Love jihad | ഒരു ഗ്രാമത്തിലെ മുസ്ലിംകളെ കൂട്ടമായി കുടിയൊഴിപ്പിച്ച 'ലൗ ജിഹാദ്' ആരോപണവും പ്രക്ഷോഭങ്ങളും; ഒടുവിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങൾ 

 
love jihad drove out muslims from an uttarakhand town
love jihad drove out muslims from an uttarakhand town

Image Credit: Pexels / Towfiqu barbhuiya

41 ഓളം കുടുംബങ്ങള്‍ നാടും വീടും ഉപേക്ഷിച്ച് പോയി. അതില്‍ ആറ് കുടുംബങ്ങള്‍ മറ്റിടങ്ങളില്‍ സ്ഥിരതാമസമാക്കി

ആദിത്യൻ ആറന്മുള 

(KVARTHA) കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉത്തരാഖണ്ഡിലെ (Uttarakhand) പുരോല എന്ന ചെറുപട്ടണത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ വലിയ പ്രക്ഷോഭം നടത്തി. പ്രദേശത്ത് നിന്ന് മുസ്ലിംങ്ങളെ (Muslims) ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സംഭവം അക്രമാസക്തമായതോടെ 41 ഓളം കുടുംബങ്ങള്‍ (Family) നാടും വീടും ഉപേക്ഷിച്ച് പോയി. അതില്‍ ആറ് കുടുംബങ്ങള്‍ മറ്റിടങ്ങളില്‍ സ്ഥിരതാമസമാക്കി. ദേശീയമാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിരുന്നു. 

'ലൗ ജിഹാദിന്റെ' (Love jihad) എന്ന ആരോപണത്തിന്റെ പേരിലാണ് പ്രക്ഷോഭം നടത്തിയതും പലരും പലായനം ചെയ്തതും.  22 കാരനായ ഉവൈദ് ഖാനും സുഹൃത്ത് ജിതേന്ദ്ര സൈനയും (24) ചേര്‍ന്ന് 14കാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ട് പോയി മതംമാറ്റാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇത് പുരോല പട്ടണം സ്ഥിതി ചെയ്യുന്ന ഉത്തരകാശി ജില്ലയിലുടനീളം അഴിച്ചുവിടുകയും മുസ്ലീം വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിടുകയുമുണ്ടായി.

ഐപിസി വകുപ്പുകൾ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മാത്രമല്ല,  പോക്‌സോ (POSCO) നിയമ പ്രകാരമുള്ള ലൈംഗികാതിക്രമത്തിനും ഉവൈദ് ഖാനും സെയ്‌നിക്കുമെതിരെ കേസെടുത്തു. ഇതിനിടെ സംസ്ഥാനം ഭരിക്കുന്ന ബിജെപിയും (BJP) അവരുടെ നേതാക്കളും വര്‍ഗീയ കലാപം ഇളക്കിവിട്ടുവെന്ന പ്രതിപക്ഷ ആരോപണവുമുണ്ടായി. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം, ഖാനും സെയ്നിക്കും എതിരായ കേസ് വ്യാജമായിരുന്നെന്ന് കോടതി കണ്ടെത്തി. 

മെയ് 10 ന് ഉത്തരകാശിയിലെ ഒരു കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി. ഇരുവര്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ വ്യാജമായിരുന്നെന്നും കണ്ടെത്തി. മുസ്ലിംകള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതില്‍  പൊലീസിന്റെ പങ്കിനെക്കുറിച്ച് കോടതി വിധിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഖാനും സെയ്നിയും തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി 14 വയസുള്ള പെണ്‍കുട്ടി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു.

love jihad drove out muslims from an uttarakhand town

കേസിലെ ഏക ദൃക്സാക്ഷിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആഷിഷ് ചുനാറിന്റെ മൊഴിയിലും കോടതി പൊരുത്തക്കേടുകള്‍ കണ്ടെത്തി. പുരോലയിലെ 35,000 താമസക്കാരില്‍  99 ശതമാനം ഹിന്ദുക്കളാണ്. വര്‍ഷങ്ങളായി, ഏതാനും  മുസ്ലീം കുടുംബങ്ങള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍  നിന്ന് ഇവിടേക്ക് വ്യാപാരത്തിനായി എത്തിയതാണ്. 2011ല്‍ ബിജ്നോറില്‍ നിന്ന് പുരോലയിലെത്തിയ ഉവൈദ് ഖാന്റെ കുടുംബമായിരുന്നു അതില്‍ പ്രധാനം. 

