വിലക്കയറ്റത്തിനെതിരെ മഹിളാമോർച്ചയുടെ വേറിട്ട സമരം: മണ്ണ് വിളമ്പി പ്രതിഷേധിച്ചു


● മുഖ്യമന്ത്രിയുടെ അണ്ണാക്കിൽ മണ്ണ് വാരിയിടാൻ സമയമായി.
● ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
● ഭരണകൂടത്തിന്റെ നെറികേടുകൾ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു.
● എത്ര വരുമാനമുണ്ടെങ്കിലും ജീവിക്കാൻ നിർവാഹമില്ലാത്ത അവസ്ഥ.
കണ്ണൂർ: (KVARTHA) അതിരൂക്ഷമായ വിലക്കയറ്റത്തിലും അവശ്യവസ്തുക്കളുടെ വിലവർധനവിലും പ്രതിഷേധിച്ച് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ മണ്ണ് വിളമ്പി സമരം നടത്തി.
പിണറായി സർക്കാർ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.

‘കേരളീയരെ നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ട മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ അണ്ണാക്കിൽ ജനം മണ്ണ് വാരിയിടുന്ന സമയം അതിക്രമിച്ചിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
സ്വന്തം മക്കളോടും മരുമക്കളോടും ഏതാനും ഉദ്യോഗസ്ഥ പ്രമുഖരോടും മാത്രം പ്രതിബദ്ധത കാണിക്കുന്ന ഈ ഭരണകൂടത്തിൻ്റെ നെറികേടുകൾ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും, എത്ര വരുമാനമുണ്ടെങ്കിലും പിണറായി ഭരണത്തിൽ ജീവിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയാണെന്നും സി.കെ. പത്മനാഭൻ കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് എം.പി. രാഗിണി ടീച്ചർ അധ്യക്ഷത വഹിച്ചു. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ, ദേശീയ സമിതി അംഗം സി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ, ടി.സി. മനോജ്, അജികുമാർ കരിയിൽ എന്നിവർ സംസാരിച്ചു. ജയലത വിനോദ് സ്വാഗതവും അഡ്വ. അർച്ചന വണ്ടിച്ചാൽ നന്ദിയും പറഞ്ഞു. ടി. കൃഷ്ണപ്രഭ, കെ.സി. സുഷമ, ടി.യു. ഇന്ദിര, പ്രിയ എൻ.സി. എന്നിവർ സമരത്തിന് നേതൃത്വം നൽകി.
സർക്കാരിന്റെ നിലവിലെ നയങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Mahila Morcha protests price hike by serving soil in Kannur.
#PriceHike #MahilaMorcha #KeralaProtest #BJPKerala #Kannur #Inflation