാതെ മറ്റാരും അടുത്തകാത്ത് മറ്റൊരു എഴുത്തുകാരനും ധൈര്യം കാണിച്ചില്ല. സാധാരണ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ശക്തമായി തിരിച്ചടിക്കുന്ന സിപിഎം നേതാക്കളും സൈബര്‍ പോരാളികളും കുഴഞ്ഞു. എം.ടിയെ എങ്ങനെയും അനുനയിപ്പിക്കാനും അദ്ദേഹത്തിന്റെ വിമര്‍ശനത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായോ എന്ന് അന്വേഷിക്കാനുമാണ് സിപിഎം ശ്രമിച്ചത്.
2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയപ്പോഴും അതിരൂക്ഷവിമര്‍ശനവുമായി എം.ടി രംഗത്തെത്തി. മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും അതിന് സാധിച്ചിരുന്നില്ല. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രിയെ തുഗ്ലക്കിനോട് ഉപമിച്ചു. തുഗ്ലക്കിനെ പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ട്. നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കി. ഇത് കാരണം തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണ്.
മുമ്പെങ്ങാനും ആയിരുന്നെങ്കില്‍ കടം വാങ്ങാമായിരുന്നു, എന്നാലിപ്പോള്‍ ആരുടെയും കയ്യില്‍ പണമില്ല. രാജ്യത്ത് വലിയ പ്രതിസന്ധിയാണുണ്ടായത്. അതൊന്നും മനസ്സിലാക്കാതെ പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും പറഞ്ഞിരുന്നു. എംടിക്കെതിരെ സംഘപരിവാര്‍ രംഗത്തെത്തിയെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. വിമര്‍ശനം ആവര്‍ത്തിച്ചു. ചില ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അധിക്ഷേപിച്ചെങ്കിലും കേരളത്തിലെ പൊതുസമൂഹം രാഷട്രീയഭേദമന്യേ എംടിക്കൊപ്പം നിന്നു.
അധികാരം ജനസേവനമാണെന്ന സിദ്ധാന്തം പണ്ടേ കുഴിച്ചുമൂടി, ആധിപത്യവും സര്‍വാധിപത്യവും ആകാമെന്നാണ് എവിടെയും സ്ഥിതിയെന്ന് ഇക്കൊല്ലം ആദ്യം മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം.ടി തുറന്നടിച്ചു. ജനവിരുദ്ധ ഭരണത്തിനും ഭരണാധികാരികള്‍ക്കും എതിരെ ഒരുമിച്ച് നില്‍ക്കാത്ത പൊതുസമൂഹത്തെയും വിമര്‍ശിച്ചു.
ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള സമൂഹമായി മാറണം. സംഘടിച്ച് സ്വാതന്ത്ര്യം ആര്‍ജ്ജിക്കണം. ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത് മാക്‌സിം ഗോര്‍ക്കിയും ആന്റണ്‍ ചെക്കോവുമാണ്. ഒരു ജനതയെ നയിക്കാന്‍ ചുരുക്കം ചിലരും അവരെ പിന്തുടരാന്‍ അനേകരും എന്ന പഴഞ്ചന്‍ സങ്കല്‍പ്പം ഇഎംഎസ് പിന്തുടര്‍ന്നില്ല. അതുകൊണ്ടാണ് നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതെന്നും ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിമര്‍ശിക്കുന്നത് രണ്ട് പേരുടെയും പാര്‍ട്ടിക്കാര്‍ക്ക് വലിയ അസഹിഷ്ണുതയാണ്. എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ അധിക്ഷേപിച്ചും വേണ്ടിവന്നാല്‍ ഭീഷണിപ്പെടുത്തുകയും കൈകാര്യം ചെയ്യുകയുമാണ് ഇവരുടെ രീതി. വ്യക്തിപൂജകളിലേക്ക് ഇരുപാര്‍ട്ടികളും എന്നേ മാറിക്കഴിഞ്ഞു. ഈ നേതാക്കള്‍ക്കൊപ്പം നില്‍ക്കാനും അവരുടെ എല്ലാ തെറ്റുകളെയും ന്യായീകരിക്കാനും അവര്‍ശിക്കുന്നവരെ നേരിടാനുമുള്ള സംഘങ്ങള്‍ ഈ രണ്ട് പാര്‍ട്ടികളിലും ശക്തമാണ്. അതിന് വേണ്ടി അവര്‍ എന്ത് നിന്ദ്യമായ കാര്യവും ചെയ്യും. നോട്ട്‌നിരോധനം ഇന്ത്യയിലെ സാധാരണക്കാരനെ വലയ്ക്കുന്നെന്ന് തുറന്നടിച്ചപ്പോള്‍ കാലം മാറിയത് എംടി അറിഞ്ഞില്ലെന്ന ന്യായീകരണവും അധിക്ഷേപവുമായി സംഘപരിവാര്‍ ശക്തികള്‍ സമൂഹമാധ്യമങ്ങളില്‍ അഴിഞ്ഞാടിയത്.
കോഴിക്കോട്ട് എംടി നടത്തിയ പ്രസംഗം കേരളരാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും വലിയ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. പ്രസംഗം അദ്ദേഹം എഴുതുത്തയ്യാറാക്കി കൊണ്ടുവന്നതാണ്. അല്ലാതെ പൊടുന്നനെ പറഞ്ഞതായിരുന്നില്ലെന്ന് എഴുത്തുകാരനായ എന്‍ഇ സുധീര്‍ അടുത്തദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയത്തിലെ മൂല്യച്യുതികള്‍ എംടി ഈ പ്രായത്തിലും സസൂഷ്മം നിരീക്ഷിച്ചിരുന്നെന്നും അതില്‍ അദ്ദേഹത്തിന് കടുത്തഅതൃപ്തി ഉണ്ടായിരുന്നെന്നും ഉള്ളതിന് ശക്തമായ തെളിവായിരുന്നു ആ പ്രസംഗം.
ഭരണത്തിന്റെ തണലില്‍ പല സ്ഥാനമാനങ്ങളും പുരസ്‌ക്കാരങ്ങളും നേടിയെടുക്കുന്ന പല എഴുത്തുകാരും യാതൊരു വിമര്‍ശനവും നടത്താതെ സുഖലോലുപതയില്‍ ഉണ്ടുറങ്ങി ജീവിക്കുകയാണ്. ഇതിനൊന്നും പുറകേ പോകാതെ, സ്വന്തംനിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അധികാരികളുടെ മുന്നില്‍ മുട്ടുമടക്കാതെ നിന്നത് കൊണ്ടുമാണ് എം.ടിക്ക് ഇത്തരത്തിലൊരു വിമര്‍ശനം നടത്താനായത്. അക്കാദമികളുടെ തലപ്പത്തിരിക്കുന്ന ഒരു എഴുത്തുകാരന്‍ അടുത്തിടെ ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയ ശേഷം അടുത്തദിവസം മലക്കംമറിഞ്ഞിരുന്നു. അങ്ങനെയുള്ള എട്ടുകാലിമമ്മൂഞ്ഞുകളുടെ ഇടയില്‍ തലയെടുപ്പോടെ നിന്ന രണ്ടക്ഷരമായിരുന്നു എം.ടി.
#MT #Criticism #Modi #Pinarayi #Politics #Malayalam