Criticism | സസ്‌പെന്‍ഷനിലായ എസ് ഐ എ പിരിച്ചുവിടണം; അങ്ങാടിയിലൂടെ ഓട്ടോറിക്ഷാ ഓടിച്ച് ജീവിക്കുന്നത് കാണണം; മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സര്‍ക്കാര്‍ വീട് വച്ചുകൊടുക്കണമെന്നും പിവി അന്‍വര്‍ എം എല്‍ എ
● കുഴിമന്തി തിന്നുനടക്കണമെന്ന് പരിഹാസം
● മെഡിക്കല്‍ കോളജ് അനുവദിച്ചിട്ട് ശരിയായ വണ്ണം വിനിയോഗിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍
● കൊലപാതക കേസുകള്‍ തെളിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടല്‍
കാസര്‍കോട്: (KVARTHA) പൊലീസ് പിടിച്ചുവെച്ച ഓട്ടോറിക്ഷ നാലുദിവസമായിട്ടും വിട്ടുനല്‍കാത്തതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ ഡ്രൈവര്‍ കുദ്രോളി അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ കുറ്റക്കാരനായ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പിവി അന്‍വര്‍ എം എല്‍ എ. കാസര്‍കോട്ടെത്തിയ എം എല്‍ എ അബ്ദുല്‍ സത്താറിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
അബ്ദുല്‍ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണ്. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അബ്ദുല്‍ സത്താറിന്റെ മരണത്തിന് കാരണക്കാരനായ എസ്‌ഐ അനൂപിനെ സസ്‌പെന്‍ഷന്‍ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ അന്‍വര്‍ അയാളെ പിരിച്ചുവിടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും പറഞ്ഞു. കാരണം സസ്‌പെന്‍ഷന്‍ കഴിഞ്ഞ് അയാള്‍ വീണ്ടും ജോലിക്ക് കയറും. എന്നാല്‍ പൊലീസുകാരനെ പിരിച്ചുവിട്ട് അയാള്‍ ഒരു ഓട്ടോ റിക്ഷാ തൊഴിലായി ആയി കാണണം. കാസര്‍കോട് നഗരത്തിലൂടെ അയാള്‍ ഓട്ടോ റിക്ഷ ഓടിച്ച് ജീവിക്കണം. എന്നാല്‍ മാത്രമേ ഇത്തരക്കാര്‍ പാഠം പഠിക്കൂ എന്നും അന്‍വര്‍ പറയുന്നു.
ഓടോറിക്ഷ തൊഴിലാളികള്‍ അടക്കം അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. കേരളത്തിലെ പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഓട്ടോറിക്ഷക്കാരും ബൈക്ക് യാത്രക്കാരും. പൊലീസ് സര്‍കാര്‍ നിശ്ചയിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ റോഡിലിറങ്ങി ഇവര്‍ക്കുനേരെ ഗുണ്ടായിസം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെറിയ കുറ്റങ്ങള്‍ക്ക് പോലും സാധാരണക്കാരന്റെ മേല്‍ പിഴ ഒടുക്കുന്ന പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. അതിസമ്പന്നര്‍ മാത്രം കൈകാര്യം ചെയ്യുന്ന മേഖലയാണ് വലിയ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് നഗരത്തിലൂടെ ടണ്‍ കണക്കിന് മരങ്ങള്‍ കയറ്റി പോകുന്ന വലിയ വാഹനങ്ങളെ ഒന്നും പൊലീസ് കാണുന്നില്ലെന്നും എന്നാല്‍ കര്‍ണാടകയില്‍ നിന്നും മണിക്കൂറുകളോളം കാത്തുനിന്ന് ചെറിയ ലോഡുകളില്‍ മെറ്റലും മണലും കൊണ്ടുപോകുന്ന സാധാരണക്കാരായ ആളുകളെ പൊലീസ് ഉന്നം വയ്ക്കുകയും പിടികൂടി പിഴ ഒടുക്കുകയും ചെയ്യുന്നു. പിഴ അടച്ചില്ലെങ്കില്‍ വണ്ടി എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു.
ജീവിക്കാന്‍ വേണ്ടി മൂന്നോ നാലോ പേര്‍ ചേര്‍ന്ന് പിരിവെടുത്ത് വാങ്ങിയ വാഹനത്തിലായിരിക്കും അവര്‍ ഇത്തരത്തില്‍ ലോഡ് കയറ്റി പോകുന്നത്. അത് പൊലീസ് പിടികൂടുന്നതോടെ അവരുടെ കുടുംബം പട്ടിണിയിലാകുന്നുവെന്നും വീടും പറമ്പും പണയത്തിലാകുന്നുവെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെയാണ് കാസര്‍കോട്ടും മലപ്പുറത്തും നിയമിക്കുന്നതെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ രണ്ട് ജില്ലക്കാര്‍.
സത്താറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സര്‍കാരിനുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ അഹങ്കാരവും അക്രമ മനോഭാവവുമാണ് ഒരു കുടുംബത്തെ അനാഥമാക്കിയത്. അതുകൊണ്ട് സത്താറിന് സര്‍ക്കാര്‍ വീടുവെച്ചുകൊടുക്കണമെന്നും പിവി അന്‍വര്‍ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് പാര്‍കിങ് സ്ഥലത്തും മറ്റും വെയിലുകൊള്ളാതിരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ത്രിതല പഞ്ചായത്ത് വഴി നടപ്പിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇരുചക്ര വാഹന യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും ടൂവീലര്‍ യാത്രികരുടെ ഒരു സംഘടന രൂപവത്കരിക്കും എന്നും അന്‍വര്‍ അറിയിച്ചു. പൊലീസിന്റെ ധാര്‍ഷ്ട്യത്തിനെതിരേ ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍കോട്ടുകാര്‍ പൊലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തതിനെക്കുറിച്ചും അന്‍വര്‍ ചോദിച്ചു. യൂണിയന്‍ നേതാക്കളൊക്കെ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
പൊലീസുകാരോട് തെറ്റിനെതിരെ പ്രതികരിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് ഭയമാണ്. ഇതാണ് പൊലീസിന് വളമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ചും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് വച്ചത് അധികാരത്തിലിരിക്കുന്നവര്‍ മോശം ഭരണം കാഴ്ചവയ്ക്കുന്നുവെങ്കില്‍ അയാളെ പുറത്താക്കാന്‍ വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ വിവിധ പ്രശ്നങ്ങളില്‍ ജനങ്ങള്‍ പ്രതികരിക്കാത്തതിനെതിരെയും പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പൊലീസ് അതിക്രമം, ആരോഗ്യ സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ നിഷ്‌ക്രിയരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു മെഡിക്കല്‍ കോളജ് കിട്ടിയിട്ട് എത്ര കാലമായി, വലതും നടക്കുന്നുണ്ടോ, കിട്ടിയത് അതേപോലെ കിടക്കുകയാണ്.
ഖാസി കേസും, റിയാസ് മൗലവി കേസും, കാസര്‍കോട് മെഡിക്കല്‍ കോളജിനെക്കുറിച്ചും അന്‍വര്‍ പ്രതികരിച്ചു. കാസര്‍കോട് നിര്‍മിച്ച ടാറ്റ ആശുപത്രിയുടെ ഇന്നത്തെ സ്ഥിതിയും അദ്ദേഹം ചോദ്യം ചെയ്തു. 68 കോടി രൂപ മുടക്കി 90 ദിവസംകൊണ്ട് കൊറോണ കാലത്ത് നിര്‍മിച്ച ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ എന്തെന്നും അദ്ദേഹം ചോദിച്ചു. ആ കെട്ടിടം നിര്‍മിച്ച സാധുവായ മനുഷ്യ സ്‌നേഹി കഴിഞ്ഞദിവസം മരിച്ചുപോയെന്നും അന്‍വര്‍ പറഞ്ഞു.
സര്‍കാരിനെ ഏല്‍പിച്ച ഈ ആശുപത്രിയില്‍ ഇപ്പോള്‍ കാക്കയും പൂച്ചയും പട്ടിയും നിരങ്ങുകയാണ്. അതിനെതിരെ ഒന്ന് പ്രതികരിക്കുകയോ കമിറ്റി ഉണ്ടാക്കുകയോ ചെയ്തോ? സര്‍കാരിന് ആശുപത്രിയോട് താത്പര്യമില്ല. നാട്ടുകാരെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ പിരിവെടുത്ത് നല്ല ഡോക്ടര്‍മാരെ വയ്ക്കുമായിരുന്നു. അതിനെതിരെയും കാസര്‍കോട്ടുകാര്‍ പ്രതികരിച്ചിട്ടില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചു.
കാസര്‍കോട്ടും മലപ്പുറത്തും സംസ്ഥാനത്തെ ഏറ്റവും മോശമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതായും, ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അന്‍വര്‍ ആരോപിച്ചു. പൊലീസിനെതിരെ പ്രതികരിക്കാത്തതിന് കാരണം എന്താണെന്നും അദ്ദേഹം ചോദിച്ചു.
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ എത്ര കൊലപാതകങ്ങള്‍ നടന്നു? ആരാണ് ഉത്തരവാദി? ഖാസി കേസിന്റെ അവസ്ഥയെന്താണ്? പൊലീസും സിബിഐയുമൊക്കെ അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്തിയില്ല. ഇതിനൊക്കെ കാരണം ജനങ്ങളുടെ പ്രതികരണശേഷിയുടെ കുറവാണ്. കാസര്‍കോട്ടെ ജനങ്ങള്‍ മന്തി മാത്രം തിന്നുനടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഓടോറിക്ഷ നടുറോഡിലിട്ട് താക്കോല്‍ ഊരിപ്പോവുകയാണ് പൊലീസിലെ ഒരു ഗുണ്ട. റോഡ് ബ്ലോക്കാവുന്നു. താക്കോല്‍ കൊണ്ടുപോയാല്‍ ഞാന്‍ എങ്ങനെ വണ്ടിയെടുക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നാലുദിവസം വണ്ടി പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ചു. എന്നിട്ടും എന്തുകൊണ്ട് കാസര്‍കോട്ടുകാര്‍ പ്രതികരിച്ചില്ലെന്നും യൂണിയന്‍ നേതാക്കളൊക്കെ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. കാസര്‍കോട്ടുകാര്‍ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും ജനം അലംഭാവം കാണിക്കുന്നത് അധികാരികളെ പ്രോത്സാഹിപ്പിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.
#PoliceMisconduct #Kasaragod #PVAnwar #JusticeForDrivers #KeralaPolice #AutoDriverJustice