മലപ്പട്ടത്ത് ഗാന്ധി പ്രതിമ ഉയർന്നു; സിപിഎമ്മിന് താക്കീത്

 
malappattom-gandhi-statue-unveiling.jpg
malappattom-gandhi-statue-unveiling.jpg

Photo: Arranged

● സിപിഎം അക്രമ മനോഭാവം തിരുത്തണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
● മലപ്പട്ടത്തിന്റെ മാനം കാക്കാൻ കോൺഗ്രസിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
● നിലമ്പൂർ തിരഞ്ഞെടുപ്പിൽ ഗാന്ധിപ്രതിമ തകർത്തവർക്ക് തിരിച്ചടി നേരിട്ടെന്ന് ഓർമ്മിപ്പിച്ചു.
● ഗാന്ധിപ്രതിമ സ്ഥാപിക്കാൻ സ്ഥലം നൽകിയ കെ.സി. കൃഷ്ണൻ നമ്പ്യാരെ ആദരിച്ചു.
● സബർമതിയിലെ മണ്ണ് നിക്ഷേപിച്ച ഗാന്ധിശിൽപ്പം ബിജു ജോസഫ് നിർമ്മിച്ചു.

കണ്ണൂർ: (KVARTHA) അഹിംസയുടെ പാതയിലൂടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയെ വർഗീയ ശക്തികൾ വധിച്ചപ്പോൾ, മറ്റൊരു വിഭാഗം ഗാന്ധിപ്രതിമകളുടെ തല വെട്ടിമാറ്റുകയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. 

മലപ്പട്ടത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിയാത്രയും ഗാന്ധിപ്രതിമ അനാച്ഛാദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ പ്രതിമ കോൺഗ്രസ് പ്രവർത്തകരുടെ അടുക്കളയിൽ പോലും വെക്കാൻ അനുവദിക്കില്ലെന്ന് ഒരു സിപിഎം നേതാവ് മലപ്പട്ടത്ത് പ്രഖ്യാപിച്ചിരുന്നു. 

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തവരും ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമുള്ളവരുമായ അവർക്ക് സ്വാതന്ത്ര്യസമര ചരിത്രം മനസ്സിലായിട്ടുണ്ടാകില്ല. പകൽ സമയത്ത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നിൽ തല കുമ്പിട്ടില്ലെങ്കിലും രാത്രിയിലെങ്കിലും നിങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് പ്രായശ്ചിത്തമായി ഗാന്ധിജിയെ വണങ്ങണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അതിനാണ് മലപ്പട്ടത്ത് കോൺഗ്രസ് ഗാന്ധിപ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമങ്ങളോട് കോൺഗ്രസിന് താൽപര്യമില്ലെന്നും ഗാന്ധിജി ആഹ്വാനം ചെയ്തതുപോലെ അക്രമരഹിത, അഹിംസാ മാർഗ്ഗത്തിലൂടെ കടന്നുപോകാനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇരുട്ടിന്റെ മറവിൽ ഗാന്ധിസ്തൂപം തകർത്ത സാമൂഹ്യവിരുദ്ധർ ഈ രാജ്യത്താകെ മലപ്പട്ടത്തിനുണ്ടാക്കിയ കളങ്കം ഗാന്ധിപ്രതിമ സ്ഥാപിച്ചതിലൂടെ മാറ്റിയെടുക്കാൻ കോൺഗ്രസിന് സാധിച്ചു. മലപ്പട്ടത്തിന്റെ മാനം കാക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ വോട്ട് തേടുമ്പോൾ മലപ്പട്ടത്ത് ഗാന്ധിജിയുടെ പ്രതിമ തകർത്തവർക്ക് വോട്ട് ചെയ്യണമോയെന്ന് തങ്ങൾ ചോദിച്ചിരുന്നു. നിലമ്പൂരിലെ ജനത ഗാന്ധിപ്രതിമ തകർത്തവർക്ക് കനത്ത തിരിച്ചടിയാണ് നൽകിയതെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. ഇനിയെങ്കിലും സിപിഎം തങ്ങളുടെ അക്രമ മനോഭാവം തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, മുൻ മന്ത്രി എ.പി. അനിൽകുമാർ എംഎൽഎ, അഡ്വ. സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. സോണി സെബാസ്റ്റ്യൻ, പി.എം. നിയാസ്, കെ. ജയന്ത്, എഐസിസി മെമ്പർ വി.എ. നാരായണൻ, പി.ടി. മാത്യു, സജീവ് മാറോളി, അബിൻ വർക്കി, ചന്ദ്രൻ തില്ലങ്കേരി, അഡ്വ. ടി.ഒ. മോഹനൻ, റിജിൽ മാകുറ്റി, മുഹമ്മദ് ബ്ലാത്തൂർ, കെ.സി. ഗണേശൻ, കെ.വി. ഫിലോമിന, എം.പി. ഉണ്ണികൃഷ്ണൻ, വിജിൽ മോഹൻ, രാജീവൻ എളയാവൂർ, വി.പി. അബ്ദുൽ റഷീദ്, കെ.പി. ശശിധരൻ, എം.പി. രാധാകൃഷ്ണൻ, ശ്രിജ മഠത്തിൽ, മധു എരമം, ജോസ് ജോർജ് പ്ലാന്തോട്ടം, എം.സി. അതുൽ എന്നിവർ സംസാരിച്ചു.

ഗാന്ധിപ്രതിമ സ്ഥാപിക്കാൻ മലപ്പട്ടത്ത് സ്ഥലം നൽകിയ കോൺഗ്രസ് നേതാവ് കെ.സി. കൃഷ്ണൻ നമ്പ്യാരെ ചടങ്ങിൽ കെപിസിസി പ്രസിഡന്റും ഡിസിസി പ്രസിഡന്റും പൊന്നാട അണിയിച്ച് ആദരിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎ മുഖേനയാണ് മലപ്പട്ടത്ത് സ്ഥാപിക്കാൻ ഗാന്ധിപ്രതിമയെത്തിച്ചത്. ആലപ്പുഴയിലെ ബിജു ജോസഫ് നിർമ്മിച്ച ഗാന്ധി ശിൽപ്പത്തിൽ സബർമതിയിലെ മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്.

ഗാന്ധി-നെഹ്‌റു സ്മരണയിൽ യൂത്ത് കോൺഗ്രസ്; ആയിരം ഭവന പദ്ധതിക്ക് തുടക്കം

കണ്ണൂർ: മലപ്പട്ടത്ത് ഗാന്ധി സ്തൂപം തകർത്ത സി.പി.എം നടപടിയിലും, നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി 'ഒന്നല്ല ഒരായിരം ഗാന്ധി-നെഹ്‌റു ഭവനങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന ഗാന്ധി-നെഹ്‌റു ഛായാചിത്ര വിതരണത്തിന് തുടക്കമായി. കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

ഗാന്ധിയെയും നെഹ്‌റുവിനെയും തള്ളിപ്പറയുന്ന സി.പി.എം. യഥാർത്ഥത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെയാണ് തള്ളിപ്പറയുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സണ്ണി ജോസഫ് എം.എൽ.എ. പറഞ്ഞു. 

malappattom-gandhi-statue-unveiling.jpg

ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി പി.ആർ. സനീഷ് ആദ്യ ഛായാചിത്രം ഏറ്റുവാങ്ങി.

കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എൽ.എ., എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എം.എൽ.എ., സോണി സെബാസ്റ്റ്യൻ, മുഹമ്മദ് ബ്ലത്തൂർ, രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവെള്ളി, ഫർസിൻ മജീദ്, അമൽ കുട്ടിയാറ്റൂർ, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗാന്ധിപ്രതിമ തകർത്താൽ വീണ്ടും സ്ഥാപിക്കും: വിഷ്ണുനാഥ്

കണ്ണൂർ: മഹാത്മാഗാന്ധിയുടെ പ്രതിമ സി.പി.എം പ്രവർത്തകർ തകർത്താൽ, അതേ നിമിഷം മറ്റൊരു പ്രതിമ അവിടെ സ്ഥാപിക്കുമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ. പ്രഖ്യാപിച്ചു. മലപ്പട്ടത്ത് നടന്ന ഗാന്ധി സന്ദേശയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങൾ പ്രതിമ തകർക്കുമ്പോൾ, അന്നുതന്നെ മറ്റൊരു പ്രതിമ സ്ഥാപിക്കും. ഇപ്പോൾ നിർമ്മിച്ച പ്രതിമയ്ക്ക് സമാനമായ ഒന്ന് നിർമ്മിക്കാൻ ശിൽപിയോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങൾ തകർക്കുക, ഞങ്ങൾ പുനഃസ്ഥാപിക്കുക – ഇതിൽ ഒരു മാറ്റവും ഉണ്ടാകില്ല,’ വിഷ്ണുനാഥ് ഊന്നിപ്പറഞ്ഞു.

malappattom-gandhi-statue-unveiling.jpg

ഗാന്ധിയെ വധിച്ചവരോടുള്ള അതേ നിലപാടാണ് ഗാന്ധിപ്രതിമ തകർക്കുന്നവരോടുമുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എത്രകാലം ഈ അക്രമസമീപനവുമായി മുന്നോട്ട് പോകാനാകുമെന്ന് അദ്ദേഹം സി.പി.എമ്മിനോട് ചോദിച്ചു. കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കുമെന്ന കാര്യം മറക്കരുതെന്നും, നിലമ്പൂരിലുണ്ടായ പരാജയം വീണ്ടും ആവർത്തിക്കുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.

ശാന്തിയാത്ര നടത്തുമ്പോൾ പോലും പോലീസിന്റെ കാവൽ വേണ്ടിവരുന്ന ദുരവസ്ഥയെ എ.പി. അനിൽകുമാർ എം.എൽ.എ. രൂക്ഷമായി വിമർശിച്ചു. മലപ്പട്ടത്ത് ഗാന്ധിസന്ദേശ യാത്ര ആരംഭിച്ച സ്ഥലം മുതൽ ഗാന്ധിപ്രതിമ സ്ഥാപിച്ചിടം വരെ വലിയ പോലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്. അക്രമത്തിലൂടെയല്ലാതെ, സമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ് എന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary: Sunny Joseph criticizes CPM over Gandhi statue incident in Malappattom.

#Malappattom #GandhiStatue #SunnyJoseph #CPM #Congress #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia