Tribute | എം എൻ ഗോവിന്ദൻ നായർ വിട വാങ്ങിയിട്ട് 40 വർഷം; അശരണർക്ക് കിടപ്പാടം ഒരുക്കിയ കമ്യുണിസ്റ്റ് നേതാവ്


● കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു എം.എൻ.
● ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി കേരളം വിട്ടു പോയ ചരിത്രവും ദേശീയ സ്വാതന്ത്ര്യ ചരിത്ര കാലത്ത് അദ്ദേഹത്തിനുണ്ട്.
● തന്റെ പ്രസ്ഥാനത്തോടുള്ള അഗാധമായ കൂറ് കാരണം കേരള ക്രൂഷ്ചെവ് എന്ന പേരിലാണ് എം എൻ അറിയപ്പെട്ടിരുന്നത്.
(KVARTHA) കേരള ചരിത്രത്തിൽ എം എൻ ഗോവിന്ദൻ നായർ അറിയപ്പെടുക അടിസ്ഥാന ജനവിഭാഗങ്ങൾക്കും നിരാലംബർക്കും വേണ്ടി അദ്ദേഹം ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ പേരിലായിരിക്കും. ഒരേ സമയം ഉന്നതനായ കമ്യൂണിസ്റ്റും മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ഇത്തരത്തിൽ അപൂർവ നേതാക്കൾ മാത്രമേ കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു എം.എൻ.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച നിസ്വാർത്ഥരായ നേതാക്കളുടെ പട്ടികയിലാണ് അദ്ദേഹത്തിൻ്റെ പേരും ഉൾപ്പെടുക. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി കേരളം വിട്ടു പോയ ചരിത്രവും ദേശീയ സ്വാതന്ത്ര്യ ചരിത്ര കാലത്ത് അദ്ദേഹത്തിനുണ്ട്.
എന്നാൽ അദ്ദേഹം തിരിച്ചു വന്നത് അടിമുടി കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിട്ടായിരുന്നു. തിരിച്ചുവന്നപ്പോൾ നേരിട്ടത് സഹനങ്ങളുടെയും സമരങ്ങളുടെയും കൊടുങ്കാറ്റുകളെയായിരുന്നു. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരയിൽ നിന്നും അടരാടി പ്രതിസന്ധികളെ പൂമാലയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പാവങ്ങൾക്ക് തലചായ്ക്കാൻ ഒരിടമെന്നലക്ഷ്യവുമായി ലക്ഷംവീട് പദ്ധതി നിസ്വരായ ജനവിഭാഗങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയായാണ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. കേരളത്തെ ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തമാക്കാൻ വിദ്യാർത്ഥികളിൽ കൃഷി ശീലം വളർത്താനായി ഓണത്തിന് ഒരു പറ നെല്ല് തുടങ്ങിയ ജനാപകാരപ്രദമായ പദ്ധതി വഴി ജനഹൃദയങ്ങളിൽ ചേക്കേറിയ മികച്ച ഭരണാധികാരിയായിരുന്നു എം എൻ ഗോവിന്ദൻ നായർ.
1910 ഡിസംബർ 10ന് ജനിച്ച് 1984 നവംബർ 27 ന് തന്റെ 74 വയസ്സിൽ ഈ ലോകത്തോട് വിടവാങ്ങിയ എം എൻ രാഷ്ട്രീയ ജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തി തിത്വമായിരുന്നു. തന്റെ പ്രസ്ഥാനത്തോടുള്ള അഗാധമായ കൂറ് കാരണം കേരള ക്രൂഷ്ചെവ് എന്ന പേരിലാണ് എം എൻ അറിയപ്പെട്ടിരുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവിൽ പോയ അദ്ദേഹം പൊലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷപ്പെടുന്നതിൽ അതീവ സമർത്ഥനായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലാണ് എം.എൻ. പ്രവർത്തിച്ചത്. കേരള നിയമസഭയിലും ലോകസഭയിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ നിന്നും 1971-ൽ ചടയമംഗലത്തുനിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അച്യുതമേനോൻ മന്ത്രിസഭയിൽ 1970 ഒക്ടോബർ നാല് മുതൽ 1977 മാർച്ച് 25 വരെ ഇദ്ദേഹം കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
തന്റെ എഴുപത്തിനാലാമത് വയസിൽ ഒരു നവംബർ 27ന് ഈ ഭൂമിയോട് വിടവാങ്ങിയ എം എന്നിനെ കുറിച്ച് കവി ഒ.എൻ.വി. കുറുപ്പ് അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: 'അദ്ദേഹത്തെ പറ്റി വലിയ പണ്ഡിതന്മാരും ബുദ്ധിജീവികളും ഒരിക്കലും അനുസ്മരിച്ചില്ലെന്ന് വന്നേക്കാം പക്ഷേ കയറിക്കിടക്കാൻ ഇടമില്ലാതെ ഇരുന്ന തെരുവോരങ്ങളിൽ താമസിച്ചിരുന്ന ആകാശം അതിരുകളായി കുടിലുകളിൽ ജീവിച്ചിരുന്ന എത്രയോ പാവപ്പെട്ടവർക്ക് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ കയറിക്കിടക്കാൻ ഒരിടം സ്ഥാപിച്ചു കൊടുത്ത എങ്ങനെ അവരും അവരുടെ പിൻതലമുറയും ഒരിക്കലും മറക്കില്ലെന്നാണ്'.
#MNGovindanNair #CommunistLeader #KeralaHistory #SocialLeader #HousingForPoor #Legacy