കോഴിക്കോട്ട് വഖഫ് സംരക്ഷണ മഹാറാലി; പ്രതിഷേധം അലകടലായി; കാവൽക്കാരൻ കൈയേറ്റക്കാരനാവരുത്; വഖഫ് വിഷയത്തിൽ സാദിഖലി തങ്ങൾ; പൗരത്വ ബിൽ അറബിക്കടലിൽ; വഖഫ് നിയമവും അതുപോലെയാകുമെന്ന് കുഞ്ഞാലിക്കുട്ടി


● വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സാദിഖലി തങ്ങൾ.
● കാവൽക്കാരൻ കൈയേറ്റക്കാരനാവരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
● പൗരത്വ ബിൽ പോലെയാകും വഖഫ് നിയമമെന്ന് കുഞ്ഞാലിക്കുട്ടി.
● എൽഡിഎഫ് വിഭാഗീയത വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപണം.
● വിവിധ നേതാക്കൾ റാലിയിൽ സംസാരിച്ചു.
● സമീപകാലത്തെ ഏറ്റവും വലിയ ജനപങ്കാളിത്തം.
കോഴിക്കോട്: (KVARTHA) ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ ഒഴുകിയെത്തി. ഉച്ച കഴിഞ്ഞതോടെ കോഴിക്കോട് കടപ്പുറത്തേക്ക് പ്രവർത്തകർ വാഹനങ്ങളിലും ചെറുപ്രകടനങ്ങളായും എത്തിച്ചേർന്നു. വൈകീട്ടോടെ ബീച്ചും പരിസരവും ജനനിബിഢമായി. വഖ്ഫ് നിയമ ഭേദഗതിക്കെതിരായ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ പ്രതിഷേധം അലകടലാക്കി മാറ്റി.
റാലി ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാവൽക്കാരൻ തന്നെ കൈയേറുന്ന സ്ഥിതിയാണ് വഖഫ് നിയമ ഭേദഗതിയിലൂടെ രാജ്യത്ത് വരുന്നതെന്ന് പറഞ്ഞു. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. എന്നാൽ ഈ ഭേദഗതിയിലൂടെ അത് ഇല്ലാതായിരിക്കുകയാണ്. പൗരൻ്റെ വിശ്വാസത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടമാണ്. എന്നാൽ ഇവിടെ ഭരണകൂടം തന്നെ കൈയേറ്റക്കാരാവുകയാണ്. വഖഫ് ഭേദഗതി നിയമം വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും വർദ്ധിപ്പിക്കും. ഇത്രയധികം എതിർപ്പുണ്ടായ മറ്റ് ബില്ലുകളുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യപ്രഭാഷണം നടത്തിയ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ, ബിജെപി ഭാരതീയ നുണ പാർട്ടിയാണെന്ന് വിമർശിച്ചു. കർണാടകയിൽ വഖഫുമായി ബന്ധപ്പെട്ട് ബിജെപി പറഞ്ഞ നുണകൾക്ക് താൻ മറുപടി നൽകിയിട്ടുണ്ട്. ബിജെപി ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ്. പാവപ്പെട്ടവരെ കൊള്ളയടിച്ച് സമ്പന്നർക്ക് നൽകുന്നു. ഇത് മറയ്ക്കുന്നതിനാണ് ഇത്തരം നിയമങ്ങളുമായി അവർ രംഗത്തെത്തുന്നത്. ഐക്യത്തിലൂടെയേ ഇന്ത്യ വികസിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷത വഹിച്ച ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പൗരത്വ ബിൽ അറബിക്കടലിലായതുപോലെ വഖഫ് നിയമ ഭേദഗതിക്കും സംഭവിക്കുമെന്ന് പറഞ്ഞു. കേരള സർക്കാർ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്തുകയാണ്. രണ്ട് പ്രബല വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാന മന്ത്രി അനസൂയ സീതക്ക, മുസ്‌ലിംലീഗ് ദേശീയ പ്രസിഡൻ്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, പി.വി അബ്‌ദുൽവഹാബ് എം.പി, ഡോ. എം.പി അബ്‌ദുസമദ് സമദാനി എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, പി.എം.എ സലാം, കെ.പി.എ മജീദ് എം.എൽ.എ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, കെ.എം ഷാജി, പി.കെ ഫിറോസ്, പി.കെ നവാസ്, പാറക്കൽ അബ്‌ദുല്ല തുടങ്ങിയ നേതാക്കളും റാലിയിൽ സംസാരിച്ചു. സമീപകാലത്തൊന്നുമില്ലാത്ത ഏറ്റവും വലിയ ജനസഞ്ചയമാണ് റാലിയിൽ അണിനിരന്നത്. വൈകിയെത്തിയ പലർക്കും സമ്മേളന സ്ഥലത്തേക്ക് എത്താൻ പോലും സാധിച്ചില്ല.
Thousands participated in a massive rally organized by the Muslim League in Kozhikode, protesting against the Waqf law amendment. Leaders criticized the amendment, with Sadiqali Shihab Thangal stating that the caretaker is becoming the encroacher. Kunhalikutty predicted the law would face the same fate as the Citizenship Bill.
#WaqfProtest, #KozhikodeRally, #MuslimLeague, #KeralaPolitics, #AntiWaqfBill, #SaveWaqf