Criticism | മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും കണ്ടുപഠിക്കേണ്ടത് എകെഎം അഷ്‌റഫ് എംഎൽഎയും എം കെ രാഘവൻ എംപിയെയും; നിങ്ങളെ സ്വീകരിക്കാൻ അവർ ഷിരൂരിൽ ഉണ്ടാകും


സോണി കല്ലറയ്ക്കൽ
(KVARTHA) എന്തിനാ വെറുതെ. പതിനൊന്നാമത്തെ ദിവസം ആണ് ഇവർക്ക് ബോധം വന്നത്. വിദേശത്ത് ആയിരുന്നു ഈ അപകടം എങ്കിൽ കുറെ മന്ത്രിമാർ ചാടി ഇറങ്ങിയേനെ. മന്ത്രിമാർക്ക് വഴി കാണിച്ച മാധ്യമങ്ങക്ക് അഭിവാദ്യങ്ങൾ നേരുകയാണ്. ഷിരൂരിലെ ദുരന്തമുഖത്തേക്ക് പതിനൊന്നാമത്തെ ദിവസമായപ്പോൾ കേരളത്തിലെ രണ്ട് മന്ത്രിമാർ എത്തുന്നു എന്നതാണ് പുതിയ വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരം ആണ് മന്ത്രി പി എ മുഹമ്മദ് റിയാസും മന്ത്രി എ കെ ശശീന്ദ്രനും ഷിരൂരിൽ എത്തുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഈ രണ്ട് മന്ത്രിമാരും ഷിരൂരിൽ എത്തുമെന്നാണ് സൂചന. രക്ഷാ ദൗത്യത്തിൻ്റെ നിലവിലെ സ്ഥിതി അവലോകനം ചെയ്യാനാണ് മന്ത്രിമാരെത്തുന്നത് എന്നതാണ് വാർത്ത.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പതിനൊന്നാം ദിവസമായ ഇപ്പോഴും തുടരുമ്പോഴും കേരളത്തിലെ മന്ത്രിമാർക്കോ, എം.എൽ.എമാർക്കോ മുഖ്യമന്ത്രിക്കോ ഒന്നും അങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കാൻ കൂടി സമയം ഇല്ലായിരുന്നു. ആകെയുള്ളത് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫും കോഴിക്കോട് എം.പി എം.കെ.രാഘവനും മാത്രം. ഈ ദുരന്തമുണ്ടായ അന്നുമുതൽ ഇന്നുവരെ ഇവർ ഇരുവരും മാത്രമേ സജീവമായി അവിടെയുണ്ടായിരുന്നുള്ളു. ദുരന്തം നടന്ന് പതിനൊന്ന് ദിവസം മാത്രം ആകുമ്പോഴാണ് പേരിന് രണ്ട് മന്ത്രിമാർ കേരളത്തിൽ നിന്ന് ഷിരൂരിൽ എത്തുന്നത്.
ഇവരെയൊക്കെ കാണുമ്പോഴാണ് പ്രിയപ്പെട്ട എംഎൽഎ എകെഎം അഷ്റഫും കോഴിക്കോട് എം.പി എം.കെ രാഘവനും ഒക്കെ എത്രയോ ഉന്നതമായ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വങ്ങൾ ആണ് എന്ന് മനസിലാക്കാൻ സാധിക്കുന്നത്. ദുരന്തം നടന്ന് വളരെ ദിവസം കഴിഞ്ഞ് കേരളത്തിൽ നിന്ന് ഷിരുരിലേയ്ക്ക് രണ്ട് മന്ത്രിമാർ എത്തുന്നതിനെതിരെ സാമൂഹ്യമാധ്യങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയാണ്.
എം.കെ രാഘവൻ എം.പിയും അഷ്റഫ് എം.എൽ.എ യും നിങ്ങളെ സ്വീകരിക്കാൻ അവിടെ ഉണ്ടാകും, ഭാഗ്യം ഇത്രയും ദിവസമായിട്ടും അർജുനനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിൽ മന്ത്രിമാർ ഉണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞല്ലോ, ഇതൊക്കെ ആ അപകടം നടന്ന കാര്യം അറിഞ്ഞപ്പോൾ ആയിരുന്നുവെങ്കിൽ എത്ര ഉപകാരപ്പെടുമായിരുന്നു, രണ്ടു മന്ത്രിമാർ അടങ്ങുന്ന സംഘം പോകുന്ന ചിലവ് അർജുനൻ്റെ വീട്ടിൽ കൊടുക്കുക, എന്നിട്ട് മന്ത്രി ഓഫീസിൽ ഇരുന്ന് കാര്യങ്ങൽ നോക്കുക, അവിടെ കർണ്ണാടക സർക്കാരും ആദ്യ ദിവസങ്ങളിൽ എത്തിയ കേരളത്തിലെ ജനപ്രതിനിധികളും ഇനിയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കട്ടെ എന്നൊക്കെയുള്ള കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്..
