

● 2022-ൽ കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായെത്തി
● ഡിവൈഎഫ്ഐ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചു
● കാസർകോട് ഏരിയാ സെക്രട്ടറി,കണ്ണൂർ ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചു
കൊല്ലം: (KVARTHA) സിപിഎം സംസ്ഥാന സെക്രടറിയായി എം വി ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തു. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഒരിക്കൽ കൂടി അമരത്തെത്തിയത്. കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യം മൂലം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2022 ഓഗസ്റ്റിലാണ് എം വി ഗോവിന്ദൻ പകരം ചുമതല ഏറ്റെടുത്തത്.
കണ്ണൂർ ജില്ലയിലെ മൊറാഴയിൽ ജനിച്ച എം വി ഗോവിന്ദൻ, കെ.എസ്.വൈ.എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. ഡിവൈഎഫ്ഐ രൂപീകരണത്തിനുള്ള അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. തുടർന്ന് ഡിവൈഎഫ്ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, അഖിലേന്ത്യാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
സിപിഎം കാസർകോട് ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ്. ദേശാഭിമാനിയുടെയും മാർക്‌സിസ്റ്റ് സംവാദത്തിൻ്റെയും ചീഫ് എഡിറ്ററായിരുന്നു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ്റെ വൈസ് പ്രസിഡന്റും, കർഷകത്തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററുമായിരുന്നു.
തളിപ്പറമ്പിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021-ലെ മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രിയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ ശ്യാമളയാണ് ഭാര്യ. മക്കൾ : ജി എസ് ശ്യാംജിത്, ജി എസ് രംഗീത്
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
M V Govindan has been re-elected as the CPM State Secretary during the state conference in Kollam, continuing his leadership after taking over in 2022.
#MVGovindan, #CPM, #Leadership, #KeralaPolitics, #CPMStateSecretary, #PoliticalLeadership