Inauguration | മോദിയില്ല, ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ എസ് ജയശങ്കർ പങ്കെടുക്കും


● ജനുവരി 20ന് നടക്കുന്ന ചടങ്ങിൽ ട്രംപ് 47-ാമത് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കും.
● ജെഡി വാൻസ് യുഎസ് വൈസ് പ്രസിഡൻ്റായും സത്യപ്രതിജ്ഞ ചെയ്യും.
● ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ന്യൂഡൽഹി: (KVARTHA) അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ജനുവരി 20ന് നടക്കുന്ന ചടങ്ങിൽ ട്രംപ് 47-ാമത് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കും. ജെഡി വാൻസ് യുഎസ് വൈസ് പ്രസിഡൻ്റായും സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞാ ചടങ്ങുകൾ ഏകോപിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ജയശങ്കറിനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഞായറാഴ്ച എക്‌സ് പോസ്റ്റിലൂടെയാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് പുറമേ, എസ് ജയശങ്കർ പുതിയ അമേരിക്കൻ ഭരണകൂട പ്രതിനിധികളുമായും മറ്റ് അന്താരാഷ്ട്ര നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്. അർജൻ്റീനിയൻ പ്രസിഡൻ്റ് ജാവിയർ മിലെയ്, ബ്രിട്ടനിലെ വലത് ചായ്‌വുള്ള റിഫോം യുകെ പാർട്ടി നേതാവ് നൈജൽ ഫാരേജ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരാണ് പങ്കെടുക്കുന്ന ചില പ്രമുഖർ.
ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമോ എന്ന കാര്യം ചർച്ചയായിരുന്നു. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട ക്ഷണിതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയുടെ പേര് ഇല്ലായിരുന്നു. വിദേശ കാര്യ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പോടെ മോദി ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വ്യക്തമാവുന്നത്.
#TrumpInauguration, #Jaishankar, #Modi, #IndiaUSRelations, #GlobalPolitics, #InternationalLeaders