കൗണ്ട് ഡൗൺ തുടങ്ങിയോ? ശാസന കരിനിഴൽ വീഴ്ത്തി എം വി ഗോവിന്ദൻ്റെ രാഷ്ട്രീയ ജീവിതം
ADVERTISEMENT
● കോഴിക്കോട് നടന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രൂക്ഷ വിമർശനം
● സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കുന്നതിൽ സെക്രട്ടറിക്ക് വീഴ്ച പറ്റിയതായി കേന്ദ്ര നേതൃത്വത്തിന്റെ ശാസന
● കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണ് തിരിച്ചടിക്ക് കാരണം
● ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കാൻ എംവി ഗോവിന്ദൻ ജില്ലാ നേതൃത്വത്തിന്മേൽ ആധിപത്യം ചെലുത്തിയെന്ന് ആരോപണം
● തളിപ്പറമ്പിൽ ടികെ ഗോവിന്ദൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത് പാർട്ടിക്ക് കനത്ത ആഘാതമായി
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സിപിഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന സമിതി യോഗം കോഴിക്കോട് കഴിഞ്ഞപ്പോൾ തെളിയുന്ന ചിത്രങ്ങളിലൊന്ന് കുനിഞ്ഞ ശിരസോടെയുള്ള സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ചിത്രമാണ്. മൊറാഴ ഗ്രാമീണ വായനശാലയിലെ ലൈബ്രേറിയനിൽ നിന്നും കെഎസ്വൈഎഫ് വഴി സിപിഎമ്മിലെത്തിയ എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാവുന്നത് കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിന് ശേഷമാണ്.
മികച്ച സംഘാടകൻ, ആരെയും ത്രസിപ്പിക്കുന്ന തീപ്പൊരി പ്രാസംഗികൻ, മാർക്സിയൻ പ്രത്യയശാസ്ത്രം കടുകീറി അപഗ്രഥിക്കാനുള്ള അസാമാന്യ കഴിവ് തുടങ്ങി ഒട്ടേറെ വിശേഷണങ്ങളുണ്ടായിരുന്നു എംവി ഗോവിന്ദന്. എന്നാൽ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവായും വിരാജിക്കുന്ന പിണറായിയുടെ നിഴലായി മാറിയതോടെ അണികളിൽ നിന്നു വരെ ദുർബലനായ സെക്രട്ടറിയെന്ന വിമർശനം കേൾക്കേണ്ടിവന്നു. വാർത്താ സമ്മേളനങ്ങളിലെയും പ്രതികരണങ്ങളിലെയും ദുർഗ്രാഹ്യതയും കടിച്ചാൽ പൊട്ടാത്ത ആശയങ്ങൾ വിളമ്പുന്നതും സോഷ്യൽ മീഡിയയിൽ ട്രോളായി മാറി.
കനത്ത വിമർശനം
ഏറ്റവും ഒടുവിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രതിനിധികളുടെ നിർദാക്ഷിണ്യ വിമർശനം കേൾക്കേണ്ടിവന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കേന്ദ്ര നേതൃത്വത്തിൻ്റെ ശാസനയും ലഭിച്ചു. സ്വന്തം ഉത്തരവാദിത്തങ്ങൾ വേണ്ട വിധത്തിൽ നടപ്പാക്കുന്നതിൽ സെക്രട്ടറിക്ക് വീഴ്ച വന്നതായും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചയിൽ സെക്രട്ടറിക്ക് വ്യക്തിപരമായും സംഘടനാപരമായും ഉത്തരവാദിത്തം ഉണ്ടെന്നുമാണ് വിമർശനം ഉയർന്നത്. സ്വന്തം ഭാര്യ പികെ ശ്യാമളയെ സ്ഥാനാർഥിയായി നിർത്താൻ എംവി ഗോവിന്ദൻ ജില്ലാ നേതൃത്വത്തിന്മേൽ ആധിപത്യം ചെലുത്തിയെന്നാണ് സാരാംശം.
സ്ഥാനമൊഴിയുമോ
ഇതോടെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടികെ ഗോവിന്ദൻ മറുചേരിയിലെത്തി യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചത്. സിപിഎം സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്ത തോൽവിയാണ് തളിപ്പറമ്പിലേത്. അതിൻ്റെ ആഘാതവും വീഴ്ചകളും കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ച ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ മറ്റൊരാൾക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ശാസനയും ഏറ്റുവാങ്ങി.
എന്തുതന്നെയായാലും പാർട്ടിയിൽ അടുത്ത സംസ്ഥാന സമ്മേളനം വരെ മാത്രമേ ഗോവിന്ദയുഗം നീളുകയുള്ളുവെന്നാണ് കരുതുന്നത്. വരുംകാലം വെറും പിബി അംഗമായി ഒതുങ്ങുമോയെന്നതാണ് എംവി ഗോവിന്ദൻ്റെ രാഷ്ട്രീയ ജീവിതം നേരിടുന്ന ചോദ്യം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: CPM State Secretary MV Govindan faced severe criticism and reprimand from the central leadership during the Kozhikode meeting.
#Kvartha #MVGovindan #CPMKerala #KeralaPolitics #Thaliparamba #PoliticalAnalysis #MalayalamNews #AmmuNews
