Political Shifts | എം സ്വരാജ് പാർട്ടി സെക്രട്ടറിയാകും, പി എ മുഹമ്മദ് റിയാസ് ഉപമുഖ്യമന്ത്രിയും, സിപിഎമ്മിൽ വരുന്നത് വൻ മാറ്റം? 

 
  P.A. Mohammed Riyas Deputy CM, M Swaraj CPI(M) Secretary,
  P.A. Mohammed Riyas Deputy CM, M Swaraj CPI(M) Secretary,

Image Credit: Facebook/P A Muhammad Riyas, M Swaraj

● കോൺഗ്രസിൽ യുവ നേതാക്കൾ ശക്തമാകുന്നു 
● സിപിഎമ്മിൽ പുതിയ മുഖങ്ങളെ വളർത്തേണ്ടതിന്റെ ആവശ്യകത ഉയർന്നുവന്നു
● 2026 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ വൻ മാറ്റങ്ങൾ ഉണ്ടായേക്കും

സോണി കല്ലറയ്ക്കൽ 

(KVARTHA) ഒരു കാലത്ത് കോൺഗ്രസിൽ കെ കരുണാകരൻ  ആയിരുന്നെങ്കിൽ മറുവശത്ത് ബദലായി സി.പി.എമ്മിൽ ഇ.കെ നായനാർ ഉണ്ടായിരുന്നു. പിണറായി വിജയന് ബദൽ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി അന്തരിച്ചതിനുശേഷം പിണറായി വിജയന് ബദലായി കോൺഗ്രസിൽ മറ്റൊരാൾ ഉണ്ടോ എന്ന് സംശയിക്കപ്പെടുന്നു. ആ ഒരു അഭാവം എവിടെയും പ്രതിഫലിക്കുന്നുമുണ്ട്. സി.പി.എമ്മിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ശക്തനായ നേതാവ്. അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെയാണ് ആ പാർട്ടിയിൽ ഇപ്പോൾ അന്ത്യമവും. 

പിണറായി വിജയന് ബദൽ പ്രതിപക്ഷത്ത് മറ്റൊരാൾ ഉണ്ടോ എന്ന് ചോദിച്ചാൽ പ്രതിപക്ഷ നേതാക്കളും കോൺഗ്രസ് നേതാക്കളുമായി ഒരുപാട് പേർ ഉണ്ട്. എന്നാൽ പിണറായി വിജയനോട് കടപിടിക്കാൻ പറ്റുന്ന ഒരാളെ ഇവരിൽ നിന്ന് ചൂണ്ടിക്കാട്ടുവാൻ പ്രയാസം തന്നെയാകും. എന്നാൽ പിണറായി വിജയന് ശേഷം സി.പി.എമ്മിൽ എന്താണെന്നുള്ള ചോദ്യമാണ് അവശേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രായമായി, മറ്റ് ശാരീരിക അവശതകളും ഉണ്ട്. ഈ അവസരത്തിൽ ഇനി പാർട്ടിയെയും സർക്കാരിനെയും നയിച്ച് മുന്നോട്ട് പോകാനുള്ള ഒരു ബാല്യം അദേഹത്തിന് ഉണ്ടെന്ന് സി.പി.എമ്മിൽ പോലും പലരും  കരുതുന്നുണ്ടാവില്ല. 

എന്നാൽ പിണറായി വിജയന് ശേഷം അതേ രീതിയിൽ പാർട്ടിയെയും സർക്കാരിനെയും ഒക്കെ നയിക്കാൻ പറ്റുന്ന മറ്റൊരു മുഖവും പ്രത്യക്ഷത്തിൽ അവിടെയും ചൂണ്ടി കാണിക്കാൻ പറ്റുന്നില്ല. സി.പി.എമ്മിൽ പിണറായിയ്ക്ക് ബദൽ പിണറായി തന്നെ എന്നുള്ള രീതിയിൽ തന്നെയാണ് പോക്ക്. മറുവശത്ത് കോൺഗ്രസിൽ ആണെങ്കിൽ സീനിയർ നേതാക്കൾക്ക് ഒപ്പം തന്നെ കരുത്തുറ്റവരും കഴിവുള്ളവരും ആയ ഒരുപറ്റം യുവനേതാക്കന്മാരുടെ ഉദയം കണ്ടില്ലെന്ന് നടിക്കരുത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, മാത്യു കുഴൽ നാടൻ, അബിൻ വർക്കി, ഹൈബി ഈഡൻ തുടങ്ങിയവരെപ്പോലുള്ളവരുടെ വളർച്ച നിസാരമായി തള്ളി കളയാവുന്നതല്ല. 

