Controversy | മനു തോമസ് വിവാദം: എം ഷാജർക്കെതിരെ നൽകിയ പരാതിയുടെ കോപ്പി പുറത്തായതോടെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് ഉത്തരം മുട്ടിയെന്ന് ആക്ഷേപം


ഷാജർ തനിക്കെതിരെ നടത്തിയ ഗൂഡാലോചന സംബന്ധിച്ച് 2002 ഏപ്രിലിൽ പാർട്ടിക്ക് നൽകിയ പരാതിയിൽ ഒരു നടപടിയുമുണ്ടായില്ലെന്ന് ആരോപണം
ചന്ദ്രദേവ്
കണ്ണൂർ: (KVARTHA) പാർട്ടിയിൽ നിന്നും ഒഴിവാക്കിയ മുൻ ഡിവൈഎഫ്ഐ നേതാവിൻ്റെ വെളിപ്പെടുത്തലുകൾ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിന് തീരാ തലവേദനയാകുന്നു. യുവജനകാര്യ കമ്മീഷൻ ചെയർമാനും പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ എം ഷാജറിനെതിരെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയ മനു തോമസ് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നതോടെയാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം വെട്ടിലായത്.
പാർട്ടിക്ക് ഒരു നേതാവിൻ്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള പരാതി ലഭിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെയാണ് പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചത്. ഇതോടെ ഇതിനെ കുറിച്ച് പ്രതികരിക്കാതെ പാർട്ടി ജില്ലാ നേതൃത്വം മൗനം പാലിക്കുകയാണ്. വിവാദങ്ങൾ കത്തി കയറുമ്പോൾ ഉത്തരം മുട്ടിയ അവസ്ഥയിലാണ് പാർട്ടി ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഈ വിഷയത്തിൽ പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല.
അന്നത്തെ സഹപ്രവർത്തകനും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മറ്റിയംഗവുമായ എം.ഷാജർ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നുള്ള മനു തോമസിൻ്റെ പരാതിയാണ് പുറത്ത് വന്നത്. ഡി.വൈ എഫ് ഐ നേതാവും കണ്ണൂർ ജില്ലാ കമ്മറ്റിയംഗവുമായ എം ഷാജറിനെതിരെ നൽകിയ പരാതിയിൽ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മനുതോമസ് എഴുതിയ കാത്താണ് പുറത്തായത്. സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളുള്ള വ്യക്തികളുമായി ചേർന്നാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് കത്തിൽ മനു തോമസ് സൂചിപ്പിക്കുന്നത്.
ഷാജർ തനിക്കെതിരെ നടത്തിയ ഗൂഡാലോചന സംബന്ധിച്ച് 2002 ഏപ്രിലിൽ പാർട്ടിക്ക് നൽകിയ പരാതിയിൽ ഒരു നടപടിയുമുണ്ടായില്ല. ഇത് സൂചിപ്പിച്ചാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കത്തെഴുതിയത്. ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സ് ആപ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച വോയിസ് ക്ലിപ്പ് വന്നു എന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ പാർട്ടി അംഗത്വം പുതുക്കാത്ത സാഹചര്യത്തിൽ ഡിവൈ എഫ് ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡൻ്റും ജില്ലാ കമ്മിറ്റിയംഗവും കൂടിയായ മനു തോമസിൻ്റെ അംഗത്വം ഒഴിവാക്കിയ സി.പി.എം ജില്ലാ കമ്മറ്റി പകരക്കാരനെയും എടുത്തിരുന്നു.
തുടർന്ന് ഇതേ തുടർന്നുള്ള പ്രതികരണങ്ങളിലാണ് പാർട്ടിക്ക് നൽകിയ പരാതിയിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് മനു തോമസ് തുറന്നു പറഞ്ഞത്. എന്നാൽ ഈ കാര്യം സി.പി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിഷേധിച്ചിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയെന്നാണ് പാർട്ടി നിലപാടെന്നായിരുന്നു ജയരാജൻ മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ഈ വാദമാണ് പരാതിയുടെ പകർപ്പ് പുറത്ത് വന്നതോടെ പൊളിഞ്ഞതെന്നാണ് എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്.