കേരളത്തിൽ നിന്നും ഒരു മന്ത്രിക്ക് എങ്കിലും തുടക്കത്തിലേ പോകാമായിരുന്നു, ഈ വാർത്തയൊക്കെ കാണുമ്പോൾ നിസ്വാർത്ഥ സേവകനായി മഴയും കാറ്റും കൊണ്ട് രാവും പകലും ദുരന്ത മുഖത്ത് നിൽക്കുന്ന മഞ്ചേശ്വരം എംഎൽഎ അഷ്റഫ് സാഹിബിനെ ഓർത്ത് ഞങ്ങൾ അഭിമാനം കൊള്ളുന്നു, ഇനി ഇപ്പൊ വീണ ജോർജ് കുവൈറ്റിൽ പോകാൻ നോക്കിയത് പോലെ ആകും, തുടങ്ങിയ പരിഹാസ ശരങ്ങളും കേരളത്തിൽ നിന്ന് ഇപ്പോൾ ഷിരൂരിൽ എത്തുന്ന ഈ രണ്ട് മന്ത്രിമാക്കെതിരെ ഉയർന്നു.
ഒപ്പം തന്നെ ഈ അവസരത്തിൽ അഷറഫ് സാഹിബ് എം.എൽ.എ യെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റും നിരവധിപേർ ഷെയർ ചെയ്യുന്നുണ്ട്. അത് ഇങ്ങനെയാണ്. 'രണ്ട് സംസ്ഥാനങ്ങളിലെ രണ്ട് എം.എൽ.എമാർ. എ.കെ.എം അഷ്‌റഫും സതീശ് കൃഷ്ണ സെയിലും. ഉത്തര കന്നഡ ജില്ലയിലെ അങ്കോല ഷിരൂരിലെ ദുരന്തമുഖത്തേക്ക് ഓടിയെത്തി ആദ്യഘട്ടം മുതലേ രക്ഷാപ്രവർത്തകർക്കൊപ്പം വിശ്രമമില്ലാതെ അവരുണ്ട്. അർജുൻ ഉൾപ്പെടെ നാല് മനുഷ്യർക്കായുള്ള തിരച്ചിലിന് വേഗത കൈവരിച്ചത് ഇവരുടെ ഇടപെടലിലൂടെയാണ്. അഷ്‌റഫ് സാഹിബിന്റെ കന്നഡ, തുളു ഭാഷകളിലെ പ്രാവീണ്യം ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ പാലമായി പ്രവർത്തിക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.
ആരെയും ദുരന്തമുഖത്തേക്ക് കടത്തിവിടാത്ത സമയത്ത് കർണാടക സർക്കാറുമായി സംസാരിച്ച് കേരളത്തിലെ സർക്കാർ പ്രതിനിധികളെ പോലും അവിടെ എത്തിച്ചത് അദ്ദേഹമാണ്. അർജുന്റെ ലോറി കണ്ടെത്തിയ വാർത്ത ആദ്യം ലോകത്തെ അറിയിച്ചത് അഷ്‌റഫാണ്. ഗംഗാവാലി നദിയിലെ ലൊക്കേഷനിലേക്ക് നദിയിലെ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും കാര്യമാക്കാതെ സതീശ് കൃഷ്ണ സെയിലിനൊപ്പം അഷ്‌റഫും പോയിരുന്നു. വൈകുന്ന ഓരോ ഘട്ടത്തിലും അസ്വസ്ഥത പ്രകടിപ്പിച്ച അഷ്‌റഫിനോട് 'സർ ടെൻഷനടിക്കേണ്ട' എന്നു പറഞ്ഞ് സേനാ ഉദ്യോഗസ്ഥർ സമാധാനിപ്പിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്തു.
ശക്തമായ കാറ്റും മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടും ഒരടി പിന്നോട്ടില്ലാതെ ദുരന്തമുഖത്ത് കുടകളിൽ നിന്ന് നിർണായക മീറ്റിങ്ങുകൾ ചേർന്ന് ഏകോപനം നടത്തിയത് ഈ എം.എൽ.എമാരാണ്. വാർത്താ ചാനലുകളുടെ മൈക്കിന് മുന്നിലേക്ക് തള്ളിക്കയറി ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കാനോ തെറ്റായ കാര്യങ്ങൾ പറയാനോ ഇവരെ കണ്ടിട്ടില്ല. വളരെ പക്വതയോടെയാണ് ഓരോ ഘട്ടത്തിലും അവർ ഇടപെട്ടത്. കർണാടക സർക്കാർ പ്രത്യേകം ചുമതല നൽകിയ മന്ത്രി കൃഷ്ണ ബേയ്രെ ഗൗഡയും എം.കെ രാഘവൻ എം.പിയും ഇവർക്കൊപ്പമുണ്ട്.
നമ്മളങ്ങനെ തോറ്റുപോകില്ല. നല്ല വാർത്തകൾക്കായി കാത്തിരിക്കാം. എന്തായാലും ഈ വിഷയത്തിൽ വാദപ്രതിവാദങ്ങൾ അലയടിക്കുമ്പോഴും എല്ലാവരുടെയും കണ്ണ് ദുരന്തത്തിൽ കാണാതായ അർജുനിലേയ്ക്കാണ്. ആരൊക്കെ എത്തിയാലും ദൈവം തമ്പുരാൻ കനിഞ്ഞാൽ തങ്ങൾക്ക് തങ്ങളുടെ അർജുനെ തിരികെ കിട്ടുമെന്ന് അദ്ദേഹത്തിൻ്റെ കുടുംബവും അർജുനെ ഹൃദയം തുറന്ന് സ്നേഹിക്കുന്ന മലയാളി സഹോദരങ്ങളും പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കാം. പ്രാർത്ഥിക്കാം.