MA Baby | ഗോസംരക്ഷണ കൊലകളിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം ഇല്ലാതായിയെന്ന് എം എ ബേബി; 'വർഗീയതയെ നേരിടുന്നതിൽ തിരഞ്ഞെടുപ്പിനുശേഷം പിന്നോട്ടടി'
'വർഗീയത ഉപയോഗിച്ച് ഭരണം പിടിച്ചെങ്കിലും വർഗീയശക്തികളുടെ സ്വാധീനം വലിയതോതിൽ ഇടിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി'
തിരുവനന്തപുരം: (KVARTHA) സമകാലീന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർഗീയതയായിട്ടും അതിനെ നേരിടുന്നതിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പിന്നോട്ടടി ഉണ്ടായിരിക്കുകയാണെന്ന് മുൻമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി പറഞ്ഞു. സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം പി എസ് റംഷാദ് രചിച്ച ‘വർത്തമാനത്തിന്റെ ഭാവി എന്ന കേരള മീഡിയ അക്കാദമിയുടെ പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പശുവിന്റെ പേരിൽ ഉത്തരേന്ത്യയിലും മറ്റും നിരവധി കൊലപാതകങ്ങൾ നടന്നു. പക്ഷേ, ഗോവധത്തിന്റെ പേരിലെ സംരക്ഷണക്കൊലപാതകങ്ങളിൽ സിപിഎം ഒഴികെ മറ്റൊരു രാഷ്ട്രീയപാർട്ടിയും ദേശീയതലത്തിൽ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചില്ല. വർഗീയത ഉപയോഗിച്ച് ഭരണം പിടിച്ചെങ്കിലും വർഗീയശക്തികളുടെ സ്വാധീനം വലിയതോതിൽ ഇടിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. പക്ഷേ, വർഗീയത തീവ്രമാക്കി നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനാണ് ശ്രമം.
വർഗീയവിപത്തിനെ നേരിടാൻ രാഷ്ട്രീയതലത്തിലും സാംസ്കാരിക തലത്തിലും സംഘടിതപ്രവർത്തനം ആവശ്യമാണ്. ഇക്കാര്യങ്ങൾ ശക്തമായി ചൂണ്ടിക്കാട്ടുന്നതാണ് റംഷാദിന്റെ പുസ്തകത്തിലെ ഡോ. കെ എൻ പണിക്കരുടെ അഭിമുഖം. ആർഎസ്എസ് ഹിന്ദുരാഷ്ട്രത്തിന് വേണ്ടിയാണെങ്കിൽ തന്റെ പ്രസ്ഥാനം ഹിന്ദുരാജ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വർഗീയതയ്ക്കെതിരായ സമരത്തിൽ വലിയ സംഭാവന നൽകുന്ന ഒരു സംഘടനയുടെ നേതാവ് ആവർത്തിച്ചുപറഞ്ഞു. ആർ.എസ്.എസിനെ നേരിടാനുള്ള വഴി ഇതല്ല. ആർ എസ് എസ് ഈ രാജ്യത്തിന് എത്രവലിയ ഭീഷണിയാണെന്ന് ഈ രാജ്യം മനസ്സിലാക്കിയിട്ടില്ലായെന്ന ഡോ കെ എൻ പണിക്കരുടെ ജാഗ്രതപ്പെടുത്തൽ പ്രധാനമാണെന്നും ബേബി ചൂണ്ടിക്കാട്ടി.
‘ജാതിഭേദം മതദ്വേഷം’ എന്ന ശ്ലോകം ഉരുവിട്ട ശ്രീനാരായണഗുരുവിന്റെ കേരളത്തിൽ ചില പ്രദേശങ്ങളിൽ അമ്പരിപ്പിക്കുംവിധം വലിയതോതിൽ ജനവിഭാഗങ്ങളെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അണിനിരത്താൻ വർഗീയശക്തികൾക്ക് കഴിഞ്ഞു. മതംപറഞ്ഞ് രാഷ്ട്രത്തെയും സമൂഹത്തെയും മനുഷ്യനെയും ഇല്ലാതാക്കുന്നത് ദേശദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തനത്തിന്റെ പ്രത്യേക ശാഖ തന്നെയാണ് അഭിമുഖ ജേണലിസമെന്നും അത് കഠിനമായൊരു ജോലിയാണെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പി എസ് റംഷാദിന്റെ പുസ്തകം അഭിമുഖ ജേണലിസത്തിന് മുതൽക്കൂട്ടാണെന്നും അവർ കൂട്ടിച്ചേർത്തു. അഭിമുഖങ്ങൾക്കപ്പുറം മനുഷ്യാവകാശങ്ങളെക്കുറിച്ച് കേരളത്തിൽ വ്യാപകമായി എഴുതിയിട്ടുള്ള മാധ്യമപ്രവർത്തകനാണ് പി എസ് റംഷാദ് എന്ന് മുൻ ഡിജിപി ഹേമചന്ദ്രൻ പുസ്തകം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയചരിത്രത്തിലെ വലിയൊരു ഏടാണ് ഈ പുസ്തകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൈക്കാട് ഭാരത് ഭവനിൽ നടന്ന സമ്മേളനത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരുന്നു. അക്കാദമി പ്രസിദ്ധീകരിച്ച 61-ാമത്തെ പുസ്തകമാണ് വർത്തമാനത്തിന്റെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ മുഖ്യാതിഥിയായി. മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ നന്ദിയും അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധൻ സ്വാഗതവും പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ബ്യൂറോ ചീഫ് അനിൽ എസ്, കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി അനുപമ ജി നായർ, തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി പി ആർ പ്രവീൺ എന്നിവർ സംസാരിച്ചു. പി എസ് റംഷാദ് മറുപടി പ്രസംഗം നടത്തി.