പട്ടണത്തിലെ കുമോള റോഡില്‍ ഫര്‍ണിച്ചറുകള്‍, മെത്തകള്‍, ഐസ്‌ക്രീം എന്നിവ വില്‍ക്കുന്ന കടകള്‍ അവര്‍ക്കുണ്ടായിരുന്നു. 2021ല്‍ ബിജ്നോറില്‍ നിന്ന് ഇവിടേക്ക് എത്തിയ മെക്കാനിക്കായ ജിതേന്ദ്ര സൈനിയുടെ വര്‍ക്ക്‌ഷോപ്പ് ഇതിന് എതിര്‍വശത്തായിരുന്നു. അങ്ങനെ ഖാനും സൈനിയും സുഹൃത്തുക്കളായി.

മെയ് 31 ന്, ടൈംസ് ഓഫ് ഇന്ത്യയില്‍ ഇവരെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങിനെയാണ്: 'പുരോലയില്‍ ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ക്കെതിരെ 'ലവ് ജിഹാദ്' കേസ് റിപ്പോര്‍ട്ട് ചെയ്തു'. പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ഹിന്ദുവാണെന്നും മാതാപിതാക്കള്‍ നഷ്ടപ്പെട്ട അവള്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് കഴിഞ്ഞിരുന്നതെന്നും പറയുന്നു.

രണ്ട് യുവാക്കള്‍ 'പുരോല പട്ടണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി'  എന്നായിരുന്നു ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍, വിശ്വഹിന്ദു പരിഷത്ത് (VHP), ദേവഭൂമി രക്ഷാ അഭിയാന്‍ തുടങ്ങിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പുരോലയിലും അയല്‍പട്ടണമായ ബാര്‍കോട്ടിലും വലിയ പ്രതിഷേധം നടത്തി.

യുപിയിലെയും (UP) ഉത്തരാഖണ്ഡിലെയും മലയോര മേഖലയില്‍ 'ലവ് ജിഹാദ്' കേസുകളില്‍ 'പെട്ടെന്ന് കുതിച്ചുചാട്ടം' ഉണ്ടായതായി ന്യൂസ് 18 ഇതിനിടെ റിപ്പോർട്ട് ചെയ്‌തു. പ്രക്ഷോഭം ശക്തമായപ്പോള്‍ ജീവൻ  ഭയന്ന് മുസ്ലീം കുടുംബങ്ങള്‍ കടകളടച്ചു. സൈനിയെയും ഖാനെയും തെഹ്രി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ഉത്തരകാശിയിലെ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജിയായ ഗുരുബക്ഷ് സിംഗ് രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചു. 

2023 ഓഗസ്റ്റിനും 2024 മെയ് മാസത്തിനും ഇടയില്‍ ഉവൈദ് ഖാനും ജിതേന്ദ്ര സൈനിക്കുമെതിരായ വിചാരണ (Trial) 19 തവണ നടന്നു. ഇരുവര്‍ക്കും എതിരെ ഉന്നയിച്ച തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലമായി തടഞ്ഞുവയ്ക്കുക, ലൈംഗികാതിക്രമം  എന്നീ ആരോപണങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തി. ടൗണില്‍ കംപ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന ആര്‍എസ്എസുകാരനായ  ആഷിഷ് ചുനാറാണ് സംഭവത്തിന്റെ പ്രധാന ദൃക്‌സാക്ഷി. 

'സംഭവദിവസം  ഉച്ചകഴിഞ്ഞ് 3.07 ന്, ചുനാര്‍ പെണ്‍കുട്ടിയുടെ അമ്മാവനെ വിളിച്ചു, ടൗണിലെ പെട്രോള്‍ പമ്പിന് സമീപമുള്ള രണ്ട് ആളുകള്‍  മരുമകളെ ടെമ്പോയില്‍ കയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് അറിയിച്ചു. 18 കിലോമീറ്റര്‍ അകലെയുള്ള നൗഗാവിലേക്ക് അവളെ കൊണ്ടുപോകാന്‍ പുരുഷന്മാര്‍ ശ്രമിച്ചു', എന്നാണ് ചുനാര്‍ പറഞ്ഞത്. ചുനാറിനെ കണ്ടതോടെ ഇരുവരും  ഓടി രക്ഷപ്പെട്ടുവെന്നും അമ്മാവന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെണ്‍കുട്ടിയെ തന്റെ കടയിലേക്ക് കൊണ്ടുവന്നെന്ന് അനന്തരവള്‍ തന്നോട് പറഞ്ഞതായും പരാതിയില്‍ പറയുന്നു. 

ഖാനും സൈനിയും ചേര്‍ന്ന് കബളിപ്പിച്ചാണ് തന്നെ പെട്രോള്‍ പമ്പില്‍ എത്തിച്ചത്. അങ്കിത് എന്നാണ് ഖാന്‍ സ്വയം പരിചയപ്പെടുത്തിയത്. പെട്രോള്‍ പമ്പില്‍ വച്ച് ഇയാള്‍ ഒരു ടെമ്പോ ഡ്രൈവറെ വിളിച്ച് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നും പ്രലോഭിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യമെന്നും  ചുനാറും മറ്റൊരാളുമാണ് തന്നെ രക്ഷപ്പെടുത്തിയെന്നും പെണ്‍കുട്ടിയും മൊഴി കൊടുത്തിരുന്നു.

