Opposition Leader | രാഹുൽ ഗാന്ധിയെപ്പോലെ തന്നെ അഖിലേഷ് യാദവിനെയും പ്രതിപക്ഷ നേതാവായി കാണാൻ ജനം ആഗ്രഹിച്ചിരുന്നു

 
Rahul Gandhi Akhilesh Yadav
Rahul Gandhi Akhilesh Yadav


കോൺഗ്രസും രാഹുൽ ഗാന്ധിയും ഒക്കെ കുറച്ചു കൂടി ആത്മാർത്ഥമായി ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യ മുന്നണി ഇന്ന് അധികാരത്തിൽ എത്തുമെന്ന് തീർച്ചയായിരുന്നു

സോണി കല്ലറയ്ക്കൽ 

(KVARTHA) രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി എന്നല്ലേ പരസ്യം ചെയ്തത്? ഇപ്പോൾ പ്രതിപക്ഷ നേതാവ്! ഗതികേട്. രാഹുലിന് ഇനിയെങ്കിലും ലോക് സഭയിൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷ നേതാവാൻ കഴിയട്ടെ. 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്ത വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഹുൽ ഗാന്ധി അംഗീകരിച്ചതോടെ ഇക്കാര്യം അറിയിച്ച് കോൺഗ്രസ് പാർട്ടി പ്രോ ടെം സ്പീക്കർക്ക് കത്ത് നൽകി. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് കത്ത് നൽകിയത്. 

Opposition Leader

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇപ്പോഴാണ് ഔദ്യോഗികമായി ഒരു നേതൃതലപ്പത്ത് അദ്ദേഹം എത്തുന്നത്. 2019 ലെ  ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ മനം നൊന്ത്   പാർട്ടി അധ്യക്ഷ സ്ഥാനം വലിച്ചെറിഞ്ഞ് പോകാതെ നേരത്തെ  കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത് പാർട്ടിയെ പുനർജീവിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രാഹുലിനെ ഇപ്പോൾ പ്രതിപക്ഷ നേതാവായിട്ടല്ല പ്രധാനമന്ത്രിയായിട്ടായിരുന്നു ജനം കാണേണ്ടിയിരുന്നത്. അതാണ് ജനം ആഗ്രഹിച്ചതും. 

കോൺഗ്രസും രാഹുൽ ഗാന്ധിയും ഒക്കെ കുറച്ചു കൂടി ആത്മാർത്ഥമായി ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യ മുന്നണി ഇന്ന് അധികാരത്തിൽ എത്തുമെന്ന് തീർച്ചയായിരുന്നു. യു.പിയിലെ അഖിലേഷ് യാദവ്, ബംഗാളിലെ മമതാ ബാനർജി, കേജരിവാൾ എന്നിവരുടെയൊക്കെ ആത്മാർത്ഥമായ ശ്രമത്തിൻ്റെ ഫലമായിട്ടായിരുന്നു ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി രൂപപ്പെട്ടത്. ദേശീയ തലത്തിലെ ഏറ്റവും വലിയ പാർട്ടി എന്നുള്ള നിലയിൽ കോൺഗ്രസിനെ അതിൻ്റെ നേതൃത്വം ഏൽപ്പിക്കുകയായിരുന്നു. അഖിലേഷ് യാദ്, ബിഹാറിലെ തേജസ്വി യാദവ് എന്നിവരുടെ മികവാർന്ന പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യ സഖ്യത്തിന് ഇക്കുറി ലോക് സഭയിൽ ഇത്രയും അധികം സീറ്റുകൾ ലഭിച്ചത്. 

അവരുടെ പാർട്ടികൾ പ്രാദേശിക തലത്തിൽ മാത്രം ഒതുങ്ങുന്നതിനാൽ ദേശീയ പാർട്ടി എന്ന നിലയിലും മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യ സംഖ്യത്തിലെ മറ്റ് പാർട്ടികളുമായി സഖ്യം ചേർന്നും കോൺഗ്രസ് ഇക്കുറി കഴിഞ്ഞ തവണത്തെക്കാൾ മികച്ച വിജയം കൊയ്തു എന്നതാണ് യാഥാർത്ഥ്യം. ഉത്തരേന്ത്യയിൽ കോൺഗ്രസ് മികച്ച വിജയം കൊയ്തതിനു പിന്നിൽ ഇന്ത്യ സഖ്യത്തെ ഘടകക്ഷികളുടെ മിടുക്ക് അല്ലെന്ന് ആർക്ക് പറയാൻ സാധിക്കും. ഒരുപക്ഷേ, കോൺഗ്രസോ രാഹുലോ പോലും പ്രതീക്ഷിച്ചിട്ടില്ല യു പിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമൊക്കെ കോൺഗ്രസ് മെച്ചപ്പെടുമെന്ന്. അവർ പ്രതീക്ഷ വെച്ച ആന്ധ്രപ്രദേശ്, കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ഒരു മേൽക്കൈയ്യും ഉണ്ടാക്കാൻ കഴിഞ്ഞില്ല. 

