'കനത്ത പരാജയങ്ങളിൽ ആർക്കും സമനില തെറ്റാം, സെമിനാർ മൂഡിൽ കണ്ടാൽ മതി'; സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ മനു തോമസിൻ്റെ പരിഹാസം
ADVERTISEMENT
● കേന്ദ്ര കമ്മിറ്റിക്ക് മാത്രമേ പ്ലീനമോ കോൺഫറൻസോ നടത്താൻ അധികാരമുള്ളൂ എന്ന് വിമർശനം
● സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോടാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത്
● യോഗത്തിൽ പങ്കെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അടക്കമുള്ള നേതാക്കൾ എത്തിയിട്ടുണ്ട്
● മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി രൂപ വിപുലീകൃതമായി മാറുമെന്നും പോസ്റ്റിൽ പരിഹാസം
● കനത്ത പരാജയങ്ങളിൽ നിന്ന് ആർക്കും സമനില തെറ്റാമെന്നും സെമിനാർ മൂഡിൽ കണ്ടാൽ മതിയെന്നും പരാമർശം
കണ്ണൂർ: (KVARTHA) കോഴിക്കോട്ട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവ് മനു തോമസ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. പാർട്ടിക്കെതിരെ കനത്ത പരിഹാസമാണ് മനു തോമസ് അഴിച്ചുവിടുന്നത്.
സിപിഎമ്മിൻ്റെ ഭരണഘടനാ ലംഘനമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയെന്നും കേന്ദ്ര കമ്മിറ്റിക്ക് മാത്രമേ പ്ലീനമോ കോൺഫറൻസോ നടത്താൻ അധികാരം ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് ഭരണഘടനാ പ്രകാരമാണ് വിപുലീകൃത സംസ്ഥാന സമിതി എന്ന് ഭരണഘടനാ പാണ്ഡിത്യ പ്രമുഖർ പറഞ്ഞു തരുമല്ലോ എന്നും അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നു.
പിണറായി ഫാൻസ് ക്ലബ്ബിൻ്റെ ശക്തിപ്രകടനം
ഇതിനെ കമ്മിറ്റി എന്ന് വിളിക്കുന്നതിന് പകരം സംയുക്ത യോഗം എന്ന് വിളിച്ചാൽ ഏറെക്കുറെ ശരിയാകുമെന്നും പാർട്ടി ഭരണഘടന പ്രകാരം ഒരു ഘടകത്തിൻ്റെ സംയുക്ത യോഗം നടത്താൻ പറയുന്നില്ലെന്നും അദ്ദേഹം കുറിച്ചു. 'സെമിനാർ നടത്തുന്നുവെന്ന മൂഡിൽ കണ്ടാൽ മതി. '
കനത്ത പരാജയങ്ങളിൽ നിന്ന് ആർക്കും സമനില തെറ്റാം, സ്വാഭാവികമാണ്, അതാണ് കോഴിക്കോട് സംഭവിക്കുന്നത്' എന്നാണ് മനു തോമസിൻ്റെ പരിഹാസം. മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി രൂപ വിപുലീകൃതമായി മാറും, അത്രതന്നെ. പിണറായി ഫാൻസ് ക്ലബ്ബിൻ്റെ ശക്തി പ്രകടനത്തിലേക്ക് ഏവർക്കും സ്വാഗതം എന്നും മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട്
സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോടാണ് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കമുള്ള കേന്ദ്ര സംസ്ഥാന നേതാക്കളും മറ്റ് ഭാരവാഹികളും ജില്ലയിൽ എത്തിയിട്ടുണ്ട്.
പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രം ഫണ്ട് ശേഖരിച്ച് ലളിതമായ രീതിയിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി നടത്തുന്നതെന്ന് സ്വാഗത സംഘം കൺവീനർ എം മെഹബൂബ് കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Former DYFI district leader Manu Thomas strongly criticized the CPM's expanded state committee meeting held in Kozhikode on September 13, 14, and 15, 2026.
#Kvartha #ManuThomas #CPM #DYFI #KeralaPolitics #Kozhikode #PinarayiFansClub #MalayalamNews #KeralaNews #AmmuNews