വിചാരണയ്ക്കിടെ, പ്രതികളുടെ അഭിഭാഷകര്‍ പെണ്‍കുട്ടിയുടെ അമ്മാവനെ ക്രോസ് വിസ്താരം ചെയ്തപ്പോള്‍, തന്റെ മരുമകള്‍, സംഭവത്തെ കുറിച്ച്  ഒന്നും പറഞ്ഞിട്ടില്ലെന്നും ആശിഷ് ചുനാറിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പരാതി നല്‍കയതെന്നും കോടതിയെ അറിയിച്ചു. ആശിഷ് ചുനാര്‍ എന്നോട് പറഞ്ഞതാണ് എഴുതി നല്‍കിയതെന്നും കോടതിയില്‍ പറഞ്ഞു. ക്രോസ് വിസ്താരത്തിനിടെ, പെണ്‍കുട്ടിയുടെ അമ്മായിയും ഇതേ നിലപാട് അറിയിച്ചു. തുണി തയ്ക്കാന്‍ കൊടുക്കാനാണ് മരുമകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും ആഷിഷ് ചുനാര്‍ അവളെ  കടയിലേക്ക് കൊണ്ടുപോയി എന്നു മാത്രമാണ് പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

വിചാരണ വേളയില്‍ ഖാനെയും സൈനിയെയും ചുനാറിന് മുന്നില്‍ ഹാജരാക്കി. മെയ് 26 ന് ഇരുവരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് സംസാരിക്കുന്നത് താന്‍ കണ്ടതായി ചുനാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അത് ഖാനും സൈനിയും അല്ലെന്നും അറിയിച്ചു. 2017ല്‍ ഉത്തരകാശിയിലെ ആര്‍എസ്എസ് മീഡിയ ഇന്‍ചാര്‍ജ് ആയിരുന്നു താനെന്ന്  ചുനാര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അമ്മാവന്‍ തന്റെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയതെന്ന ആരോപണം ചുനാര്‍ നിഷേധിച്ചു. അമ്മാവന്‍ പരാതി കൊടുത്ത ശേഷം പൊലീസ് 164 പ്രകാരം പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും എടുത്തിരുന്നു.

'തയ്യല്‍ക്കടയിലേക്കുള്ള വഴി ചോദിച്ചതിന് ശേഷം ഖാനും സൈനിയും തന്നെ പെട്രോള്‍ പമ്പിലേക്ക് കൊണ്ടുപോയി. എന്നിട്ടവര്‍ ടെമ്പോ വിളിച്ചു. എന്നെ ടെമ്പോയ്ക്കുള്ളില്‍ ഇരുത്താന്‍ ശ്രമിച്ചു, ഇത് തടഞ്ഞ സമയത്ത്  ബന്ധുവായ ആഷിഷ് ചുനാര്‍ അവിടേക്ക് വന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ രണ്ടുപേരും ഓടിപ്പോയി. ആഷിഷ് എന്നെ അയാളുടെ കടയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അതിന് ശേഷം അമ്മാവനെ വിളിച്ചു- എന്നാണ് മൊമൊഴിയില്‍ പറഞ്ഞിരുന്നത്.

ഖാനും സെയ്നിക്കും എതിരെ നല്‍കേണ്ട മൊഴി പോലീസ് തന്നെ പഠിപ്പിച്ചിരുന്നതായി ക്രോസ് വിസ്താരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കോടതിയെ അറിയിച്ചു. 'ഞാന്‍ മൊഴി നല്‍കുന്നതിന് മുമ്പ്,  പോലീസ് എന്നെ പഠിപ്പിച്ചിരുന്നു, അതാണ് ഞാന്‍ കോടതിയില്‍  പറഞ്ഞത്,' അവര്‍ പറഞ്ഞു. മൊഴി ഞാന്‍ വായിച്ചില്ല, ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അറിയിച്ചു. ഖാനും സെയ്നിയും ലൈംഗിക ഉദ്ദേശത്തോടെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സ്പര്‍ശിച്ചതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍  മൊഴിയോ തെളിവുകളോ നല്‍കിയിട്ടില്ലെന്ന് ജഡ്ജി ഗുരുബക്ഷ് സിംഗ് ചൂണ്ടിക്കാട്ടി. ഇതെല്ലാം കണക്കിലെടുത്താണ് ജഡ്ജി സിംഗ് ഖാനെയും സൈനിയെയും കുറ്റവിമുക്തരാക്കിയത്.

പെണ്‍കുട്ടിയെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ചെന്നുള്ള ആരോപണങ്ങള്‍ എസ്‌ഐ കെ സി ചൗഹാന്‍ നിഷേധിച്ചു. ഇദ്ദേഹമിപ്പോൾ ഇപ്പോള്‍ സംസ്ഥാന വിജിലന്‍സിലാണ് ജോലി ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥ ദീപ്തി ജഗ്വാന്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. സംഭവത്തിന് ശേഷം കുറ്റാരോപിതര്‍  ബിജ്നോറിലേക്ക് മടങ്ങിയെന്ന് ഖാനും സൈനിക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹലീം ബെയ്ഗിനെ ഉദ്ധരിച്ച് സ്‌ക്രോൾ റിപ്പോർട്ട് ചെയ്‌തു. 

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഈ രണ്ടുപേരെക്കുറിച്ചുള്ള ഈ കഥ എങ്ങനെയാണ് ഉണ്ടായതെന്നും പിന്നീടത് ദേശീയ വാര്‍ത്തയായത് എങ്ങനെയെന്ന് ഇന്നും അറിയില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ഇതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന ഉള്ളതായി തോന്നി. ഖാന്റെ കുടുംബത്തിന്റെ ബിസിനസ് വളരെ വിജയമായിരുന്നു.  പലര്‍ക്കും അത് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് വാര്‍ത്ത പരന്നതിന് പിന്നില്‍ പ്രാദേശിയ മാധ്യമപ്രവര്‍ത്തകനായ അസ്വാളാണെന്ന് പിന്നീട് ആരോപണം ഉയർന്നു. മരുമകള്‍ ലവ് ജിഹാദിന് ഇരയായെന്നും ഖാനെതിരെ പോലീസില്‍ വ്യാജ പരാതി നല്‍കണമെന്ന് അസ്വാള്‍ തന്നെ പ്രേരിപ്പിച്ചതായും പെണ്‍കുട്ടിയുടെ അമ്മാവനെ ഉദ്ധരിച്ച് ന്യൂസ്ലൗണ്ട്രി എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്‌തു. അദ്ദേഹം നല്‍കിയ പരാതിയില്‍ ലൗ ജിഹാദിനെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. പക്ഷെ, അസ്വാള്‍ തന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ 'ലവ് ജിഹാദ്' എന്ന ഗൂഢാലോചന ഉണ്ടായി. അടുത്ത ദിവസം ഹിന്ദി പത്രമായ അമര്‍ ഉജാലയ്ക്ക് വേണ്ടി താന്‍ സമാനമായ വാര്‍ത്ത എഴുതിയതായി അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് ഉത്തരാഖണ്ഡിലെ ചില നേതാക്കള്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം ഉയര്‍ത്തിക്കൊണ്ട് വന്നത്. പുരോല എംഎല്‍എ ദുര്‍ഗേശ്വര്‍ ലാല്‍ മുസ്ലിം വ്യാപാരികള്‍ക്കും അവര്‍ക്ക് ഫണ്ട് നല്‍കിയവര്‍ക്കും എതിരെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആഞ്ഞടിച്ചു. ഫേസ്ബുക്കില്‍ 1.2 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
സംസ്ഥാനത്ത് ലൗ ജിഹാദ് അനുവദിക്കില്ലെന്നും പുരോലയില്‍ നടന്നത് ഗൂഢാലോചനയുടെ ഭാഗമായി നടന്ന കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി (CM) പുഷ്‌കര്‍ സിംഗ് ധാമി (Pushkar Singh Dhami) മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലൗ ജിഹാദ് ആരോപിച്ച് നടത്തിയ പ്രോക്ഷോഭം മുസ്ലിംകളുടെ ഉപജീവനമാര്‍ഗം തകര്‍ത്തു. രണ്ട് പതിറ്റാണ്ടോളം പുരോലയില്‍ തുണിക്കടയുടെ ഉടമയായിരുന്ന സാഹിദ് മാലിക്കിന് 2023 ജൂണില്‍ ഹിന്ദുത്വ പ്രതിഷേധത്തെത്തുടര്‍ന്ന് കുടുംബത്തോടൊപ്പം പട്ടണം വിട്ടുപോയി. ഇപ്പോള്‍ ഡെറാഡൂണിലാണ് താമസം. അവിടെ ചെന്ന് 15 ലക്ഷം രൂപ പലിശയ്‌ക്കെടുത്ത് വ്യാപാരം തുടങ്ങി. ഇപ്പോള്‍ പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ കഴിയുകയാണ് ഇയാളും കുടുംബവും. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച്, സംഘപരിവാര്‍ ശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് എങ്ങനെയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നുവെന്നും  മുഖ്യധാരാ മാധ്യമങ്ങള്‍ ഇതൊന്നും കാണാതെ ലൗ ജിഹാദ് ആഘോഷിക്കുന്നുവെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിമർശനം.

Courtesy: Scroll

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia