Allegation | മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികൊടുത്തിട്ട് ഒരു കാര്യവുമില്ലെന്ന ഭരണകക്ഷി എംഎൽഎയുടെ പ്രസ്താവന ശരിയോ, വിവരാവകാശ നിയമം എന്താണ് പറയുന്നത്?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പ്രകാശ് നായർ എന്ന ഉപയോക്താവ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിലൂടെ തന്റെ അനുഭവം വിശദീകരിക്കുന്നു
കെ ആർ ജോസഫ്
(KVARTHA) സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഭരണകക്ഷി എംഎൽഎയായ പി വി അൻവർ ഉയർത്തിയത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും ഓർക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികൊടുത്തിട്ട് കാര്യമില്ലെന്നാണ് പി വി അൻവർ സൂചിപ്പിച്ചത്. ഇതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികൊടുത്തിട്ട് ഒരു കാര്യവുമില്ലെ? വിവരാവകാശ നിയമം 2005 എന്താണ് പറയുന്നത്?, എന്നതിനെപ്പറ്റിയൊക്കെ സൂചിപ്പിച്ചുകൊണ്ട് പ്രകാശ് നായർ എന്ന ഉപയോക്താവ് ഈ വിവാദത്തിനുശേഷം ഇട്ട ഒരു കുറിപ്പ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതികൊടുത്തിട്ട് ഒരു കാര്യവുമില്ല - പി വി അൻവർ. ശ്രീ അൻവർ പറഞ്ഞത് പൂർണ്ണമായും സത്യമാണ്. ഇതിൽ ആരും രാഷ്ട്രീയം കാണണ്ടതില്ല. എൻ്റെ അനുഭവവും ഇത് തന്നെയാണ്. അത് ഞാനിവിടെ വിവരിക്കാം. ഒരു പോലീസധികാരിക്കെതിരേ ഞാൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴിയും രജിസ്റ്റേർഡ് തപാലിലും ഒരു പരാതി അയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മറുപടി SMS വന്നു. 'താങ്കളുടെ --------------- ഡോക്കറ്റ് നമ്പർ പ്രകാരമുള്ള പരാതി ജില്ലാ പോലീസ് മേധാവി (കൊല്ലം റൂറൽ) തുടർ നടപടിക്കായി അയച്ചുകൊടുത്തു. പ്രസ്തുത ഓഫീസിലെ ചാർജ് ഓഫീസറുടെ വിവരങ്ങളും (Addl S.P) മൊബൈൽ നമ്പറും ഇതാണ്. പരാതിയുടെ തൽസ്ഥിതി അറിയുന്നതിന് ഡോക്കറ്റ് നമ്പർ ഉപയോഗിച്ചു മുഖ്യമന്ത്രിയുടെ വെബ് സൈറ്റ് സന്ദർശിക്കുക'.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ Addl S.P ഓഫിസിൽ നിന്നും SMS വന്നു. പരാതി DySP ക്ക് കൈമാറിയെന്ന്. ഒപ്പം ഒരുദ്യോഗസ്ഥന്റെ പേരും നമ്പറും നൽകുകയുണ്ടായി. തൊട്ടടുത്ത ദിവസം ആ ഉദ്യോഗസ്ഥന്റെ വിളിവന്നു. മൊഴി നൽകാൻ നേരിട്ട് ഹാജരാകണമെന്ന്. DySP ഓഫീസിലെ ഒരു കോൺസ്റ്റബിളായിരുന്നു അത്. ഞാൻ പോയി മൊഴി നൽകി. ഇവിടെയാണ് ശ്രീ പി.വി അൻവർ പറഞ്ഞ ഒരു പ്രധാന വിഷയം ശ്രദ്ധിക്കേണ്ടത്.. ഹെഡ് മാസ്റ്റർക്കെതിരെയുള്ള പരാതിയിൽ പ്യൂൺ അന്വേഷണം നടത്തിയാൽ ശരിയാകുമോ എന്ന്. ഇല്ല ഒരിക്കലും ശരിയാകില്ല. ഹെഡ് മാസ്റ്റർക്കെതിരെ പ്യുൺ റിപ്പോർട്ട് കൊടുക്കില്ല. എന്റെ വിഷയത്തിലും അതാണ് സംഭവിച്ചത്.
നമ്മൾ ഒരു പോലീസ് ഓഫീസർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അതന്വേഷിക്കുന്നത് ആ ഓഫീസറുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ. എങ്ങനെ ശരിയാകും? ഇതൊക്കെ മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നതാണ് സംശയം. ഇത് എന്റെമാത്രം അനുഭവമല്ല. അനുഭവസ്ഥർ മുന്നോട്ടുവരട്ടെ. എൻ്റെ മൊഴിയെടുത്ത ഉദ്യോഗസ്ഥൻ പരാതിയിലുള്ള ഓഫീസറുടെ മൊഴിയും രേഖപ്പെടുത്തി അദ്ദേഹത്തെ സംരക്ഷിക്കുന്ന റിപ്പോർട്ട് റൂറൽ എസ് പി ക്കു നൽകി. റൂറൽ എസ് പി അത് മുഖ്യമന്ത്രിയുടെ ഓഫീസിലും ഡിജിപി ഓഫീസിലും അയച്ചുകൊടുക്കുന്നു. പിന്നീടതിന്റെ സ്ഥാനം ചവറ്റു കുട്ടയിലാണ്.
ഈ വിഷയം എസ് പി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടാമതും ഞാൻ മുഖ്യമന്ത്രിക്ക് പരാതി അയച്ചു. ആദ്യപരാതിയുടെ തനിയാവർത്തനമാണ് ഇതിലും നടന്നത്. ഇത്തവണ DySP കൊട്ടാരക്കരക്ക് പകരം പുനലൂർ DySP ആയിരുന്നു എന്ന് മാത്രം. നമ്മുടെ പരാതി എത്ര ഗുരുതരമോ ആകട്ടെ, എസ് പി യോ DySP യോ ഒരു സബ് ഇൻസ്പെക്ടർ പോലും നമ്മോട് അതേപ്പറ്റി തിരക്കില്ല, ചോദിക്കുകയുമില്ല. മുഖ്യമന്ത്രിക്ക് പരാതി നേരിട്ടുകൊടുത്താലും ഇതു തന്നെയാണ് അനുഭവം. നമുക്ക് നീതികിട്ടില്ല വിവരാവകാശ നിയമപ്രകാരം ഡിജിപി യുടെ ഓഫീസിൽ അപേക്ഷ കൊടുത്തപ്പോഴാണ് വിവരമറിയുന്നത്. താങ്കളുടെ പരാതിയിൽ കഴമ്പില്ല എന്ന മറുപടിയാണ് ലഭിച്ചത്.
ഒടുവിൽ നീതിക്കായി ബഹു. ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. നീതി കിട്ടി. ഞങ്ങളുടെ പരാതി ന്യായമാണെന്ന് കോടതി വിധിച്ചു. പക്ഷേ കയ്യിലെ കാശുകുറേ പോയി. ഇതൊക്കെക്കൊണ്ടാണ് പലരും പരാതിയുമായി മേലധികാരികൾക്കു മുന്നിൽ പോകാത്തത്. ഉദ്യോഗസഥർ, അധികാരികൾ എന്നിവരിൽനിന്നും ആളുകൾക്കു നേരേ അതിക്രമങ്ങളും വ്യാജക്കേസുകളും വർദ്ധിച്ചുവരുന്നതിനുള്ള കാരണവും ഇതുതന്നെയാണ്. അഴിമതിക്കും ഇതൊരു കാരണം കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ കൊടുത്താലും പലപ്പോഴും മറുപടി ലഭിക്കില്ലെന്ന് മാത്രമല്ല ഇനി അഥവാ മറുപടി ലഭിച്ചാൽത്തന്നെ 'ആവശ്യപ്പെട്ട വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ല' എന്നാകും മറുപടി.
എന്നാൽ വിവരാവകാശ നിയമം 2005 എന്താണ് പറയുന്നത് ? 'അപേക്ഷ സ്വീകരിച്ച ആഫീസിൽ പ്രസ്തുത വിവരം ലഭ്യമല്ലാതിരിക്കുകയോ മറ്റൊരു പൊതുസ്ഥാപനവുമായി കൂടുതൽ ബന്ധപ്പെട്ടതാണെങ്കിലോ പ്രസ്തുത അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക്, അപേക്ഷ സ്വീകരിച്ച തീയ്യതി മുതൽ അഞ്ച് ദിവസങ്ങൾക്കുളളിൽ അയച്ചുകൊടുക്കേണ്ടതും ഇക്കാര്യം ഉടനെ തന്നെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ് [വകുപ്പ് 6(3)]'. അതും മുഖ്യമന്ത്രിയുടെ ഓഫീസിൽ പാലിക്കപ്പെടുന്നില്ല എന്നാണ് എൻ്റെ അനുഭവത്തിൽ നിന്നും ബോദ്ധ്യമായിട്ടുള്ളത്. ഇതൊന്നും മുഖ്യമന്ത്രി അറിയുന്നുണ്ടാകില്ല. ശ്രീ അൻവർ പറയുന്നതുപോലെ ചില ഉദ്യോഗസ്ഥർ അവിടെ ശരിയായ രീതിയിലല്ല കാര്യങ്ങൾ നീക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഭരണകക്ഷിയിലെ ഒരു എം.എൽ എ ഇത്ര ശക്തമായി ഇക്കാര്യം വിവരിക്കുമ്പോൾ നമ്മൾ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ'.
ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്. പി വി അൻവർ കുടത്തിൽ നിന്ന് തുറന്ന് വിട്ടത് ശരിക്കും ഒരു ഭൂതത്തെ തന്നെ ആയിരുന്നുവെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഈ വിഷയം കേരളത്തെ ആകെ ആടിയുലച്ചിരിക്കുന്നുവെന്ന് വ്യക്തം. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ഒരു ഭരണകക്ഷി എംഎൽഎ തന്നെ വേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. അത് വിളിച്ചു പറയാൻ പി വി അൻവർ എം.എൽ.എ കാണിച്ച ചങ്കുറ്റം പൊതുജന ശ്രദ്ധപിടിച്ചു പറ്റിയെന്നതാണ് യാഥാർത്ഥ്യം. ആരെങ്കിലും വേണ്ടേ പൂച്ചയ്ക്കൊരു മണികെട്ടാൻ. അതിന് പി വി അൻവർ വേണ്ടി വന്നുവെന്ന് മാത്രം.
#KeralaPolitics, #PVAnwar, #RTIAct, #GovernmentIssues, #ChiefMinistersOffice, #BureaucraticDelay