ചാനൽ ചർച്ചകളിൽ പോലും എന്തിന് നിയമസഭയിൽ പോലും എതിരാളികളെ നിഷ് പ്രഭമാക്കുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് ഇവർ നടത്തുന്നത്. ഭാവിയിൽ കേരളത്തിലെ കോൺഗ്രസിൻ്റെ കടിഞ്ഞാണും അധികാരത്തിൽ എത്തിയാൽ ഭരണ സംവിധാനങ്ങളും സീനിയർ നേതാക്കളെ മാറ്റി ഈ ചെറുപ്പക്കാരുടെ കൈകളിൽ എത്തിയാലും അതിൽ വലിയ അത്ഭുതം തന്നെയുണ്ടാവില്ല. ആ രീതിയിലേയ്ക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇനി സതീശനോ വേണുഗോപാലിനോ കെ മുരളീധരനോ ഒന്നും ബദൽ ആയിട്ട് അല്ല സി.പി.എമ്മിൽ ഒരാളെ ഉയർത്തിക്കൊണ്ടുവരേണ്ടത്. അത് കോൺഗ്രസിലെ ഈ ചെറുപ്പക്കാർക്ക് ബദലായിട്ട്  വേണം. അല്ലെങ്കിൽ സി.പി.എം എന്ന പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. 

കെ കരുണാകരനും എ കെ ആൻ്റണിയ്ക്കും ശേഷം കോൺഗ്രസിന് പറ്റിയ സംഘടന ദൗർബല്യം പിണറായിയ്ക്ക് ശേഷം സി.പി.എമ്മിനെയും ബാധിച്ചെന്ന് ഇരിക്കാം. അങ്ങനെ ഒരു സാഹചര്യം ഉരുത്തിയിരിയാതെ ഇരിക്കാനാവും വരുന്ന തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മും നേതാക്കളും ശ്രദ്ധിക്കുക എന്ന് വിശ്വസിക്കുന്നു. പശ്ചിമ ബംഗാൾ പോലെ കേരളത്തിൽ സംഭവിക്കാതിരിക്കാൻ കേരളത്തിൽ പാർട്ടിയെ ശക്തമായി നിലനിർത്താൻ ഒരു പുതിയ നേതൃത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതിലാവും ഇനിയുള്ള അവരുടെ ശ്രദ്ധ. അതാണ് പറഞ്ഞത് സി.പി.എമ്മിൽ ഇനി വരാൻ പോകുന്നത് വൻ മാറ്റമാണെന്ന്.

അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉണ്ടാവുകയും ചെയ്യും. കോൺഗ്രസിലെ യുവ നേതാക്കൾക്ക് ബദലായി സി.പി.എമ്മിൽ മുൻ എം.എൽ.എയും താത്ത്വിക ചിന്തകനും പിണറായി ശൈലി പിന്തുടരുന്ന നേതാവുമായി എം സ്വരാജിനെ വളർത്തിയെടുക്കണമെന്ന് ചിന്തിക്കുന്ന ഒരു പ്രബല വിഭാഗം സി.പി.എമ്മിൽ തന്നെയുണ്ടെന്നതാണ് സത്യം. ശരിക്കും പഠിച്ച് ചാനൽ ചർച്ചകളിലും മറ്റും കത്തിക്കയറുന്ന നേതാവാണ് എം സ്വരാജ്. ചാനൽ ചർച്ചകളിൽ ഒക്കെ സ്വരാജ് സംസാരിക്കാൻ തുടങ്ങിയാൽ രാഷ്ട്രീയ എതിരാളികൾ പോലും നിശബ്ദരാകുന്ന കാഴ്ച നാം പല തവണ കണ്ടിട്ടുള്ളതുമാണ്. ഒരു പക്കാ കമ്മ്യൂണിസ്റ്റ്. ഒപ്പം ആരെയും ആകർഷിക്കുന്ന പാടവം. വായനയിലൂടെയുള്ള നല്ല അറിവ്. മികച്ച സംഘാടകൻ.  ഇതൊക്കെ സ്വരാജിൻ്റെ സവിശേഷതകൾ.  