പ്രതീക്ഷ പുലർത്തിയ സംസ്ഥാനങ്ങളിൽ മാത്രം കോൺഗ്രസ് ഉണർന്നിരുന്നെങ്കിൽ ഇന്ന് മോദി അല്ല രാഹുൽ ഗാന്ധി ആയിരുന്നു പ്രധാനമന്ത്രി ആകേണ്ടി ഇരുന്നത്. യു.പി യിലെ ആത്മവിശ്വാസക്കുറവ് ഒന്നുകൊണ്ട് മാത്രമാണ് 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അമേഠിയിൽ നിന്ന് രാഹുൽ മത്സരിക്കാതെ മാറി നിന്നത്. അവിടെ ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ജയിച്ചത്. അത് രാഹുൽ ഗാന്ധിയുടെ മിടുക്ക് അല്ല, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിൻ്റെ മിടുക്ക് ആണെന്നും ഓർക്കണം. അതുകൊണ്ട് തന്നെ അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവായി കാണാനും ആഗ്രഹിക്കുന്നവരും ഇപ്പോൾ ഏറെയുണ്ട്. പ്രതിപക്ഷ പാ‍‌ർട്ടിയാകാൻ ലോക്സഭയിൽ 54 അംഗങ്ങളുണ്ടാകണം. 2014 ന് ശേഷം രാജ്യത്ത് പ്രതിപക്ഷ പാർട്ടിയാകാൻ ഒരു പാർട്ടിക്കും അംഗത്വമുണ്ടായിരുന്നില്ല. 

എന്നാൽ ഇത്തവണ 99 സീറ്റ് നേടിയാണ് കോൺഗ്രസ് പ്രതിപക്ഷ പാ‍ർട്ടിയാകാനുള്ള യോഗ്യത നേടിയത്. അത് രാഹുലിൻ്റെ മാത്രമല്ല സഖ്യകക്ഷികളുടെയും മിടുക്കാണ്. പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി മാറി നിന്നില്ലെങ്കിൽ അദ്ദേഹം തന്നെ പ്രതിപക്ഷ നേതാവായി വരുമെന്ന് ജനത്തിന് അറിവുള്ള കാര്യം തന്നെ ആയിരുന്നു. അത് വലിയ പുതുമയൊന്നും അല്ല. ഇനിയെങ്കിലും ലോക് സഭയിലെ ഹാജർ ഉള്ള പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി മാറണം എന്നാണ് എടുത്തു പറയാനുള്ളത്. മുൻപൊക്കെ പ്രധാനപ്പെട്ട വിഷയങ്ങൾ ലോക് സഭയിൽ ചർച്ച ചെയ്യുമ്പോൾ രാഹുൽ ഗാന്ധിയുടെ ലോക് സഭയിലെ അഭാവം വിമർശന വിധേയമായിട്ടുണ്ട്. അന്നൊക്കെ ആ സമയത്ത് ലോകം കറങ്ങി നടക്കുന്ന രാഹുലിനെയാണ് എല്ലാവരും കണ്ടിട്ടുള്ളത്.  

പ്രധാനപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ജോഡോ യാത്ര കളിക്കലും മോദിയോട് ഏറ്റുമുട്ടാൻ  അവസരം വരുമ്പോൾ മസിനാഗുഡി വഴി ഊട്ടിയിലെക്കും മുങ്ങുന്ന പരിപാടി രാഹുൽ ഗാന്ധി ഇനിയെങ്കിലും നിർത്തിയാൽ നല്ലത്. എങ്കിൽ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി തന്നെ ആയിരിക്കും തീർച്ച. രാജ്യം കണ്ടതിൽ ഏറ്റവും പ്രതികരണ ശേഷിയുള്ള, ഒപ്പം ലോക ശ്രദ്ധ നേടുന്ന പ്രതിപക്ഷ നേതാവാകാൻ  രാഹുൽ ഗാന്ധിയ്ക്ക് കഴിയണം. ശരിക്കും ഇനി  എതിരാളികളുടെ അക്കാര്യത്തിലുള്ള സംശയം തീർക്കുകയാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ  കിട്ടുന്ന സ്ഥാനങ്ങളെല്ലാം സ്വന്തമാക്കുക, പ്രതിപക്ഷ നേതാവിന്റെ കഴിവുകൾ ജനം തിരിച്ചറിയട്ടെ.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia