Criticism | ഹേമാ കമ്മിറ്റി: മോഹന്‍ലാലിനും സിപിഎമ്മിനും ഒരേ നിലപാട് വന്നതെങ്ങനെ?
* നിലപാടുകളിലെ വൈരുദ്ധ്യവും ഇരട്ടത്താപ്പും നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.
ആദിത്യൻ ആറന്മുള
(KVARTHA) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഹേമാ കമ്മിറ്റി രൂപീകരിച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍ അതിന്റെ ഉദ്ദേശശുദ്ധിയെ തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാലും മാധ്യമങ്ങളെ കണ്ട് പറഞ്ഞ കാര്യങ്ങളും ഏതാണ്ട് ഒരുപോലെയായിരുന്നു.
സിനിമയില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ വീഴ്ചകളില്‍ നിന്നും ഓടിയൊളിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. ഇക്കാര്യത്തില്‍ യാതൊരു നിലപാടും തനിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ അടിവരയിടുന്നു. എത്രയോ കാലമായി പല നടിമാരും നല്‍കിയ പരാതികളില്‍ എന്ത് നടപടി സ്വീകരിച്ചു എന്നതിന് മറുപടിയില്ലായിരുന്നു. നിങ്ങളുടെയെല്ലാം ചോദ്യങ്ങള്‍ക്ക് എന്റെ കയ്യില്‍ മറുപടിയില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ താനൊരു പരാജയമാണെന്ന് പറയാതെ പറയുകയും ചെയ്തു.
വിഷയത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാനറിയില്ല എന്ന ജാമ്യം എടുത്താണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയത്, നിലപാട് എടുക്കാത്തത് കൊണ്ടാണ് ആധികാരികമായി പറയാന്‍ കഴിയാത്തത്. ഒരു പക്ഷെ, പലരുടെയും സമ്മര്‍ദ്ദം കൊണ്ടായിരിക്കാം അത്. പരിചിതമല്ലാത്ത മുഖങ്ങള്‍ പല കാര്യങ്ങളും വെളിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അതില്‍ തന്നെ ചില ദു:സൂചനകളുണ്ട്. വെളിപ്പെടുത്തിയ കാര്യങ്ങളില്‍ കഴമ്പുണ്ടോ എന്നതാണ് പ്രധാനം.
സിനിമാമേഖലയെ തകര്‍ക്കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല. അപചയങ്ങള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണുണ്ടായത്. അതെങ്ങനെ തെറ്റാകും. പല സിനിമാ സെറ്റുകളിലും നടന്ന കാര്യങ്ങള്‍ ഞങ്ങളെങ്ങനെ അറിയും എന്നതാണ് മറ്റൊരു മറുപടി. അത് ചിലപ്പോള്‍ ശരിയാകാം. എന്നാല്‍ പലരും നേരിട്ട് പരാതി നല്‍കിയിട്ട് എന്തെങ്കിലും നടപടി അമ്മ സ്വീകരിച്ചോ, ഇല്ല. കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. അത് മോഹന്‍ലാല്‍ നേതൃനിരയില്‍ ഉള്ളപ്പോള്‍ മാത്രമല്ല, അതിന് മുമ്പും അങ്ങനെ തന്നെയായിരുന്നു.
2006ല്‍ ശ്രീദേവിക എന്ന നടി സംവിധായകന്‍ തുളസീദാസിനെതിരെയും ദിവ്യാഗോപിനാഥ് എന്ന നടി 2018ല്‍ അലന്‍സിയര്‍ക്കെതിരെയും പരാതി നല്‍കി, എന്നിട്ട് താരസംഘടന അത് മൂടിവെച്ചു. മോഹന്‍ലാല്‍ പലപ്പോഴും പലതിനോടും മൗനം പാലിച്ചെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അനൂപ് ചന്ദ്രന്‍ തന്നെ പറയുന്നു. അതായത് പരാതികളില്‍ ഇടപെട്ട് നടപടികള്‍ എടുത്ത് പോന്നിരുന്നെങ്കില്‍ ഇങ്ങിനെയൊരു ദുരവസ്ഥ മലയാളസിനിമയ്ക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് വ്യക്തം.
അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം പറയേണ്ടതിന് പകരം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍, മാധ്യമങ്ങള്‍ കാണുകയും അവിടെ വെച്ച് സംസാരിക്കേണ്ട സാഹചര്യം ഉണ്ടാവുകയുമായിരുന്നു. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഒളിച്ചോടിയെന്ന വിമര്‍ശനം ഉയര്‍ന്നത്. അത് ഇവിടെ മാത്രമല്ല ദേശീയതലത്തിലും ഉണ്ടായി. മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് ബര്‍ക്കാദത്തിനെ പോലുള്ള, രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തക വരെ ആവശ്യപ്പെട്ടു. അപ്പോള്‍ ആ ഗൗരവം മോഹന്‍ലാല്‍ ഉള്‍ക്കൊണ്ടില്ല.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഉണ്ടായ ആവേശം, മുകേഷ് എം.എല്‍.എ നടനായതോടെ ചോര്‍ന്നു. മുകേഷ് പ്രതിയായതോടെ സിപിഎം പ്രതിരോധത്തിലായതാണ് അതിന് കാരണം. ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ ഇത്തരം കേസുകള്‍ ഉണ്ടായപ്പോള്‍ രാജിവച്ചില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്ററുടെ ന്യായീകരണം. സഖാവേ നിങ്ങള്‍ എന്തിന് അവരെയൊക്കെ കൂട്ടുപിടിക്കണം. സിപിഎമ്മിന് സ്വന്തമായ നിലപാടില്ലേ. മറ്റ് പല കാര്യങ്ങളിലും കൃത്യമായ നിലപാട് എടുത്തിട്ടുണ്ടല്ലോ.
കോണ്‍ഗ്രസിനെ പോലെയല്ല ജനം സിപിഎമ്മിനെ കാണുന്നത്. അതുകൊണ്ട് എല്ലാവര്‍ക്കും മാതൃകയായ സമീപനമാണ് നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. അല്ലാതെ എല്ലായിടത്തും ഇതൊക്കെ നടക്കുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞ് ഒഴിഞ്ഞത് പോലെ യുഡിഎഫുകാര്‍ ഇത്തരം കേസുകളില്‍ പെട്ടപ്പോള്‍ രാജിവെച്ചില്ല എന്ന് പറഞ്ഞൊഴിയുന്നത് ഇടതുപക്ഷത്തിനും പരിഷ്‌കൃത സമൂഹത്തിനും ചേര്‍ന്ന നിലപാടല്ല. അതുകൊണ്ടാണ് സിപിഐ ശക്തമായി എതിര്‍ക്കുന്നതും. അവരുടെ പല നിലപാടുകളോടും പൊതുജനത്തിന് മതിപ്പുള്ളത് വെറുതെയല്ല.
ആളിന്റെ എണ്ണമോ സംഘടനാ ബലമോ അല്ല നിലപാട് പ്രധാനം. അത് സിപിഎമ്മിന് എടുക്കാന്‍ അറിയാത്തത് കൊണ്ടല്ല, ഇപി ജയരാജന്റെ കാര്യത്തില്‍ ശക്തമായ നിലപാട് കൈക്കൊണ്ടല്ലോ? അതിലും വലിയ ആളല്ലല്ലോ എം മുകേഷ്. മുകേഷിനെതിരെ ഒന്നിലധികം പരാതികളാണുള്ളത്. അതിന്റെ ഗൗരവം മറന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. ഐസിസി (അഭ്യന്തര പരാതി പരിഹാര സമിതി) നടപ്പാക്കിയെന്നും മാഷ് വീമ്പിളക്കി. അത് നടപ്പാക്കയില്ലെങ്കിലാണ് വിഷയം, കാരണം ഐസിസി രാജ്യം അംഗീകരിച്ച നിയമമാണ്. അക്കാര്യം ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അറിയാമായിരുന്നിട്ടും ആടിനെ പട്ടിയാക്കാന്‍ എന്തിനാണീ നാടകമെന്നാണ് വിമർശനം.
#MalayalamCinema #Mohanlal #MVGovindan #AMMA #CPI(M) #Kerala #India #JusticeForSurvivors