സ്വരാജ് എന്ന ഈ യുവ നേതാവ് ഭാവിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായാൽ പോലും അതിശയം വേണ്ട. വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി വീണ്ടും അധികാരത്തിൽ എത്തിയാൽ അത് സ്വഭാവികമായും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണ് പൊതുജനങ്ങളിൽ ഏറെയും. ഒപ്പം പി.എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയാകുമെന്ന കാര്യവും. ഈ രണ്ട് കാര്യങ്ങളും സംഭവിച്ചെന്നിരിക്കാം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രായം ഏറെ ആയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ തന്നെയാകും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്ന കാര്യം ഏതാണ്ട് തീർച്ചയാണ്. അല്ലാതെ ഒരാളെയും മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിന് ആവില്ല. കാരണം, അങ്ങനെയൊരു നേതാവിനെ എടുത്തുകാട്ടാൻ സി.പി.എമ്മിനോ ഇടതു മുന്നണിയ്ക്ക് ഇല്ലാ എന്നതു തന്നെ. 

പിണറായി വിജയൻ നേതൃത്വം കൊടുത്തില്ലെങ്കിൽ ഇടതുമുന്നണി വൻ പരാജയം ഏറ്റുവാങ്ങാനും സാധ്യതയുണ്ട്. അതിനാൽ വരുന്ന തെരഞ്ഞെടുപ്പിൽ കൂടി പാർട്ടി പിണറായിക്ക് ഇളവ് കൊടുക്കുമെന്ന കാര്യത്തിൽ തീർച്ചയാണ്. ഭരണം കിട്ടിയാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിയുടെ പ്രായവും ശാരീരിക ക്ഷിണവും മാനിച്ച് ഒരു ഉപമുഖ്യമന്ത്രി വരാനും സാധ്യത ഏറെയാണ്. അത് ഷൈലജ ടീച്ചർ ആവില്ല. വനിത ഉപമുഖ്യമന്ത്രി എന്ന നിലയിൽ അവരെ കൊണ്ടുവരാമെങ്കിലും വടകരയിൽ തോറ്റതിൻ്റെ പേരിൽ അവർ മാറ്റി നിർത്തപ്പെടാം. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കെ രാധകൃഷ്ണന് സാധ്യത ഉണ്ടായിരുന്നു. അദ്ദേഹം എം.പിയായി പോയതിനാൽ അത് ഉണ്ടാവില്ല. 

പിന്നെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണ്. അങ്ങനെ വന്നാൽ ഇപ്പോഴത്തെ മന്ത്രിയും മുസ്ലിം വിഭാഗത്തിൽ നിന്നുമുള്ളയാളുമായ പി.എ. മുഹമ്മദ് റിയാസിന് നറുക്ക് വീഴാം. പിന്നീട് ഒന്നര വർഷക്കാലം കഴിയുമ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി വെയ്ക്കുകയും പി.എ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയാവുകയും ചെയ്യുമെന്നും കരുതുന്നവരുണ്ട്. ഇത് ഒരു പക്ഷേ, പിണറായി വിജയൻ ആഗ്രഹിക്കുന്ന കാര്യം കൂടിയാണ്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മരുമകൻ കൂടിയാണ് പി.എ.മുഹമ്മദ് റിയാസ്. 

കാലാകാലങ്ങളായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന മുസ്ലിം സമുദായത്തിൽ സി.പി.എമ്മിന് ഒരു സ്വാധീനം ചെലുത്താനും ഇത് ഇടയാകും. പി.എ മുഹമ്മദ് റിയാസ് ഉപമുഖ്യമന്ത്രിയാകുമ്പോൾ അതേ പോലൊരു നേതാവിനെ പാർട്ടിയുടെ നേതൃത്വത്തിലും കൊണ്ടുവരും, അതാകും എം സ്വരാജ്. സംഘടനയെ നയിക്കാൻ കരുത്തനെന്ന് എം സ്വരാജിനെ വിശേഷിപ്പിക്കുന്നവർ അനവധിയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിൽ സംഭവിക്കാനിരിക്കുന്നത് ഈ മാറ്റങ്ങളാവാം.

ഈ ലേഖനം പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്തതാണ് മറക്കരുത് 

Major leadership changes expected in CPI(M), with M Swaraj to become the new secretary and P.A. Mohammed Riyas likely to be appointed as Deputy CM.

#CPI(M)Leadership, #MSwraj, #PAMohammedRiyas, #PoliticalChanges, #KeralaPolitics, #CPI(M)Secretary

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia