Kulguru | വൈസ് ചാൻസിലർ 'കുലഗുരു' ആകുമ്പോൾ ചാൻസിലർ ആയ ഗവർണറെ എന്ത് വിളിക്കും? 'പെരും കുലഗുരു' എന്നാകുമോ!
ഏദൻ ജോൺ
(KVARTHA) ഇവരെല്ലാം കൂടെ ഭരിച്ച് നമ്മെ കാളവണ്ടി യുഗത്തിൽ എത്തിക്കുമോയെന്നാണ് ഭയക്കേണ്ടത്. പുഷ്പക വിമാനം, തേര്, അമ്പും വില്ലും, ഗദ തുടങ്ങിയ ഭാരതീയ ശാസ്ത്രങ്ങളിൽ ഡിപ്ലോമയൂം ഇവർ ഉടൻ നേടും. സംഘ്പരിവാർ ശാസ്ത്രം പ്രത്യേക പഠന വിഷയമായ നാട്ടിൽ ഇങ്ങനെ ഇനി പലതും കാണാൻ പോകുന്നതേയുള്ളു. വൈസ് ചാൻസിലർ ആകുമ്പോൾ അൽപം വിവരവും വിദ്യാഭ്യാസവും ഉള്ളവർ വേണ്ടിവരും. അങ്ങിനെയുള്ളവർ മധ്യപ്രദേശിൽ മരുന്നിനു പോലുമില്ലേ? ഇപ്പോൾ കേൾക്കുന്ന വാർത്ത മധ്യപ്രദേശിലെ സർവകലാശാലകളിലെ വൈസ് ചാൻസിലർമാർ ഇനി മുതൽ 'കുലഗുരു' എന്ന് അറിയപ്പെടും എന്നാണ്. പേരു മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്.
രാജ്യത്തിൻ്റെ സംസ്‌കാരവും ഗുരുപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് പേരുമാറ്റം എന്നാണ് അവരുടെ വിശദീകരണം. ഇത്തരം മാറ്റങ്ങൾ വരുത്താൻ തിരുമാനിച്ച വിവരം മുഖ്യമന്ത്രി മോഹൻ യാദവ് ആണ് അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തോട് താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ തീരുമാനത്തിൻ്റെ പ്രാധാന്യം വർധിച്ചുവെന്നും അദേഹം പറയുകയുണ്ടായി. ഇങ്ങനെ പോയാൽ ഇനി ഓരോ ഡിഗ്രി കോഴ്സ് പേരും കൂടി മാറ്റുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെ വന്നാൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഒക്കെ പോയി പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരം കൂടി ഇല്ലാതാക്കും എന്ന സ്ഥിതി വിശേഷമാണ് സംജാതമായിക്കൊണ്ടിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നേരത്തെ കുലസ്ത്രീ എന്ന് സ്ത്രീകൾക്ക് പേര് വന്നതാണ്. അന്നൊന്നും ഇത് തെറ്റായി തോന്നിയില്ല. പക്ഷേ, ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം വരുമ്പോൾ അതിൽ എന്തോ ഒരു പന്തികേട് ഇല്ലേയെന്ന് തോന്നിപ്പോകുന്നു. മറ്റ് സംസ്ഥാനങ്ങളും ഇത് നടപ്പാക്കാൻ തീരുമാനം അറിയിച്ചെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു വെയ്ക്കുന്നത്. അങ്ങനെയെങ്കിൽ രാജ്യം വലിയ വിപത്തിലേയ്ക്ക് തന്നെയാണ് നീങ്ങുന്നതെന്ന് വ്യക്തം. ഈ കുലഗുരു ഇവിടെ നമ്മളെല്ലാം പൊതുവേ പറയുന്നതുപോലെ ഒരു കുത്തിയാകാതിരുന്നാൽ നന്ന്. ഹിന്ദുക്കളുടെ ജീവിതത്തിൽ ഉയർച്ച കൊണ്ടുവരുന്ന ഒരു പ്രവൃത്തിയും ബിജെപി ഗവൺമെൻറ് ചെയ്യുന്നില്ലെന്നും അത് ഇവിടുത്തെ പലർക്കും തിരിച്ചറിയാനാവുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
മതങ്ങളെ ഉപയോഗപ്പെടുത്തി അല്ലെങ്കിൽ ദൈവങ്ങളെ ഉപയോഗപ്പെടുത്തി കൂടെ നിർത്തും എന്നല്ലാതെ ബിജെപി ഗവൺമെൻറ് അധികാരത്തിൽ വന്നതിനുശേഷം സാധാരണക്കാരുടെ ജീവിതത്തിൽ കഷ്ടതകൾ വർദ്ധിക്കുകയാണ് ചെയ്തതെന്നും അവർ ആരോപിക്കുന്നു. ജനങ്ങൾ അത് ചർച്ച ചെയ്യാതിരിക്കുവാൻ വേണ്ടി അവർ മതത്തെയും ദൈവത്തെയും ഉപയോഗപ്പെടുത്തുന്നു എന്നാണ് ആക്ഷേപം. കഴിഞ്ഞ തവണത്തെ ഭരണമാണെങ്കിൽ ഈ പറഞ്ഞ കുലഗുരു ഇപ്പോൾ തന്നെ കേന്ദ്ര സർക്കാർ ഇന്ത്യ മുഴുവൻ നടപ്പാക്കിയെനെ എന്ന് പറയുന്നവരുണ്ട്. ഇപ്രാവശ്യം ശക്തമായ ഒരു പ്രതിപക്ഷം മറുവശത്ത് ഉള്ളതിനാൽ അത്രയ്ക്ക് ധൈര്യം ഉണ്ടായെന്ന് വരില്ല. പക്ഷേ, അവർ ഇത് നടപ്പാക്കാൻ പ്ലാനിട്ടു എന്നതിൻ്റെ സൂചനയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് ഇപ്പോൾ പുറത്തായിരിക്കുന്ന ഇത്തരം പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഒരു കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചോട്ടെ, അതായത് വൈസ് ചാൻസലർമാർ കുലഗുരു ആകുമ്പോൾ, ചാൻസലർ ആയ ഗവർണറെ എന്തു വിളിക്കും. 'പെരുംകുലഗുരു' എന്ന് വിളിക്കേണ്ടി വരുമോ? ഭാവിയിൽ ഗവർണറുടെ പേരിലും പരിഷ്ക്കാരം വരുമോ എന്ന് സാധാരണക്കാരൻ ചോദ്യമുയർത്തിയാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ഇതൊക്കെ ലോകം അറിയുമല്ലോ എന്നോർക്കുമ്പോഴാണ് നാണക്കേട്. കുലഗുരുവുമൊക്കെയായി ഭാരതം അങ്ങോട്ട് വളരുന്നത് കാണുമ്പോൾ മാലോകർ മൂക്കത്ത് വിരൽ വെക്കാഞ്ഞാൽ നന്നായി. ഇനീപ്പോ കുലഗുരു മരവുരി ധരിച്ചു വരണം എന്നൊരു നിയമം കൂടി വെച്ചാൽ സംഭവം ഉഷാർ തന്നെ. സർവകലാശാലകളെ ഗുരുകുലമെന്നും അധ്യാപകരെ ദ്രോണർ എന്നും വിദ്യാർത്ഥികളെ അർജുനൻ എന്നും വിളിച്ചോട്ടെ, യൂട്യൂബ് നോക്കി വിദ്യ അഭ്യസിക്കുന്നവരെ ഏകലവ്യൻ എന്നും പേരിടാം!